Ernakulam

മഹാരാജാസ് കോളജില്‍ എസ് എഫ് ഐ നേതാവിന് കുത്തേറ്റു

മഹാരാജാസ് കോളജില്‍ എസ് എഫ് ഐ നേതാവിന് കുത്തേറ്റു
X
കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു. എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറി നാസര്‍ അബ്ദുര്‍റഹ്മാനാണ് പരിക്കേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെ കോളജിനു സമീപമാണ് സംഭവം. ആക്രമണത്തിനു പിന്നില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു. നാസര്‍ അബ്ദുര്‍ റഹ്മാന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. നാടക പരിശീലനത്തിനിടെ കോളജില്‍ എസ്എഫ്‌ഐ-ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പരിക്കേറ്റ എസ്എഫ്‌ഐ നേതാവിനെ ആദ്യം താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെവച്ചും ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയെന്നും റിപോര്‍ട്ടുണ്ട്.

കഴിഞ്ഞദിവസം മഹാരാജാസ് കോളജിലെ അറബിക് വിഭാഗത്തിലെ ഭിന്നശേഷിക്കാരനായ അധ്യാപകനെ വിദ്യാര്‍ഥി മര്‍ദിച്ചതായി പരാതിയുണ്ടായിരുന്നു. ഫ്രറ്റേണിറ്റി പ്രവര്‍ത്തകനാണ് അധ്യാപകനെ മര്‍ദിച്ചതെന്നും കോളജിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ഫ്രറ്റേണിറ്റി-കെഎസ്യു അവിശുദ്ധ സഖ്യം നിരന്തരമായി ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണെന്നുമാണ് എസ്എഫ്‌ഐ ആരോപണ. ബുധനാഴ്ച രാവിലെ 12നായിരുന്നു സംഭവം. അസി. പ്രഫസര്‍ ഡോ. കെ എം നിസാമുദ്ദീനെ അറബിക് മൂന്നാം വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് റാഷിദ് ആക്രമിച്ചെന്നായിരുന്നു പരാതി. അധ്യാപകനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതിനിടെ, വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പില്‍ മൂന്നാം വര്‍ഷ റെപ്രസന്റേറ്റീവ് സീറ്റ് പരാജയത്തെ തുടര്‍ന്ന് മഹാരാജാസ് കാംപസില്‍ എസ്എഫ്‌ഐയും മൂന്നാം വര്‍ഷ വിദ്യാര്‍ഥികളും തമ്മില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തുടര്‍ച്ചയായ ആക്രമണങ്ങളാണ് നടക്കുന്നതെന്നും ഇവര്‍തമ്മില്‍ നടന്ന ഗ്യാങ് സംഘര്‍ഷങ്ങളില്‍ ഫ്രറ്റേണിറ്റിയെ പ്രതിചേര്‍ക്കാനുള്ള എസ്എഫ്‌ഐയുടെയും മാധ്യമങ്ങളുടെയും നീക്കം പ്രതിഷേധാര്‍ഹമാണെന്നും ഫ്രറ്റേണിറ്റി പ്രസ്താവിച്ചു. ഫ്രറ്റേണിറ്റി പ്രവര്‍ത്തകന്‍ താമസിക്കുന്ന താമസ സ്ഥലത്തടക്കം കയറി മര്‍ദിച്ച എസ്എഫ്‌ഐ നേതാക്കളെ ഉള്‍പ്പെടെ വധ ശ്രമത്തിന് പോലിസ് കേസെടുത്തിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് എസ്എഫ്‌ഐയുടെ വ്യാജ പ്രചാരണമെന്നും ഫ്രറ്റേണിറ്റ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it