Latest News

മുന്നറിയിപ്പില്ലാതെ കൂട്ടഅവധി; 1.88 ലക്ഷംരൂപയുടെ നഷ്ടമുണ്ടാക്കി; 14 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ അച്ചടക്കനടപടി

മുന്നറിയിപ്പില്ലാതെ കൂട്ടഅവധി; 1.88 ലക്ഷംരൂപയുടെ നഷ്ടമുണ്ടാക്കി; 14 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ അച്ചടക്കനടപടി
X

തിരുവനന്തപുരം: അനധികൃതമായി ജോലിക്ക് ഹാജരാകാത്ത 14 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചു. കെഎസ്ആര്‍ടിസി പത്തനാപുരം യൂണിറ്റില്‍ 2024 ഏപ്രില്‍ 29, 30 തിയ്യതികളില്‍ അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന 10 സ്ഥിരവിഭാഗം ഡ്രൈവര്‍മാരെ സ്ഥലംമാറ്റുകയും നാല് ബദലി വിഭാഗം ഡ്രൈവര്‍മാരെ സര്‍വീസില്‍നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു.

യാതൊരു മുന്നറിയിപ്പുമില്ലാതെ ജീവനക്കാര്‍ കൂട്ടമായി അവധിയെടുത്തതിനാല്‍ പത്തനാപുരം യൂണിറ്റിലെ നിരവധി സര്‍വീസുകള്‍ റദ്ദ് ചെയ്യേണ്ട സാഹചര്യം ഉണ്ടാവുകയും കെഎസ്ആര്‍ടിസി സര്‍വീസുകളെ ആശ്രയിച്ചിരുന്ന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടും കെഎസ്ആര്‍ടിസിയ്ക്ക് 1,88,665 രൂപയുടെ സാമ്പത്തികനഷ്ടം ഉണ്ടാവുകയും ചെയ്തതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചതെന്ന് കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ പ്രമോജ് ശങ്കര്‍ അറിയിച്ചു.

കെഎസ്ആര്‍ടിസി സര്‍വീസുകളെ മാത്രം ആശ്രയിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാരാണ് ഉള്ളത്. ഇത്തരത്തില്‍ അപ്രതീക്ഷിതമായി സര്‍വീസുകള്‍ റദ്ദ് ചെയ്യുന്നത് കെഎസ്ആര്‍ടിസിയിലെ സ്ഥിരം യാത്രക്കാരെ മറ്റു യാത്രാമാര്‍ഗ്ഗങ്ങള്‍ തേടുന്ന സാഹചര്യത്തിലേക്ക് എത്തിക്കുമെന്നും ഒരു വിഭാഗം ജീവനക്കാരുടെ ഇത്തരത്തിലുള്ള നിരുത്തരവാദപരമായ രീതികള്‍ ഒരുതരത്തിലും അനുവദിക്കാന്‍ കഴിയില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ തുടര്‍ന്നും ഉണ്ടാകുമെന്നും ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it