Sub Lead

'സംവരണം വര്‍ഗീയ വിപത്ത്'; പ്ലസ് വണ്‍ പുസ്തകത്തിലെ പാഠഭാഗങ്ങള്‍ വിവാദത്തില്‍

സംവരണം വര്‍ഗീയ വിപത്ത്; പ്ലസ് വണ്‍ പുസ്തകത്തിലെ പാഠഭാഗങ്ങള്‍ വിവാദത്തില്‍
X

തിരുവനന്തപുരം: രാജ്യത്തെ പിന്നാക്കപട്ടിക ജനവിഭാഗങ്ങള്‍ക്ക് ഭരണഘടന വ്യവസ്ഥ ചെയ്യുന്ന സാമുദായിക സംവരണത്തെ വര്‍ഗീയ വിപത്തെന്ന് ആക്ഷേപിച്ചും പരിഹാരമായി സവര്‍ണസംവരണം ഏര്‍പ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തുമുള്ള പ്ലസ് വണ്‍ പുസ്തകത്തിലെ പാഠഭാഗങ്ങള്‍ വിവാദത്തില്‍ പ്ലസ് വണ്‍ സ്‌റ്റേറ്റ് സിലബസില്‍പ്പെട്ട ഹ്യൂമാനിറ്റീസ് ഗ്രൂപ്പിലെ സാമൂഹ്യ പ്രവര്‍ത്തനം എന്ന വിഷയത്തിലെ പാഠഭാഗത്തിലാണ് പിന്നാക്ക വിഭാഗക്കാരെ ഒന്നാകെ അവഹേളിക്കുന്ന പരാമര്‍ശമുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി എസ്‌സിഇആര്‍ടി 2019ല്‍ തയ്യാറാക്കിയതാണ് പാഠഭാഗം. സോഷ്യല്‍ വര്‍ക്ക് വിഷയം ഓപ്ഷനായി എടുത്ത വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും പഠിക്കേണ്ട പാഠഭാഗത്താണ് ഇത്തരത്തിലുള്ള പരാമര്‍ശം. വര്‍ഗീയതയുടെ പരിണിത ഫലങ്ങള്‍ എന്ന ഭാഗത്തിലാണ് അവഹേളനപരവും പ്രതിലോമകരവുമായ ഭാഗങ്ങളുള്ളത്. വര്‍ഗീയതയുടെ പരിണിതഫലങ്ങള്‍ പ്രവചനാതീതമാണെന്നും സാമൂഹിക ഐക്യം സ്ഥിരമായി തകരാറിലായേക്കാമെന്നും പറയുന്ന ഭാഗത്ത് സാമുദായിക സംഘടനകള്‍ സാമൂഹ്യ, സാംസ്‌കാരിക വികസനത്തിന് ഭീഷണിയാകുമെന്നും പറയുന്നുണ്ട്. അക്രമവും,സാമൂഹ്യ അരാജകത്വവും സമൂഹത്തില്‍ മുന്നിട്ട് നില്‍ക്കും. ലഹളകള്‍ സ്ത്രീകളെയും കുട്ടികളെയുമാണ് കൂടുതല്‍ ബാധിക്കുന്നത്. ഇത് ജനങ്ങള്‍ക്കിടയില്‍ ഭയവും ഇച്ഛാഭംഗവും സൃഷ്ടിക്കും. വര്‍ഗീയ സംഘര്‍ഷങ്ങളുടെ മറവില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടമാടുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. രാജ്യത്തെന്ന പോലെ ലോകം മുഴുവനും നേരിടുന്ന സാമൂഹിക-രാഷ്ട്രീയ പ്രശ്‌നമായ വര്‍ഗീയ നിയന്ത്രിക്കാന്‍ നമുക്ക് എന്ത് ചെയ്യാനാവുമെന്ന ചര്‍ച്ചയിലെ പരിഹാരമാര്‍ഗങ്ങളിലാണ്, വര്‍ഗീയ ഇല്ലാതാക്കാന്‍ സാമുദായിക സംവരണത്തിനു പകരം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തണമെന്നു പറയുന്നത്. രാജ്യത്ത് തന്നെ ആദ്യമായി സാമ്പത്തിക സംവരണമെന്ന പേരിട്ട് സവര്‍ണസംവരണം നടപ്പാക്കിയത് കേരളത്തിലാണ്. രാജ്യം സ്വാതന്ത്ര്യം നേടി ഏഴര പതിറ്റാണ്ട് പിന്നിട്ടിട്ടും ഭരണഘടന ഉറപ്പുനല്‍കുന്ന സാമുദായിക സംവരണം നടപ്പായിട്ടില്ലെന്ന നിരവധി കമ്മീഷന്‍ റിപോര്‍ട്ടുകളില്‍ യാതൊരു നടപടിയുമെടുക്കെ പിണറായി സര്‍ക്കാരിന്റെ നടപടിക്കെതിരേ പിന്നാക്ക വിഭാഗങ്ങള്‍ ശക്തമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, സവര്‍ണ വിഭാഗങ്ങളെ പ്രീണിപ്പിക്കുന്ന നിലപാടില്‍ നിന്ന് പിന്‍മാറാന്‍ അവര്‍ തയ്യാറായിരുന്നില്ല. സിപിഎം ഭരിക്കുന്ന കേരളസര്‍ക്കാരിന്റെ നയം വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കുന്നതാണ് പാഠപുസ്തകത്തിലെ ഭാഗങ്ങളെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ഉദ്യോഗസ്ഥരിലെ സവര്‍ണലോബിയാണ് ഇതിനു പിന്നിലെന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ശ്രീനാരായണ ദര്‍ശനവേദിയുടെ ആഭിമുഖ്യത്തില്‍ കൊടുങ്ങല്ലൂര്‍ വടക്കെ നടയില്‍ പാഠപുസ്തകത്തിലെ പാഠഭാഗങ്ങള്‍ കത്തിച്ച് പ്രതിഷേധിച്ചു.


ഇതിനുപുറമെ, വര്‍ഗീയത തടയാനുള്ള പരിഹാരമാര്‍ഗങ്ങളുടെ കൂട്ടത്തില്‍ പാരസ്പരിക മതപഠനവും ആരാധനയും പ്രോല്‍സാഹിക്കണമെന്ന നിര്‍ദേശവുമുണ്ട്. ഇതരമതങ്ങളെ കുറിച്ച് പഠിക്കുന്നത് പ്രോല്‍സാഹിപ്പിക്കപ്പെടണമെന്നതിനു പുറമെ ഇതരമത ആരാധനകളും പ്രോല്‍സാഹിപ്പിക്കണമെന്ന ഹിഡന്‍ അജണ്ട വിദ്യാര്‍ഥികളിലൂടെ നടപ്പാക്കാനാണ് ശ്രമമെന്നും ആക്ഷേപമുണ്ട്. രാഷ്ട്രീയത്തില്‍നിന്ന് മതവിശ്വാസത്തെ മാറ്റിനിര്‍ത്തുക, സാമുദായിക തീവ്രവികാരങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്ന സംഘടനകളെ നിരോധിക്കുക തുടങ്ങിയ പരാമര്‍ശങ്ങളും ഇതേ ഭാഗത്തുണ്ട്.

Next Story

RELATED STORIES

Share it