Sub Lead

സൂറത്ത്, ഇന്‍ഡോര്‍ മോഡലിന് ഗാന്ധിനഗറിലും ശ്രമം; അമിത് ഷായ്‌ക്കെതിരായ പത്രികകള്‍ പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം

സൂറത്ത്, ഇന്‍ഡോര്‍ മോഡലിന് ഗാന്ധിനഗറിലും ശ്രമം; അമിത് ഷായ്‌ക്കെതിരായ പത്രികകള്‍ പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം
X
ഗാന്ധിനഗര്‍: എതിരാളികളില്ലാതെ തിരഞ്ഞെടുക്കപ്പെടുന്ന സൂറത്ത്, ഇന്‍ഡോര്‍ മോഡല്‍ ഗാന്ധിനഗറിലും നടപ്പാക്കാന്‍ ബിജെപി നീക്കം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മല്‍സരിക്കുന്ന ഗാന്ധിനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ എതിര്‍ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് സ്ഥാനാര്‍ഥികള്‍ ആരോപിച്ചു. അമിത് ഷായുടെ ആളുകള്‍ തന്നെ തട്ടിക്കൊണ്ടുപോയെന്നും അതിനാലാണ് ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്ന് തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ നിര്‍ബന്ധിതനായതെന്നും 39 കാരനായ ജിതേന്ദ്ര ചൗഹാന്‍ പരാതിപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് ചൗഹാന്റെ ആഹ്വാനം. ഞാന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്. ഞാന്‍ എന്റെ നാട്ടുകാരോട് അപേക്ഷിക്കുകയാണ്. ഈ രാജ്യത്തെ രക്ഷിക്കൂ; അത് അപകടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം ചൗഹാന്‍ തന്റെ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. എനിക്ക് മേല്‍ സമ്മര്‍ദ്ദം ഉള്ളതിനാല്‍ ഞാന്‍ പിന്മാറിയതെന്ന് ചൗഹാന്‍ സ്‌ക്രോളിനോട് പറഞ്ഞു. ചൗഹാന്‍ ഉള്‍പ്പെടെ ഗാന്ധിനഗറിലെ മൂന്ന് സ്ഥാനാര്‍ഥികള്‍ മല്‍സരത്തില്‍ നിന്ന് പിന്മാറാന്‍ സമ്മര്‍ദ്ദം നേരിട്ടതായി സ്‌ക്രോളിനോട് പറഞ്ഞു. പ്രാദേശിക ബിജെപി പ്രവര്‍ത്തകരോ അവരുമായി ബന്ധമുള്ളവരോ ആണ് ഭീഷണിപ്പെടുത്തിയതെന്നാണ് മൂവരും ആരോപിച്ചത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ഗുജറാത്ത് പോലിസ് തങ്ങളെ പ്രേരിപ്പിച്ചതായും രണ്ടുപേര്‍ അവകാശപ്പെട്ടു. ബിജെപി കോട്ടയായ ഗാന്ധിനഗറില്‍ 1989 മുതല്‍ ബിജെപി സ്ഥാനാര്‍ഥികള്‍ മാത്രമാണ് ജയിച്ചത്. 2019ല്‍ 5.5 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് അമിത് ഷായ്ക്ക് ലഭിച്ചത്. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ 26 സീറ്റുകളും 5 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തൂത്തുവാരാനാണ് ബിജെപി ലക്ഷ്യമിടുന്നത്. തലസ്ഥാനമായ ഗാന്ധി നഗറില്‍ ഇത്തവണയും അമിത് ഷാ തന്നെയാണ് മല്‍സരിക്കുന്നത്.

മൂന്നാം ഘട്ടത്തില്‍ മെയ് ഏഴിനാണ് വോട്ടെടുപ്പ് നടക്കുന്നത്. ഗാന്ധിനഗറില്‍ ഇതുവരെ 16 സ്ഥാനാര്‍ഥികള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചു. ചൗഹാന്‍ ഉള്‍പ്പെടെ 12 പേര്‍ സ്വതന്ത്രരാണ്. നാലെണ്ണം ചെറു രാഷ്ട്രീയ പാര്‍ട്ടികളുടേതാണ്.



'എനിക്ക് പണം വാഗ്മാദം ചെയ്തു. എത്ര വേണമെങ്കിലും പറയാന്‍ പറഞ്ഞു. എനിക്ക് പണം വേണ്ട. പക്ഷേ, പിന്മാറാന്‍ എനിക്ക് കാരണങ്ങളുണ്ട്. എനിക്ക് മൂന്ന് പെണ്‍മക്കളുണ്ട്, അവരെ നോക്കണം. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍, അവര്‍ എങ്ങനെ അതിജീവിക്കുമെന്നായിരുന്നു ചൗഹാന്റെ ചോദ്യം.

സുമിത്രയെ പിന്തുടര്‍ന്നു, ബോസിനോട് സംസാരിക്കാന്‍ പറഞ്ഞു, സംഘത്തില്‍ പോലിസുകാരും...

ചൗഹാന്‍ തന്റെ വീഡിയോ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് ഏപ്രില്‍ 20ന് രാവിലെ, അഹമ്മദാബാദിലെ ചന്ദ്‌ഖേഡ പരിസരത്തുള്ള സുമിത്ര മൗര്യയുടെ വീട്ടില്‍ ഒരു ഡസനിലധികം പേരെത്തിയിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. ഗാന്ധിനഗറിലെ പ്രജാതന്ത്ര ആധാര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ് 43 കാരനായ മൗര്യ. ഒരു സംഘം വീട്ടിലെത്തിയപ്പോള്‍ രണ്ടു കുട്ടികളെ മാത്രമേ കണ്ടുള്ളൂ. ഒരാള്‍ ആറുവയസ്സും മറ്റേയാള്‍ 13 ഉം. അവര്‍ മൗര്യയുടെ പെണ്‍മക്കളായിരുന്നു. രാവിലെ 11നോടടുത്താണ് ഞാന്‍ നാമനിര്‍ദ്ദേശത്തിനായി ഗാന്ധിനഗറിലെത്തിയത്. അപ്പോള്‍ ഞാന്‍ എവിടെയാണെന്ന് വീട്ടുകാരോട് ചോദിക്കുകയും എന്നെ കാണാനും എന്നോട് സംസാരിക്കാനും ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. കുറച്ചുകഴിഞ്ഞ് അവര്‍ പോയി. എന്നാലത് എന്റെ പെണ്‍മക്കളെ വളരെയധികം ഭയപ്പെടുത്തിയെന്നും സുമിത്ര മൗര്യ പറഞ്ഞു. മൗര്യയുടെ അയല്‍വാസിയായ വിനോദ് പാണ്ഡെയാണ് അന്ന് അവരുടെ വീട്ടില്‍ ആളുകളെ കണ്ടത്. 'അവര്‍ പോയപ്പോള്‍ ഞാന്‍ പെണ്‍മക്കളുടെ അടുത്ത് പോയി പേടിക്കേണ്ടെന്ന് പറഞ്ഞു,' തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറണമെന്നാണ് അവര്‍ പറഞ്ഞതെന്ന് പിന്നീട് കേട്ടതായും അവര്‍ പറഞ്ഞു. തനിക്കും ഭര്‍ത്താവിനും അന്ന് തുടര്‍ച്ചയായി ഫോണ്‍കോളുകള്‍ വന്നതായി മൗര്യ പറഞ്ഞു. അവരുടെ ബോസിനോട് സംസാരിക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടു.



ബോസ് ആരാണെന്ന് എന്നോട് പറയില്ല. എന്തുകൊണ്ടാണ് ഞാന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതെന്ന് അവര്‍ ചോദിച്ചു. ഞാന്‍ പിന്‍മാറണമെന്നും അപറഞ്ഞു. സമീപത്ത് താമസിക്കുന്ന തന്റെ അമ്മായിയമ്മയെയും ഇവര്‍ കണ്ടുമുട്ടിയതായി മൗര്യ പറഞ്ഞു. ഞാന്‍ വൈകീട്ട് ഏഴിന് വീട്ടിലേക്ക് മടങ്ങി, ഞങ്ങളുടെ പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ് രാജേഷ് മൗര്യ കുറച്ച് ദിവസത്തേക്ക് നഗരം വിടാന്‍ നിര്‍ദ്ദേശിച്ചെന്നും അവര്‍ പറഞ്ഞു.

ഏപ്രില്‍ 21 ന് രാവിലെ എട്ടോടെ മൗര്യയും ഭര്‍ത്താവ് ഭരതും അഹമ്മദാബാദില്‍ നിന്ന് 400 കിലോമീറ്ററിലധികം യാത്ര ചെയ്ത് സോമനാഥിലേക്ക് പോയി. 'സോമനാഥില്‍ ഞങ്ങളുടെ ഹോട്ടലില്‍ മൂന്ന് പേര്‍ വന്നിരുന്നു. അവര്‍ സിവില്‍ വസ്ത്രമാണ് ധരിച്ചിരുന്നത്. ഒരാള്‍ എന്നേക്കാള്‍ പ്രായം കുറഞ്ഞ യാളാണ്. എന്നെ ലോബിയില്‍ വച്ച് കണ്ടു. എന്തുകൊണ്ടാണ് ഫോണെടുക്കാത്തതെന്നും അവന്റെ ബോസിനോട് സംസാരിക്കണമെന്നും പറഞ്ഞു. ഞാന്‍ വിസമ്മതിക്കുകയും ഈ മനുഷ്യനെ കാണിക്കാന്‍ രാജേഷ് ജിയെ വീഡിയോയില്‍ വിളിക്കുകയും ചെയ്തു. അപ്പോഴേക്കും അവന്‍ തിടുക്കത്തില്‍ ഇറങ്ങിപ്പോയി. ഇവരെല്ലാം ക്രൈംബ്രാഞ്ച് പോലിസില്‍ നിന്നുള്ളവരാണെന്ന് ഏപ്രില്‍ 21ന് സോമനാഥില്‍ നിന്ന് പുറത്തുവിട്ട വീഡിയോയില്‍ സുമിത്ര ആരോപിച്ചു. 22ന് പ്രജാതന്ത്ര ആധാര്‍ പാര്‍ട്ടിയുടെ രാജേഷ് മൗര്യ ഗുജറാത്തിലെ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്ക് കത്തെഴുതി. ഏപ്രില്‍ 20, 21 തിയ്യതികളിലെ സംഭവങ്ങളെ കുറിച്ച് വിവരിക്കുന്ന കത്തില്‍ സോമനാഥില്‍ സുമിത്രയെ പിന്തുടര്‍ന്നവര്‍ ഗുജറാത്ത് പോലിസിന്റെ ക്രൈംബ്രാഞ്ചില്‍ നിന്നുള്ളവരാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാലയളവില്‍ സുമിത്ര മൗര്യയ്ക്കും ഭര്‍ത്താവിനും ഫോണ്‍ വന്ന 12 ഫോണ്‍ നമ്പറുകള്‍ കത്തില്‍ പരാമര്‍ശിച്ചിരുന്നു.

ഈ നമ്പറുകളിലേക്ക് സ്‌ക്രോളിലെ മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചു. അതിലൊന്ന് അഹമ്മദാബാദില്‍ സ്‌കൂള്‍ നടത്തുന്ന ജിഗ്‌നേഷ് മൗര്യയുടേതാണ്. രാജേഷ് മൗര്യ ജിയുമായി ബന്ധപ്പെടാന്‍ ഞാന്‍ സുമിത്രജിയെ വിളിച്ചിരുന്നു. 2017 വരെ താന്‍ ബിജെപി അംഗമായിരുന്നു. എനിക്ക് രാജേഷ് ജിയെ നന്നായി അറിയാം. സമ്മര്‍ദ്ദം ചെലുത്താന്‍ വേണ്ടിയല്ല ഞാന്‍ വിളിച്ചതെന്നാണ് ജിഗ്‌നേഷ് പറയുന്നത്. സുമിത്ര മൗര്യയെ നാമനിര്‍ദ്ദേശം ചെയ്തതിനെ അഭിനന്ദിക്കാനാണ് താന്‍ വിളിക്കുന്നതെന്ന് രണ്ടാമത്തെ ഫോണ്‍ വിളിച്ച വിനോദ് മൗര്യ പറഞ്ഞു. എന്നാല്‍, ആരോപണങ്ങള്‍ ബിജെപി നിഷേധിച്ചു. ഗുജറാത്തിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് വികാസ് സഹായിന് സ്‌ക്രോള്‍ ചോദ്യങ്ങള്‍ അയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്.

ഗുജറാത്തിലെ സൂറത്ത് ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. മുഖ്യ എതിരാളിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളുകയായിരുന്നു. പത്രികയിലെ ഒപ്പ് വ്യാജമാണെന്ന ബിജെപിയുടെ പരാതിയില്‍ അന്വേഷണം നടത്തിയപ്പോള്‍, സ്ഥാനാര്‍ഥിയുടെ കുടുംബക്കാര്‍ തന്നെ മറുപക്ഷത്തോടൊപ്പം ചേര്‍ന്നു. ഡമ്മി സ്ഥാനാര്‍ഥിയുടെയും പത്രിക തള്ളി. പിന്നാലെ ബിഎസ്പി ഉള്‍പ്പെടെയുള്ള എട്ട് സ്ഥാനാര്‍ഥികളും പത്രിക പിന്‍വലിച്ചതോടെയാണ് ബിജെപി എതിരില്ലാതെ ജയിച്ചത്. ഇന്‍ഡോറിലും സമാന രീതിയില്‍ കോണ്‍ഗ്രസിന്റെ പത്രിക പിന്‍വലിക്കുകയായിരുന്നു. പത്രിക നല്‍കാനുള്ള അവസാന സമയം കഴിഞ്ഞ ശേഷം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍വലിക്കുകയായിരുന്നു. ഇതോടെ, അവിടെ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയില്ലാതായി. ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചത്. രണ്ടിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിജെപിയില്‍ ചേരുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it