- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആധാരമെഴുത്ത്
BY TK tk29 Dec 2015 12:11 PM GMT
X
TK tk29 Dec 2015 12:11 PM GMT
'...ആയിരത്തി ഒരുന്നൂറ്റി ഒന്ന് കുംഭമാസം പതിനെട്ടാം തീയതി കൊല്ലം ജില്ലയില്‍ ചെങ്ങന്നൂര്‍ പ്രദേശത്ത് കുരട്ടിശ്ശേരി പകുതിയില്‍ വിഷവര്‍ശേരിക്കര മുറിയില്‍ പനമൂട്ടില്‍ എന്ന നെടുമുറ്റത്ത് വീട്ടില്‍ താമസക്കാരനായ മുസല്‍മാനായ കച്ചവടക്കാരന്‍ അറുപത്തിഒന്നുവയസും നാലുമാസവും പ്രായമുള്ള മാന്യശ്രീ അബ്ദുല്‍റഹമാന്‍ മകന്‍ കച്ചവടം തൊഴിലുള്ള മുപ്പത്തിഒന്ന് വയസ് പൂര്‍ത്തിയായ മുസല്‍മാന്‍ അഹമ്മദ്കുഞ്ഞു പേര്‍ക്ക് ടി പകുതിയില്‍ പാവുക്കര മുറിയില്‍ കൃഷി തൊഴിലാക്കിയ മരണപ്പെട്ടുപോയ അന്‍പത്തിയെട്ടുവയസുണ്ടായിരുന്ന നസ്രാണി ഉമ്മച്ചന്‍ മാത്യൂ മകന്‍ നെല്‍കൃഷിക്കാരനായ ഔസപ്പ് എന്നുവിളിക്കുന്ന നസ്രാണിജോസഫ് തീറാധാരമാവിതായി സകലവിധ അവകാശ...' (1101 കുംഭം 18) 'ആയിരത്തിതൊള്ളായിരത്തി അന്‍പത് ഇംഗഌഷ് ആഗസ്റ്റ് മാസം ഏഴാം തീയതി കുരട്ടിശ്ശേരി പകുതിയില്‍ പാവുക്കര മുറിയിയില്‍ കരുവേലില്‍ പുത്തന്‍പുരയില്‍ വീട്ടില്‍ താമസം നസ്രണി ഏബ്രബാം മകന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ജീവിതം ഇരുപത്തി അഞ്ചുവയസ്സുള്ള നസ്രാണി ചാക്കോ പേര്‍ക്ക് ടി മുറിയില്‍ അത്തിത്തറയില്‍ മുസല്‍മാന്‍ മുഹമ്മദുകുഞ്ഞു മകന്‍ തയ്യല്‍ ജോലിയില്‍ ഏര്‍പ്പെട്ട അന്‍പത്തിരണ്ടു വയസ്സുള്ള മുതലാളി എന്നു വിളിപ്പേരുള്ള ഹമീദുകുഞ്ഞിന സന്തോഷസമാനമായി എഴുതിക്കൊടുത്ത...' (1950, ആഗസ്റ്റ് 7) എന്‍ പി അബ്ദുല്‍ അസീസ് രണ്ടു വ്യത്യസ്ത കാലങ്ങളില്‍ തയ്യാറാക്കിയ രണ്ട് ആധാരങ്ങളിലെ ചില ഭാഗങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഒരു ജനതയുടെ ഭാഷയിലും കാഴ്ചപ്പാടിലും വന്ന മാറ്റങ്ങള്‍ ഈ ആധാരങ്ങളുടെ ഭാഷയിലും തെളിഞ്ഞു കാണാം. മനുഷ്യന്‍ ചിന്തിക്കാന്‍ തുടങ്ങിയ കാലം മുതല്‍ അവന്റെ തലച്ചോറില്‍ ഒരു ചോദ്യം ഉയര്‍ന്നിരുന്നു. താന്‍ എവിടെ നിന്നു വന്നു? ഇനി എവിടേക്കു പോകുന്നു? എങ്ങനെ ഇവിടെയെത്തി? നാം താമസിക്കുന്ന ഭൂമി ആരുടേതാണ്? ആരാണ് ഇതിന്റെ യഥാര്‍ഥ അവകാശി? അതിന് ഓരോ കാലത്തും ഓരോ ഉത്തരങ്ങളാണുണ്ടായിരുന്നത്. ആദ്യമാദ്യം ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും എന്ന വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പതുക്കെപ്പതുക്കെ മനുഷ്യനെ മനുഷ്യന്‍ ഭരിക്കുന്ന കാലം വന്നു. എന്റേതെന്നും നിന്റേതെന്നുമുള്ള ചിന്ത ഉടലെടുത്തു. ഭൂമിയായിരുന്നു അക്കാലത്തെ ഏറ്റവും വലിയ സമ്പത്ത്. കൂടുതല്‍ ഭൂമിയുള്ളവന്‍ കൂടുതല്‍ കരുത്തനായി. കരുത്തന്‍ കൂടുതല്‍ ഭൂമി കൈക്കലാക്കുകയും ചെയ്തു. അടിമയും ഉടമയും ജന്മിയും കുടിയാനും ഇങ്ങനെ ഭൂവുടമകളും ദരിദ്രരും വ്യത്യസ്ത പേരുകളില്‍ അറിയപ്പെട്ടു. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് ഭൂമി കൈമാറിപ്പോകുമ്പോള്‍ അതിന് ഒരു വ്യവസ്ഥ വേണമല്ലോ എന്ന് സ്വാഭാവികമായും മനുഷ്യന്‍ ചിന്തിച്ചു. ലോകത്തെവിടെയും ഇത്തരം ആലോചനകള്‍ ഉണ്ടായിട്ടുണ്ട്. നമ്മുടെ നാട്ടിലും അതുണ്ടായി. കണ്ടെഴുത്തും കേട്ടെഴുത്തും ആധാരങ്ങളും പട്ടയങ്ങളും രജിസ്‌ട്രേഷനുകളും ഒക്കെ ഈ ആലോചനയുടെ ഫലങ്ങളാണ്. കേരളത്തില്‍ ആധുനികരീതിയിലുള്ള ഭൂമി രജിസ്‌ട്രേഷന്‍ ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത് 150 കൊല്ലം മുമ്പ് ബ്രിട്ടിഷ് സര്‍ക്കാരാണ് അതിനു മുമ്പും മറ്റു പല രൂപങ്ങളില്‍ അത് കേരളത്തില്‍ നിലനിന്നിരുന്നെങ്കിലും. അവകാശരേഖയുടെ തുടക്കം പട്ടയവും കൈവശാവകാശരേഖയും ആധാരവും മറ്റു സംവിധാനങ്ങളും വരുന്നതിനു മുമ്പെ ഭൂമിയെല്ലാം ഓരോരോ കാലത്തെ ഭരണാധികാരികളുടേതായിരുന്നു. അവരെ പ്രീതിപ്പെടുത്തുന്നവര്‍ക്ക് ഇഷ്ടദാനമായി ഭൂമി നല്‍കുകയായിരുന്നു പൊതുരീതി. എന്നാല്‍, ഇതില്‍ പലതിനും അക്കാലത്ത് രേഖകളില്ലായിരുന്നു. ഭൂമി ദാനം ചെയ്തുകൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ ചെമ്പുതകിടുകളില്‍ രേഖപ്പെടുത്തുന്ന രീതി ചിലയിടങ്ങളില്‍ കാണാമെങ്കിലും ആധുനികകാലത്തെ കൈവശാവകാശരേഖയുടെ കൃത്യതയോടെയുള്ള സ്വഭാവമായിരുന്നില്ല അതിന്. പില്‍ക്കാലത്ത് താളിയോലയ്ക്കു സമാനമായ രേഖകള്‍ നല്‍കിയെങ്കിലും അതും അധികകാലം നിലനിന്നില്ല. കാലക്രമത്തില്‍ വസ്തുസംബന്ധമായ സര്‍വെ നടത്താന്‍ ഭരണാധികാരികള്‍ തീരുമാനിച്ചപ്പോള്‍ വ്യക്തമായ രേഖകള്‍ ആരുടെയും കൈയില്‍ ഇല്ലാതിരുന്നതിനാല്‍ ഉടമകളില്‍നിന്നും കേട്ടറിവിന്റെ അടിസ്ഥാനത്തിലായിരുന്നു രേഖകള്‍ തയ്യാറാക്കിയത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കണ്ടെഴുത്ത് ആധാരമാക്കിയുള്ള രേഖകളും തയ്യാറാക്കി. കേരള സംസ്ഥാനം രൂപം പ്രാപിക്കുന്നതിനു മുമ്പെ ഭൂമിയെ വരണ്ടതെന്നും ഈര്‍പ്പമുള്ളതെന്നും തോട്ടംഭൂമിയെന്നും തരംതിരിച്ചുകൊണ്ടുള്ള സംവിധാനം മലബാര്‍ പ്രദേശത്തു നിലവിലിരുന്നു. 1826നും 1834നും ഇടയിലായിരുന്നു ഇത്. ഈ സംവിധാനത്തിലൂടെ പരമാവധി വരുമാനമുണ്ടാക്കാന്‍ മലബാര്‍ പ്രവിശ്യ ഭരിച്ചിരുന്ന ബ്രിട്ടിഷ് ഭരണാധികാരികള്‍ക്കായി. രജിസ്‌ട്രേഷന്‍ സംവിധാനം 1850കളില്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ കച്ചവടക്കാരനായെത്തിയ മര്‍ഡോക്ക് ബ്രൗണ്‍ പ്രഭുവാണ് ആധുനിക രീതിയിലുള്ള രജിസ്‌ട്രേഷന്‍ സംവിധാനത്തിന് തുടക്കം കുറിച്ചത്. 1767ല്‍ തന്നെ ഈസ്റ്റ് ഇന്ത്യ കമ്പനി കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടിയില്‍ ഒരു സുഗന്ധവ്യഞ്ജനത്തോട്ടം സ്ഥാപിച്ചിരുന്നു. കറുവ, കുരുമുളക്, ഏലം, ജാതി തുടങ്ങിയവയായിരുന്നു പ്രധാന വിളകള്‍. ഇവ സംസ്‌കരിക്കുന്നതിനായി ഒരു സംസ്‌കരണശാലയും നിര്‍മിച്ചിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജനസംസ്‌കരണശാലയായിരുന്നു അത്. പഴശ്ശിരാജയായിരുന്നു അക്കാലത്ത് ആ പ്രദേശം ഭരിച്ചിരുന്നത്. എന്നാല്‍, ഈ തോട്ടങ്ങള്‍ക്കെന്നല്ല സമീപപ്രദേശത്തുള്ള ഭൂമിക്കും വ്യക്തമായ രേഖകളോ ആധാരങ്ങളോ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ തൊട്ടടുത്ത ഭൂമി കൈമാറ്റം നടക്കുമ്പോള്‍ കമ്പനി ഭൂമിയും അതില്‍ ഉള്‍പ്പെടുമായിരുന്നു. ഇതു പലപ്പോഴും തര്‍ക്കങ്ങള്‍ക്ക് വഴി വച്ചു. കമ്പനിയുടെ ഭൂമി സംബന്ധമായ രേഖകള്‍ സൂക്ഷിക്കാന്‍ ഔദ്യോഗികമായ ഒരു സംവിധാനം നിലവിലില്ലാത്തതായിരുന്നു അതിന് ഒരു കാരണം. മാത്രമല്ല, ആ ഭൂമിയിലുള്ള മരങ്ങളുടെയും തോട്ടങ്ങളുടെയും മലകളുടെയും കണക്കുകളും ലഭ്യമായിരുന്നില്ല. ഇതിനു പരിഹാരമായി തന്റെ കൈയൊപ്പുള്ള ഭൂമി മാത്രമേ ക്രയവിക്രയം നടത്താവൂ എന്ന് ബ്രൗണ്‍ നാട്ടുകാരെ അറിയിച്ചു. അതിനു ബ്രിട്ടിഷ് സര്‍ക്കാരിന്റെ പിന്‍ബലവും ഉണ്ടായിരുന്നു. കൂടാതെ, വസ്തുസംബന്ധമായ റിക്കാര്‍ഡുകള്‍ സൂക്ഷിക്കാന്‍ തോട്ടം ഓഫിസില്‍ പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച് തോട്ടത്തിലെ പല ജീവനക്കാരുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചകളാണ് ഭൂമിയുടെ രേഖ ആധികാരികമാക്കാന്‍ രജിസ്‌ട്രേഷന്‍ ഓഫിസ് വേണമെന്ന ആശയത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. ബ്രിട്ടിഷ് സര്‍ക്കാരിനും ഇത് സ്വീകാര്യമായിരുന്നു. 1864 ഡിസംബര്‍ അഞ്ചിന് ജി ഒ.1744 അനുസരിച്ച് ബ്രിട്ടിഷ് സര്‍ക്കാര്‍ ബ്രൗണിനെ ആദ്യത്തെ ഡെപ്യൂട്ടി രജിസ്ത്രാര്‍ ആയി നിയമിച്ചു. അങ്ങനെ 1865 ജനുവരി ഒന്നിന് ജില്ലാ രജിസ്ത്രാരുടെ ഒരു ഓഫിസ് തലശ്ശേരിയില്‍ തുറന്നു. അതേ വര്‍ഷം ഫെബ്രുവരി ഒന്നിന് കേരളത്തിലെ എന്നല്ല, ഇന്ത്യയിലെ ആദ്യത്തെ സബ് രജിസ്ത്രാര്‍ ഓഫിസ് അഞ്ചരക്കണ്ടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1764ല്‍ പണികഴിപ്പിച്ച തോട്ടം ഓഫിസിലായിരുന്നു സബ്‌രജിസ്ത്രാര്‍ ഓഫിസിന്റെ പ്രവര്‍ത്തനം. ആ പഴയകാല കെട്ടിടം ഇന്നും അവിടെ അതേപടി നിലനില്‍ക്കുന്നു. ഭൂമി രജിസ്റ്റര്‍ സംബന്ധിച്ച രേഖകള്‍ മാത്രമല്ല, മരങ്ങളും മലകളും കുന്നുകളും താഴ്‌വാരങ്ങളും സംബന്ധിച്ച വ്യക്തമായ കണക്കുകളും അദ്ദേഹം ഇവിടെ സൂക്ഷിച്ചു. ആ വര്‍ഷം തന്നെ മലബാറിന്റെ മറ്റു പ്രദേശങ്ങളിലും രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. 1868ല്‍ (1043 ധനു ഒന്നിന്) തിരുവിതാംകൂറിലും 1875ല്‍(1050 ഇടവം ഒന്നിന്) കൊച്ചിയിലും വകുപ്പിന്റെ പ്രവര്‍ത്തനം തുടങ്ങി. 1956ല്‍ കേരള സംസ്ഥാനം രൂപീകൃതമായതിനു ശേഷമാണ് ഇപ്പോഴത്തെ രജിസ്‌ട്രേഷന്‍ വകുപ്പ് രൂപീകരിച്ചത്. 1883-1928 കാലഘട്ടത്തില്‍ത്തന്നെ സര്‍വെ വകുപ്പും ആരംഭിച്ചിരുന്നു. മക്‌ഡൊണാള്‍ഡ് തന്നെയായിരുന്നു ആദ്യ രജിസ്ത്രാര്‍ ജനറല്‍. അക്കാലത്ത് മദ്രാസ് പ്രവിശ്യയില്‍ റവന്യൂവകുപ്പിന്റെ കീഴിലുള്ള വകുപ്പായിരുന്നു സര്‍വെ. മദ്രാസ് പ്രവിശ്യയില്‍ രജിസ്‌ട്രേഷന്‍ വകുപ്പിനു മാത്രമായി വിജ്ഞാപനമിറക്കാന്‍ പ്രത്യേക ഗസറ്റും പ്രസിദ്ധീകരിച്ചിരുന്നു. കേരള സംസ്ഥാനം രൂപം പ്രാപിച്ചതിനു ശേഷം ഭരണ സൗകര്യത്തിനായി ജില്ല, താലൂക്കു കേന്ദ്രീകരിച്ച് സര്‍വെ, സബ് രജിസ്ത്രാര്‍ വകുപ്പുകളെ പുനസ്സംഘടിപ്പിച്ചു. സാക്ഷിക്കൂടും കോടതിയും വസ്തുസംബന്ധമായ പരാതികള്‍ കേള്‍ക്കാന്‍ അക്കാലത്ത് രജിസ്ത്രാര്‍ക്ക് പ്രത്യേക ഇരിപ്പിടം തന്നെയുണ്ടായിരുന്നു. ഇപ്പോഴത്തെ കോടതിക്കു സമാനമായ സംവിധാനങ്ങള്‍ തന്നെ. അവിടെ സാക്ഷിക്കൂടും ഉണ്ടായിരുന്നു. രജിസ്റ്റര്‍ സൂക്ഷിക്കാന്‍ പ്രത്യേകതരം പെട്ടി, ആധാരം രജിസ്റ്റ്ര്‍ ചെയ്യുന്നതിനു പ്രത്യേകതരം മുദ്ര, അത് സൂക്ഷിക്കുന്ന പ്രത്യേക തുകല്‍സഞ്ചി, പട്ട, തോല തുടങ്ങിയവയെല്ലാം അക്കാലത്തെ ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഉപകരണങ്ങളില്‍പ്പെട്ടിരുന്നു. അരി കരിച്ചുണ്ടാക്കുന്ന പ്രത്യേകതരം മഷിയും മഷിപ്പലകയും എഴുതാനായി തൂവല്‍ പേനയുമാണ് ഉപയോഗിച്ചിരുന്നത്. ആദ്യകാല വസ്തുവിന്റെ ആധാരങ്ങള്‍ക്കായി ഒരണ മുതല്‍ മുകളിലോട്ട് ഇന്ത്യന്‍ റുപ്പികവരെ തുകയ്ക്കുള്ള സ്റ്റാമ്പ് പേപ്പറുകളാണ് ഉപയോഗിച്ചിരുന്നത്. അവയിലെല്ലാം അക്കാലത്തെ ഓരോ പ്രദേശത്തെയും രാജാക്കന്മാരുടെ ചിത്രവും ആലേഖനം ചെയ്തിരുന്നു. കേരളത്തില്‍ അക്കാലത്ത് പ്രചാരത്തിലിരുന്ന തമിഴ്കലര്‍ന്ന 'മലയാലമ' ഭാഷയിലും തമിഴിലും ആധാരം എഴുതിയിരുന്നതായി കാണാം. കൊല്ലം ജില്ലാ സബ് രജിസ്ത്രാര്‍ ഓഫിസില്‍ അത്തരത്തില്‍ ആധാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മലയാളഭാഷാ പണ്ഡിതന്മാരും വ്യാകരണവ്യാഖ്യാതാക്കളുമായിരുന്നു ഇവ എഴുതിയിരുന്നത്. വിലയാധാരം, പാട്ടാധാരം, തീറാധാരം എന്നിവയ്‌ക്കെല്ലാം വേറിട്ട ചില വാക്കുകളും അക്കാലത്ത് ഉപയോഗിച്ചിരുന്നതായി കാണാം. പിന്നീടാണ് വെണ്ടര്‍ എന്ന നിലയില്‍ ആധാരമെഴുത്തുകാര്‍ നിലവില്‍ വരുന്നത്. ആദ്യകാല ആധാരമെഴുത്തിന്റെ ഭാഷാശൈലിയും വേറിട്ടതായിരുന്നു. സ്റ്റാമ്പ് പേപ്പറിന്റെ ഒരു പേജുമുഴുവനായും ഒരു വാക്യം എഴുതുന്ന രീതിയാണ് ഉണ്ടായിരുന്നത്. പലപ്പോഴും അക്ഷരങ്ങള്‍ വായിക്കാനും ബുദ്ധിമുട്ടാണ്. ചിലയിടങ്ങളില്‍ ഉപയോഗിക്കുന്ന ലിപി മറ്റിടങ്ങളില്‍ ഉണ്ടായില്ലെന്നും വരാം. ആദ്യകാലത്ത് മലയാള അക്കങ്ങളാണ് വ്യാപകമായി ഉപയോഗിച്ചിരുന്നത്. ആധാരത്തില്‍ കക്ഷികളുടെ മതവും ജാതിയും സൂചിപ്പിച്ചിരുന്നു. മുസല്‍മാന്‍, മുഹമ്മദീയന്‍, നസ്രാണി, പിള്ള, പണിക്കര്‍ എന്നൊക്കെ ആധാരങ്ങളില്‍ കക്ഷികളെ വിശേഷിപ്പിക്കുമായിരുന്നു. ഉന്നതകുലജാതിക്കാരുടെ ആധാരത്തില്‍ ശ്രീ, മാന്യശ്രീ, ബഹുമാനശ്രീ, മഹാശ്രീ എന്നും ഉപയോഗിച്ചിരുന്നതായി കാണാം. കക്ഷികളുടെ പ്രായവും വയസ്സും മാസവുമുള്‍പ്പെടെയും ചില ആധാരങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ ഏറെ പഴക്കംചെന്ന ആധാരങ്ങളുടെ കൂട്ടത്തില്‍ ശ്രീനാരായണഗുരുവിന്റെ ആധാരവും ഉള്‍പ്പെടുന്നു. കേരളത്തിലെ ചില ദേവാലയങ്ങള്‍ക്ക് രാജഭരണകാലത്ത് ഭൂമി പതിച്ചുനല്‍കിയതിന്റെ രേഖയായി ചെമ്പുപട്ടയവും നല്‍കിയിരുന്നതായി പറയുന്നു. ചില സമുദായസംഘടനകള്‍ക്ക് ഒരു രൂപാ പാട്ടത്തിന് നിരവധി ഏക്കര്‍ ഭൂമിയും പതിച്ചുനല്‍കിയിട്ടുണ്ട്. ഭൂമിയുടെ കരം പിരിക്കാന്‍ പ്രത്യേകവിഭാഗം ജീവനക്കാരെയും നിയമിച്ചിരുന്നു. വില്ലേജും പഞ്ചായത്തും വേര്‍തിരിക്കുന്നതിനു മുമ്പെ വില്ലേജ് പഞ്ചായത്തുകളാണ് കരം പിരിച്ചിരുന്നത്. ഇന്റര്‍നെറ്റ്‌യുഗം ആരംഭിച്ചതോടെ താളിയോലയില്‍നിന്നു പെന്‍ഡ്രൈവ് മുതല്‍ മൈക്രോചിപ്പുകളില്‍വരെയായി ലോകത്തിലെ എല്ലാ വിവരങ്ങള്‍ക്കൊപ്പം ഭൂമി സംബന്ധമായ വിവരങ്ങളും. കേരളത്തിന്റെ എല്ലാ മുക്കുമൂലകളിലുമുള്ള ഇതുസംബന്ധമായ ഏതു വിവരവും നിമിഷങ്ങള്‍ക്കുള്ളില്‍ കിട്ടാനുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍ തയ്യാറായിട്ടുണ്ട്. അഞ്ചരക്കണ്ടിയിലെ ഇന്ത്യയിലെ ആദ്യത്തെ സബ് രജിസ്ത്രാര്‍ ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചതിന്റെ വാര്‍ഷികാഘോഷങ്ങള്‍ അവസാനിക്കുകയാണ്. ഭൂമി സംബന്ധമായ വ്യവഹാരങ്ങളുടെ കഥ മലയാള ഭാഷയിലെ പരിണാമവും സൂചിപ്പിക്കുന്നതാണ് രജിസ്‌ട്രേഷന്റെ കഥ. |
Next Story
RELATED STORIES
ചേലക്കരയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 3920 വോട്ട്
23 Nov 2024 12:23 PM GMTനായ സ്കൂട്ടറിന് വട്ടം ചാടി; ടിപ്പറിടിച്ച് യുവതി മരിച്ചു
23 Nov 2024 12:15 PM GMTഹേമ കമ്മിറ്റി റിപോര്‍ട്ടിലെ മൊഴികളില്‍ കേസെടുക്കണമെന്ന് വനിതാ...
23 Nov 2024 12:11 PM GMT''ഷാ-മോദി സഖ്യത്തിന്റെ ലാന്‍ഡ് ജിഹാദ്, ലവ് ജിഹാദ് പ്രചാരണം പൊളിഞ്ഞു''...
23 Nov 2024 11:24 AM GMTവിജയത്തോടടുത്ത് മഹായുതി; വോട്ടര്‍മാരോട് നന്ദി പറഞ്ഞ് ഏകനാഥ് ഷിന്‍ഡെ;...
23 Nov 2024 11:00 AM GMTപാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം:ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകള്‍...
23 Nov 2024 10:47 AM GMT