azchavattam

കഥാവശേഷന്റെ ഒടുവിലത്തെ ആളല്‍

കഥാവശേഷന്റെ ഒടുവിലത്തെ ആളല്‍
X
kadavaseshan

രാവിലെ പത്രം കിട്ടിയാല്‍ വേര്‍പാടിന്റെ പുറമാണ് ആദ്യം നോക്കുക. മാര്‍ച്ച് 3ലെ പത്രത്തില്‍, ചരമകോളത്തില്‍ കുഞ്ഞാമു പുറക്കാടിന്റെ ഫോട്ടോ കണ്ട് അല്‍പനേരം അതിലേക്കു നോക്കിയിരുന്നുപോയി. 70കളിലെ ചെറുപ്പക്കാരന്റെ ഹെയര്‍സ്റ്റൈല്‍. ഒരു തൊഴിലാളിയുടെ ദാര്‍ഢ്യമുള്ള മുഖത്തെ മാംസപേശികള്‍. സൗമ്യമായ ഭാവം, നടുക്കമൊന്നുമുണ്ടായില്ലെങ്കിലും ഉള്ളിലെവിടെയോ ഒരു നേര്‍ത്ത നൊമ്പരം. അത് ആരുമായെങ്കിലും പങ്കുവയ്ക്കണമെന്നു തോന്നി. കുഞ്ഞാമുവിനെ അറിയുന്ന ചങ്ങാതിയെ വിളിച്ചു. 'അങ്ങനെ എത്ര എഴുത്തുകാര്‍! അറിയപ്പെടാതെ അവസാനിക്കുന്നു' ഒറ്റവാചകത്തില്‍ പ്രതികരണമൊതുങ്ങി. കുറ്റം പറഞ്ഞുകൂടാ. ഒരു മരണവാര്‍ത്ത നമ്മുടെ മനസ്സില്‍ ഉടക്കണമെങ്കില്‍ ഏതെങ്കിലും തരത്തില്‍ മരിച്ചയാളുമായി നമുക്കൊരു ബന്ധമുണ്ടായിരിക്കണം.
വീണ്ടും വാര്‍ത്തയിലേക്കു നോക്കി:

നന്ദിബസാര്‍. 'കുഞ്ഞാമു പുറക്കാട്' എന്ന പേരില്‍ കഥകളെഴുതാറുള്ള പുറക്കാട് പാറേമല്‍ കുഞ്ഞാമു (68).
ഏഴു ദശകത്തോളം ഇവിടെ ജീവിച്ചു മരിച്ചുപോയ ഒരു കഥയെഴുത്തുകാരന്റെ ചരമക്കുറി അവിടെ ചുരുങ്ങി.
കുഞ്ഞാമു പുറക്കാട് എന്ന എഴുത്തുകാരനുമായി എനിക്കത്ര അടുപ്പമൊന്നുമില്ല. എങ്കിലും 80കളുടെ അവസാനം കോഴിക്കോട് വെള്ളിമാടുകുന്നില്‍ പത്രക്കാരനായി ജോലി ചെയ്യുന്ന കാലം തൊട്ടേ അറിയാം. വല്ലപ്പോഴും-ചിലപ്പോള്‍ വര്‍ഷങ്ങള്‍ കൂടിയാവും-ഒരു കഥയുമായി വരും. അത് അച്ചടിച്ചു വന്നാല്‍ നീണ്ടകാലത്തെ ഗ്യാപ്പിനു ശേഷമാവും മറ്റൊരു കഥയുമായി വരുക. 'എഴുതിപ്പോയ' കഥയുടെ പ്രകാശനത്തിനപ്പുറം പ്രതിഫലത്തെയോ പ്രശസ്തിയെയോ കുറിച്ച് യാതൊരു ആര്‍ത്തിയുമില്ല. കഥാകാരന്‍മാര്‍ പൊതുവെ സെല്‍ഫ് മാര്‍ക്കറ്റിങുകാരായ ഇക്കാലത്ത് അതിനെക്കുറിച്ചൊന്നും വേവലാതിയില്ല. അതിനുള്ള ചെട്ടിമിടുക്കുമില്ല. ഇങ്ങനെ എത്രയോ എഴുത്തുകാര്‍ നമുക്കിടയില്‍ ജനിച്ചു ജീവിച്ചു മരിച്ചുപോവുന്നു! [related]
'വീടിനു ചുറ്റും കോഴികള്‍' എന്ന ഒരു പുസ്തകത്തിന്റെ രചയിതാവെന്ന നിലയിലാണ് കുഞ്ഞാമു പുറക്കാടിനെ ആദ്യമായറിയുന്നത്. ആ പേരും അതിനൊപ്പമുള്ള ചിത്രവും ആകര്‍ഷണീയമായി തോന്നി. പിന്നീടാണ് കഥയുമായി പത്രമോഫിസില്‍ വരാന്‍ തുടങ്ങിയത്. കഥ തരും; പോവും. പിന്നെ കുറേ കാലത്തേക്ക് ഒരു വിവരവുമുണ്ടാവില്ല. വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിക്കാറില്ല. എഴുത്തുകാരായ ചങ്ങാതിമാരുള്ളതായി അറിവില്ല. സാഹിത്യക്കൂട്ടായ്മകളിലൊന്നും കാണാറില്ല.
ഏതാനും മാസം മുമ്പ്- വളരെ കാലത്തിനുശേഷമാണ്- കുഞ്ഞാമു എന്നെ തേടി 'തേജസ്' ഓഫിസിലെത്തി. ഒരു മാറ്റര്‍ തരാന്‍ വന്നതാണ്. പതിവില്ലാതെ ആദ്യമായല്‍പം വ്യക്തിപരമായ ചില കാര്യങ്ങള്‍ സംസാരിച്ചു: രണ്ടു പെണ്‍മക്കളെ കെട്ടിച്ചയച്ചു. പ്രവാസജീവിതം ഇനിയാവില്ല. ഇടയ്‌ക്കെന്തെങ്കിലുമെഴുതണം. എഴുതാതിരിക്കാനാവില്ല. പത്രമോഫിസുകളില്‍ കയറിയിറങ്ങാന്‍ മടി തോന്നുന്നു. കഥാകാരന്‍മാരെന്നഭിമാനിക്കുന്ന പത്രാധിപന്‍മാര്‍ പോലും നിന്ദയോടെ പെരുമാറുന്നു... സ്വതേ അന്തര്‍മുഖനായ ഒരു കഥാകാരനെ തിരിച്ചറിയാന്‍ ആരും ശ്രമിക്കുന്നില്ലല്ലോ എന്നോര്‍ത്തു.
കഴിഞ്ഞ തിങ്കളാഴ്ച (മാര്‍ച്ച് 7) രാവിലെ അടുത്ത ആഴ്ചവട്ടം ഒരുക്കുന്ന    തിനെക്കുറിച്ച് സഹപ്രവര്‍ത്തകന്‍      ബാബുരാജുമായി സംസാരിച്ചിരിക്കവെ പുറക്കാട്ടു നിന്നൊരു ചെറുപ്പക്കാരന്‍ കടന്നുവന്നു. കുഞ്ഞാമുവിന്റെ അയല്‍വാസിയാണ്. മരിക്കുന്നതിന്റെ തലേന്ന് (മാര്‍ച്ച് 2) എന്റെ വിലാസമെഴുതി പിറ്റേന്നു രാവിലെ പോസ്റ്റ് ചെയ്യാന്‍ സ്വന്തം മകളെ കുഞ്ഞാമു ഏല്‍പിച്ച ഒരു കവര്‍ അഷ്‌റഫ് തന്നു. അതു പൊട്ടിച്ചു നോക്കുന്നത് ശരിയല്ലെന്നവര്‍ക്കു തോന്നി.
വെറും ഔപചാരികമായ വരികള്‍
2.3.2016 തിയ്യതി വച്ചെഴുതിയ രണ്ടു വാചകത്തിലുള്ള ഒരു കത്തും 'തീപ്പെട്ടി' എന്ന കഥയുമാണതിലുണ്ടായിരുന്നത്.
ഒരുപക്ഷേ, മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പെ എഴുതി പൂര്‍ത്തിയാക്കിയ കഥയാവാമിത്. സൃഷ്ടിയുടെ മുഹൂര്‍ത്തത്തില്‍ എല്ലാ കഥാകാരന്‍മാരും അനുഭവിക്കാറുള്ള ഉന്‍മാദമൂര്‍ച്ഛയുടെ അവസാനം, ദേഹി ദേഹത്തോടു വിടപറയും മുമ്പാവാം ഈ കഥ സംഭവിച്ചത്. തീര്‍ച്ചയില്ല. അങ്ങനെയെങ്കില്‍ അതില്‍ ഒരു ജീവന്റെ അവസാനത്തെ ആളലുണ്ട്. പൊതിഞ്ഞുവച്ച രതിഭാവമുണ്ടെങ്കിലും വടക്കെ മലബാറിന്റെ കാര്‍ഷികസംസ്‌കൃതിയും വാമൊഴി ചന്തവുമുള്ള കഥ.
ഈ കഥയെക്കുറിച്ചോ കഥാകാരനെക്കുറിച്ചോ ആരും എഴുതാനിടയില്ല. അനുശോചനയോഗം കൂടാനും കഥാചര്‍ച്ച നടത്താനും സാധ്യതയില്ല. ചരമകോളത്തിലൊരു സാധാരണക്കാരനായി കുഞ്ഞാമു പുറക്കാടും ഒടുങ്ങിപ്പോയേക്കാം. എങ്കിലും കഥാവശേഷനായ കഥാകാരാ; കഥയെഴുത്തുകാരനും അതു തിരഞ്ഞെടുക്കാന്‍ നിയോഗിക്കപ്പെട്ടവനും തമ്മില്‍, നേര്‍ത്തതെങ്കിലും ഒരാത്മബന്ധമുണ്ട്. തീപ്പെട്ടിയും തീപ്പെട്ടിക്കോലും തമ്മിലുള്ള ബന്ധം. അവ തമ്മിലുരസുമ്പോഴുള്ള ആദ്യനാളം തിരിച്ചറിയാന്‍ ബാധ്യസ്ഥനാണിവനും. ഒരു കഥാകാരന്റെ അവസാനത്തെ ജൈവാഗ്നിയേറ്റു വാങ്ങിയ ഈ കഥ ആഴ്ചവട്ടത്തിന്റെ വായനക്കാര്‍ക്കു സമര്‍പ്പിക്കുന്നു. ി
- ജമാല്‍ കൊച്ചങ്ങാടി
Next Story

RELATED STORIES

Share it