അടിമാലി: ഇന്നലെ ഉച്ചകഴിഞ്ഞ് അടിമാലി മേഖലയില്‍ ഉണ്ടായ വേനല്‍ മഴയിലും ശക്തമായ കാറ്റിലും വലിയ നാശം.ദേശീയപാതയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു,കൂമ്പന്‍പാറയില്‍ കത്തോലിക്കാ പള്ളിയുടെ ഭാഗമായ ഫാഷന്‍ മൗണ്ടിന്റെ കമാനം കാറ്റില്‍ തകര്‍ന്നു.കമ്പിലൈന്‍,കാണ്ടിയാംപാറ മേഖലയില്‍ ആറു വീടുകള്‍ മരം വീണ് ഭാഗീഗമായി തകര്‍ന്നു.ഞായറാഴ്ച്ച ഉച്ചയോടെയാണ് അടിമാലി കമ്പിലൈന്‍ മേഖലയില്‍ കാറ്റും മഴയും തുടങ്ങിയത്.കൂമ്പന്‍പാറയില്‍ ഫാത്തിമ മാതാ പള്ളിയുടെ ഭാഗമായി നിര്‍മിച്ച ഫാഷന്‍ മൗണ്ടിന്റെ കമാനമാണ് കാറ്റില്‍ പറന്ന് പോയത്.ഇവിടെ സ്ഥാപിച്ചിരുന്ന ബള്‍ബുകളും,മറ്റ് സാധനങ്ങളും കാറ്റില്‍ നശിച്ചിട്ടുണ്ട്.പള്ളിയ്ക്ക് ഒരു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി പള്ളി വികാരി പറഞ്ഞു.അടുത്ത ആഴ്ച്ച നടക്കുന്ന തിരുനാളിന്റെ ആവശ്യത്തിന് സ്ഥാപിച്ചിരുന്ന കട്ടൗട്ടറുകളും കാറ്റ് നശിപ്പിച്ചു.ദേശീയപാതയില്‍ കമ്പിലൈനില്‍ ആറ് ഇടങ്ങളില്‍ മരം വീണു.അടിമാലിയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് മരങ്ങള്‍ വെട്ടി മാറ്റിയത്.അര മണിക്കൂര്‍ നേരം ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.ഞായറാഴ്ച്ചയായതിനാല്‍ കൂടുതല്‍ മൂന്നാര്‍ സഞ്ചാരികള്‍ റോഡില്‍ കുടുങ്ങി.കമ്പി ലൈന്‍ കാണ്ടിയാംപാറ മേഖലയിലാണ് ആറു വീടുകള്‍ തകര്‍ന്നത്.അമ്പഴച്ചാല്‍ കാളകുഴി കുത്തികയില്‍ മൈദീന്‍,കാണ്ടിയാംപാറ ചിറയ്ക്കല്‍ ആഗസ്തി,കപ്പിലാം മൂട്ടില്‍ ആന്‍സി,ഇലഞ്ഞിക്കല്‍ സോജന്‍,പാണാട്ടില്‍ ഷൈന്‍ എന്നിവരുടെ വീടിന് മുകളിലാണ് മരം വീണത്.പലയിടത്തും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടിട്ടുണ്ട്.