സീനിയര്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ റെക്കോഡുകള്‍ പിറന്നില്ല

Update: 2017-10-21 18:13 GMT


സ്വന്തം പ്രതിനിധി

പാലാ: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സീനിയര്‍ വിഭാഗങ്ങളിലെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മീറ്റ് റെക്കോഡുകള്‍ക്ക് ഇക്കൊല്ലവും ഇളക്കം തട്ടിയില്ല.  കഴിഞ്ഞ വര്‍ഷം സീനിയര്‍ ഹര്‍ഡില്‍സിലെ ഇരുവിഭാഗങ്ങളിലും പാലക്കാടാന്‍ ആധിപത്യമായിരുന്നെങ്കില്‍ ഇക്കുറി ആണ്‍കുട്ടികളുടെ വിഭാഗം പത്തനംതിട്ട പിടിച്ചടുക്കുന്നതിന് പാലാ മുനിസിപ്പല്‍ മൈതാനം സാക്ഷ്യംവഹിച്ചു.  കായിക പ്രേമികള്‍ക്ക് ആവേശം സമ്മാനിച്ച് നടന്ന 400 മീറ്റര്‍ സീനിയര്‍ ഹര്‍ഡില്‍സ് ഫൈനലില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പത്തനംതിട്ടയും സ്വര്‍ണമണിഞ്ഞു. തിരുവനന്തപുരത്തിനാണ് ഇരുവിഭാഗത്തിലും വെള്ളി.  സീനിയര്‍ ആണ്‍കുട്ടികളില്‍ പത്തനംതിട്ട എരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അനന്തു വിജയന്‍ 55.30 സെക്കന്റിലോടിയെത്തി സ്വര്‍ണമണിഞ്ഞു. തിരുവനന്തപുരം സായിയിലെ അക്ഷയ് എന്‍എസിനാണ് ഈ ഇനത്തില്‍ വെള്ളി.  പെണ്‍കുട്ടികളുടെ സീനിയര്‍ ഹര്‍ഡില്‍സില്‍ പാലക്കാട് ജിഎംഎംജിഎച്ച്എസ്എസിലെ വിഷ്ണുപ്രിയ ജെ (1.02.31) ഒന്നാമതെത്തി. തിരുവനന്തപുരം സായിയിലെ അര്‍ഷിത എസ് 1.04.42 സെക്കന്റിലോടി വെള്ളി നേടി. കാര്യമായ വെല്ലുവിളി നേരിട്ടാണ് ഹര്‍ഡില്‍സില്‍ അനന്തു പത്തനംതിട്ടയ്ക്ക് സ്വര്‍ണം സമ്മാനിച്ചത്. ഹീറ്റ്‌സില്‍ 58 സെക്കന്റില്‍ ഫിനിഷ് ചെയ്ത അനന്തുവിനേക്കാള്‍ മെഡല്‍ സാധ്യത കല്‍പ്പിച്ചത് 56 സെക്കന്റില്‍ ഓടിയ ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ കെപി അര്‍ജുനാണ്. എന്നാല്‍ സ്റ്റാര്‍ട്ടിങിലെ പിഴവ് അര്‍ജുെന ഏഴാം സ്ഥാനത്തേക്ക് പിന്തള്ളി. അവസാന 50 മീറ്ററില്‍ സായിയുടെ അക്ഷയിനെ ചാടികടന്ന് അനന്തു സ്വര്‍ണത്തിലേക്ക് ഓടിക്കയറി. ഈ ഇനത്തില്‍ സംസ്ഥാന റെക്കോഡ് പിറക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കിയത്. എന്നാല്‍ ആറ് വര്‍ഷം മുമ്പ് വിഷ്ണു വി സാബു സ്ഥാപിച്ച 53 സെക്കന്റ് സമയത്തിന് വെല്ലുവിളി ഉയര്‍ത്തുവാന്‍ അനന്തുവിനായില്ല. പെണ്‍കുട്ടികളുടെ സീനിയര്‍ ഹര്‍ഡില്‍സില്‍ ഒരു സെക്കന്റിന്റെ വിത്യാസത്തിലാണ് മീറ്റ് റെക്കോര്‍ഡ് ഒന്നാമതെത്തിയ വിഷ്ണുപ്രിയയ്ക്ക് നഷ്ടമായത്. 2001ല്‍ വില്ലടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിജില കെ ജെ സ്ഥാപിച്ച റെക്കോഡിന് ഭീഷണി ഉയര്‍ത്തിയാണ് എതിരാളികളെ ഏറെ പിന്നിലാക്കി വിഷ്ണുപ്രിയ സ്വര്‍ണം നേടിയത്. വെടിയൊച്ച മുഴങ്ങിയത് മുതല്‍ അവസാന ഹര്‍ഡില്‍സും പിന്നിടുന്ന സമയമത്രയും മറ്റ് താരങ്ങള്‍ക്ക് വിഷ്ണുപ്രിയയെ വെല്ലുവിളിക്കുവാന്‍ സാധിച്ചില്ല. ഹീറ്റ്‌സില്‍ 1.04 സെക്കന്റില്‍ ഫിനിഷ് ചെയ്ത വിഷ്ണുപ്രിയ അതിനേക്കാള്‍ മികച്ച സമയം ഫൈനലില്‍ കുറിച്ചാണ് സ്വര്‍ണമണിഞ്ഞത്. സംസ്ഥാന സ്‌കൂള്‍ മീറ്റിലെ കന്നിസ്വര്‍ണം നല്ല പ്രകടനത്തിലൂടെ മറികടക്കുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും തന്റെ നേട്ടം  പരിശീലകനും മുന്‍ ഇന്ത്യന്‍ അത്‌ലറ്റുമായ സി ഹരിദാസിന് സമര്‍പ്പിക്കുന്നതായും വിഷ്ണുപ്രിയ പ്രതികരിച്ചു. കടുത്ത ഡെങ്കിപനി ബാധിച്ച് ചികില്‍സയിലായിരുന്ന വിഷ്ണുപ്രിയക്ക് സംസ്ഥാന മീറ്റിനായി ഒരുങ്ങുവാന്‍ ഒരു മാസം മാത്രമാണ് സമയം ലഭിച്ചത്. നേരിയ വിത്യാസത്തില്‍ റെക്കോഡ് നഷ്ടമായതൊഴിച്ചാല്‍ എല്ലാം പ്രതീക്ഷിച്ചപ്പോലെ നടന്നതായി പരിശീലകന്‍ പറഞ്ഞു.

Similar News