പാശ്ചാത്യ രാജ്യങ്ങളില്‍ പെണ്ണുങ്ങള്‍ക്ക് മിണ്ടാനുള്ള അവകാശം എന്നു മുതല്‍ക്കാണ് ലഭിച്ചത്? കാംബ്രിജ് യൂനിവേഴ്‌സിറ്റിയിലെ പ്രഫസറായ മേരി ബേഡിന്റെ ഈയിടെ പ്രസിദ്ധീകരിച്ച വിമന്‍ ആന്റ് പവര്‍: എ മാനിഫെസ്‌റ്റോ എന്ന പുസ്തകത്തില്‍ ഗ്രീക്കോ റോമന്‍ സാഹിത്യകൃതികളില്‍ നിന്നുള്ള ചില ഉദാഹരണങ്ങള്‍ വിവരിക്കുന്നുണ്ട്. 3,000 വര്‍ഷം മുമ്പ് എഴുതപ്പെട്ട ഹോമറിന്റെ ഒഡീസി എന്ന ഇതിഹാസകാവ്യത്തില്‍ നിന്നാണ് ആദ്യദൃഷ്ടാന്തം ഉദ്ധരിക്കുന്നത്. ഒഡീസിയസിന്റെ ഭാര്യ പെനിലോപിനോട് മകന്‍ ടെലി മാക്കസ് പറയുന്നു: ''അമ്മേ, മിണ്ടിപ്പോവരുത്. നിങ്ങള്‍ അകത്തേക്ക് പൊയ്‌ക്കോളൂ. ആണുങ്ങള്‍ സംസാരിക്കുന്നിടത്ത് പെണ്ണുങ്ങള്‍ക്കു കാര്യമില്ല.''നിരുപാധികമായ ആണധികാരത്തിന്റെ, എഴുതപ്പെട്ടതില്‍ ആദ്യത്തെ രേഖയായിട്ടാണ് ഗ്രന്ഥകാരി ഇതു ചൂണ്ടിക്കാട്ടുന്നത്. അക്കാലത്ത് സ്ത്രീകള്‍ക്ക് പൊതു ഇടങ്ങളില്‍ യാതൊരുവിധ അഭിപ്രായസ്വാതന്ത്ര്യവും ഇല്ലായിരുന്നുവെന്ന് ഇതില്‍ നിന്നു വ്യക്തമാണ്. റോമന്‍ കവി ഓവിഡിന്റെ രൂപാന്തരപ്രാപ്തി എന്ന ക്ലാസിക് കൃതിയില്‍ നിന്നു ചില രംഗങ്ങള്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്. ഇതില്‍ നിന്ന് വിഭിന്നമായി സ്വാഭിപ്രായം പറയാന്‍ മടിക്കാത്ത സ്ത്രീകള്‍ രക്തസാക്ഷികളാവേണ്ടി വന്നിട്ടുണ്ട് എന്നതാണ് പുസ്തകത്തിലെ മറ്റൊരു കണ്ടെത്തല്‍.പ്രാചീന സാഹിത്യത്തില്‍ നിന്നു തുടങ്ങി ആധുനിക വ്യവഹാരങ്ങളിലെ ആണ്‍കോയ്മയെ വസ്തുനിഷ്ഠമായി വിലയിരുത്താനുള്ള ശ്രമമാണ് ഈ പുസ്തകം. നമ്മുടെ സമൂഹത്തില്‍ ഇന്നും സ്ത്രീകള്‍ക്ക് സ്വാഭിപ്രായം പറയാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം പരിമിതമാണല്ലോ.