Update: 2016-01-08 04:35 GMT
എംഎസ്എം 'പ്രോഫ്‌കോണ്‍' ഇന്നു മുതല്‍
കല്‍പ്പറ്റ: മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന 20ാമത് ദേശീയ പ്രഫഷനല്‍ വിദ്യാര്‍ഥി സമ്മേളനം (പ്രോഫ്‌കോണ്‍) ഇന്നു വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ ആരംഭിക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എന്‍ജിനീയറിങ്, മെഡിക്കല്‍, പാരാമെഡിക്കല്‍, ലോ, മാനേജ്‌മെന്റ് വിദ്യാര്‍ഥികളില്‍ ധാര്‍മിക പ്രബുദ്ധത വളര്‍ത്തുന്നതിനു വേണ്ടിയാണ് എംഎസ്എം 20 വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രോഫ്‌കോണ്‍ എന്ന ആശയത്തിന് രൂപം നല്‍കിയത്. കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ പ്രഫഷനല്‍ കലാലയങ്ങളില്‍ നിന്നായി 2,000ത്തോളം വിദ്യാര്‍ഥികള്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ സംബന്ധിക്കും. മസെശഹെമാുലറശമ.രീാ വെബ്‌സൈറ്റിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറും ഇസ്‌ലാമിക പണ്ഡിതനുമായ ശൈഖ് അര്‍ഷദ് ബഷീര്‍ മദനി ഉദ്ഘാടനം ചെയ്യും. കെഎന്‍എം സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി ഉണ്ണീന്‍കുട്ടി മൗലവി അധ്യക്ഷത വഹിക്കും. രണ്ടാം ദിവസം 'ഇന്‍ട്രോസ്‌പെക്ഷന്‍' സെഷനില്‍ പിഎസ്‌സി അംഗം ടി ടി ഇസ്മായില്‍ മുഖ്യാതിഥിയായിരിക്കും.
'റിട്രോസ്‌പെക്ഷന്‍' സെഷനില്‍ സര്‍വീസ് ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ. അനീസ് ചേര്‍ക്കുന്നത്ത് മുഖ്യാതിഥിയായിരിക്കും. ഇസ്‌ലാമിക പ്രബോധകന്‍ ശൈഖ് വഹാജ് ടാറിന്‍ (ആസ്‌ത്രേലിയ) പ്രതിനിധികളുമായി സംവദിക്കും.
മുഹമ്മദ് നബിയുടെ ജീവിതചര്യയെ ദുര്‍വ്യാഖ്യാനിച്ച് ഭീകരവാദ നിലപാടുകള്‍ക്ക് ന്യായീകരണം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ അന്താരാഷ്ട തലത്തില്‍ തന്നെ സജീവമാവുന്ന പശ്ചാത്തലത്തില്‍ നബിചര്യയുടെ യഥാര്‍ഥ വായനയ്ക്ക് കാംപസുകളെ പ്രാപ്തമാക്കുന്നതിലാണ് പ്രോഫ്‌കോണ്‍ ശ്രദ്ധയൂന്നുകയെന്നു ഭാരവാഹികള്‍ പറഞ്ഞു. 'ഭീകരവാദം പ്രവാചകനെ അനുകരിക്കുകയല്ല, അപനിര്‍മിക്കുകയാണ്' എന്നതാണ് പ്രമേയം. പ്രവാചകനെക്കുറിച്ച് വിവിധ വീക്ഷണകോണുകളില്‍ നിന്നെഴുതപ്പെട്ട വ്യത്യസ്ത ഭാഷകളിലുള്ള പുസ്തകങ്ങളുടെ പ്രദര്‍ശനം സമ്മേളന നഗരിയില്‍ എം വി ശ്രേയാസ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് മുഖ്യാതിഥിയായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഹബീബ് റഹ്മാന്‍, നജീബ് കാരാടന്‍, അബ്ദുറഹ്മാന്‍ സുല്ലമി, അബ്ദുല്‍ ഗഫൂര്‍, ഡോ. അഫ്‌സല്‍, ശമീര്‍ ഖാന്‍, ജംഷീദ് ഇരിവേറ്റി പങ്കെടുത്തു.

Similar News