കരുനാഗപ്പള്ളി: യുവാക്കളെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യപ്രതികളില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. കരുനാഗപ്പള്ളി പട.വടക്ക് ആഷിഖ് മന്‍സിലില്‍ അസൈന്‍(22)ആണ് അറസ്റ്റിലായത്. സംഭവത്തിനുശേഷം ഒളിവിലായ പ്രതി വീട്ടിലെത്തിയതായി പോലിസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കരുനാഗപ്പള്ളി സിഐ രാജപ്പന്‍ റാവുത്തര്‍, എഎസ്‌ഐ ജി ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്‌ഐ ബജിത്ത്‌ലാല്‍, എസിപിഒമാരായ പ്രസന്നകുമാര്‍, നന്ദകുമാര്‍, രാജേഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. ജനുവരി 19നാണ് കേസിനാസ്പദമായ സംഭവം. കരുനാഗപ്പള്ളി നമ്പരുവികാല വെളിയില്‍മുക്ക് നിഥിന്‍ഭവനില്‍ നിഥിന്‍, പട.വടക്ക് കണ്ടത്തില്‍വീട്ടില്‍ വിപിന്‍ എന്നിവരെ പ്രതി ഉള്‍പ്പെട്ട സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. കാരൂര്‍ക്കടവിന് സമീപം ഒരു കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ കൊണ്ടുപോയി ഇവരെ മര്‍ദ്ദിക്കുകയും നഖങ്ങള്‍ പിഴുതെടുക്കുകയും ചെയ്തതായാണ് കേസ്. സംഭവത്തില്‍ മൂന്നുപേരെ പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ അസൈന്‍ മൂന്നുവര്‍ഷം മുമ്പ് കരുനാഗപ്പള്ളി ഓച്ചിറ മേഖലകളില്‍ എടിഎമ്മുകളില്‍ നിന്ന് പണം കവര്‍ന്ന കേസിലും പ്രതിയാണ്. 20ഓളം പേരടങ്ങുന്ന ക്വട്ടേഷന്‍സംഘമാണ് യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതെന്ന് പോലിസ് പറഞ്ഞു. കേസില്‍ അഞ്ചാംപ്രതിയാണ് അസൈന്‍. ഇയാളെ കോടതിയില്‍ ഹാജരാക്കി.