Update: 2016-04-05 04:52 GMT
കാഞ്ഞങ്ങാട്ടെ സ്ഥാനാര്‍ഥിക്കെതിരേ
കോണ്‍ഗ്രസ്സില്‍ പ്രതിഷേധം
കാഞ്ഞങ്ങാട്: മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെപിസിസി നിര്‍വ്വാഹക സമിതിയംഗം പി ഗംഗാധാരന്‍ നായരുടെ മകള്‍ ധന്യാസുരേഷിനെ തീരുമാനിച്ചത് പാര്‍ട്ടിയില്‍ പ്രതിഷേധത്തിന് വഴിയൊരുക്കി. ഇന്നലെ കാഞ്ഞങ്ങാട് ശ്രമിക്ക് ഭവനില്‍ ചേര്‍ന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ നിന്നും ഐ, എ ഗ്രൂപ്പുകളിലെ പ്രമുഖര്‍ വിട്ടുനിന്നു. അടുത്ത കാലത്ത് മാത്രം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ വന്ന ധന്യാസുരേഷിനെ ഗംഗാധരന്‍ നായരുടെ മകളെന്ന കാരണത്താലാണ് സ്ഥാനാര്‍ഥിയാക്കിയതെന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. യോഗത്തില്‍ കാഞ്ഞങ്ങാട് നഗരസഭാ മുന്‍ കൗണ്‍സിലര്‍ അനില്‍ വാഴുന്നോറടി രൂക്ഷമായ ഭാഷയിലാണ് സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിച്ചത്. എന്നാല്‍ കോണ്‍ഗ്രസില്‍ ധന്യാസുരേഷിനെതിരെ കാര്യമായ എതിര്‍പ്പുകളൊന്നും ഇല്ലെന്നാണ് ഡിസിസി പ്രസിഡന്റ് അഡ്വ. സി കെ ശ്രീധരന്‍ പറയുന്നത്. വിജയ സാധ്യത ഇല്ലാത്ത സീറ്റായതിനാല്‍ കോണ്‍ഗ്രസിലെ രണ്ടാം നിര നേതാക്കളെയാണ് ആദ്യം മുതലേ പരിഗണിച്ചത്. ഡിസിസി ജനറല്‍ സെക്രട്ടറി ബളാലില്‍ നിന്നുള്ള ഹരീഷ് പി നായരുടെ പേര് ഉയര്‍ന്ന് വന്നപ്പോള്‍ ഇതേ മണ്ഡലത്തില്‍ നിന്നുള്ള ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയത്തെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പിന്റെ പേരാണ് അവസാന നിമിഷം വരെ ഉണ്ടായത്. എന്നാല്‍ പെട്ടെന്നാണ് കെപിസിസി ധന്യാസുരേഷിന്റെ പേര് പരിഗണിച്ചത്. സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് തഴത്തതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് ഹക്കീംകുന്നിലിന്റെ നേതൃത്വത്തിലുള്ള യുവജന വിഭാഗവും മലയോര പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇടഞ്ഞ് നില്‍ക്കുകയാണ്.
Tags:    

Similar News