Full View
പാരിസ്: ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ചും ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുമുള്ള പ്രതിഷേധങ്ങള്‍ക്ക് ഫ്രഞ്ച് ഭരണകൂടം വിലക്കേര്‍പ്പെടുത്തിയെങ്കിലും ഇതെല്ലാം തള്ളി ആയിരങ്ങള്‍ തെരുവിലിറങ്ങി. രാജ്യത്ത് ഫലസ്തീന്‍ അനുകൂല റാലികള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയെങ്കിലും നിരോധനം ലംഘിച്ച് നൂറുകണക്കിന് ആളുകളാണ് തലസ്ഥാനമായ പാരീസില്‍ ഉള്‍പ്പെടെ പ്രകടനം നടത്തിയത്. സെന്‍ട്രല്‍ പാരീസില്‍ പ്രതിഷേധക്കാരെ കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ചാണ് ഫ്രഞ്ച് പോലിസ് നേരിട്ടത്. ഇതേച്ചൊല്ലി അല്‍പ്പനേരം സംഘര്‍ഷാവസ്ഥയുമുണ്ടായി. എന്നാല്‍, ഇസ്രായേല്‍ അനുകൂല റാലികള്‍ക്ക് ഫ്രഞ്ച് ഭരണകൂടം യാതൊരുവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല.
ഫലസ്തീന് അനുകൂലമായി ഏതെങ്കിലും തരത്തല്‍ പ്രകടനങ്ങളോ പ്രതിഷേധങ്ങളോ നടത്തുന്നതിന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്. ഇസ്രായേലിന്റെ കൂട്ടക്കുരുതിയിലും കൈയേറ്റത്തിലും ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഫ്രാന്‍സില്‍ വിലക്കേര്‍പ്പെടുത്തിയത്. പൊതുജനങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നു പറഞ്ഞാണ് ഫലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ നിരോധിക്കുന്നതെന്നാണ് അറിയിച്ചിരുന്നത്. ഇതിനുപുറമെ ഏതെങ്കിലും സംഘടനകളോ പ്രസ്ഥാനങ്ങളോ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയാണെങ്കില്‍ അറസ്റ്റ് ചെയ്യണമെന്നും ആഭ്യന്തര മന്ത്രി പോലിസിന് അയച്ച സന്ദേശത്തില്‍ പറയുന്നുണ്ട്.
സിനഗോഗുകളും സ്‌കൂളുകളും പോലെ ഫ്രഞ്ച് ജൂതന്മാര്‍ സന്ദര്‍ശിക്കുന്ന എല്ലാ സ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കാനും പോലിസിന് നിര്‍ദേശം നല്‍കിയിരുന്നു. മാത്രമല്ല, ഫ്രഞ്ച് മണ്ണില്‍ ജൂത വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഏതൊരു വിദേശിയും ഉടന്‍തന്നെ പുറത്താക്കപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇതൊന്നും വകവയ്ക്കാതെയാണ് ഫലസ്തീനെയും ഹമാസിനെയും അനുകൂലിച്ച് സെന്‍ട്രല്‍ പാരീസില്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പ്രതിഷേധത്തിനെത്തിയത്. ഇന്നലെ രാത്രി പാരീസില്‍ പ്രതിഷേധവുമായെത്തിയവരെ ഫ്രഞ്ച് പോലിസ് ലാത്തിച്ചാര്‍ജിലൂടെയും മറ്റുമാണ് നേരിട്ടത്. ചരിത്രപ്രസിദ്ധമായ പ്ലേസ് ഡി ലാ റിപ്പബ്ലിക്കിലെ പ്രകടനക്കാര്‍ 'നമ്മളെല്ലാം ഫലസ്തീകളാണ്, ഫലസ്തീന്‍ ജീവിക്കും ഫലസ്തീന്‍ ജയിക്കുകയും ചെയ്യും, കൊലയാളി ഇസ്രായേല്‍, മാക്രോണിന്റെ കൂട്ടാളികള്‍ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴക്കിയത്. ഫലസ്തീന്‍ അനുകൂല റാലികള്‍ നിരോധിക്കുന്നത് 'നിയമവാഴ്ചയ്ക്ക് കീഴില്‍ സാധാരണമല്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. മഹത്തായ രാജ്യമെന്ന് അവകാശപ്പെടുന്ന ഫ്രാന്‍സില്‍ ഇപ്പോള്‍ നിങ്ങളുടെ അവകാശം സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ കഴിയില്ലെന്നും നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ഇവിടെ സ്വാതന്ത്ര്യമില്ലെന്നും പ്രതിഷേധക്കാരിലൊരാള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. അതിനാലാണ് ഫ്രഞ്ച് നിയമത്തെ ധിക്കരിക്കാനും സത്യം വിളിച്ചുപറയാനും ഞങ്ങള്‍ നിര്‍ബന്ധിതരാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരോധനം വലിയ അനീതിയാണെന്നും പരമ്പരാഗത ഫലസ്തീന്‍ വസ്ത്രമായ കെഫിയെ ധരിച്ചതിന് തനിക്ക് 135 യൂറോ പിഴ ചുമത്തിയതായും പ്രതിഷേധത്തില്‍ പങ്കെടുത്ത മറ്റൊരാള്‍ പറഞ്ഞു. അതിനിടെ, തുടക്കത്തില്‍ തന്നെ ഹമാസ് ആക്രമണത്തെ അപലപിക്കുകയും ഇസ്രായേലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്ത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് ജനത ഐക്യത്തോടെ നില്‍ക്കണമെന്നും ആഹ്വാനം ചെയ്തു. ഐക്യത്തിന്റെ കവചമാണ് നമ്മെ അകറ്റുന്നതില്‍ നിന്നും എല്ലാ വിദ്വേഷങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതെന്നും മാക്രോണ്‍ അഭ്യര്‍ഥിച്ചു. ജൂതവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് 24 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ വ്യക്തമാക്കി. രാജ്യത്തെ ജൂത സമുദായങ്ങള്‍ക്കു നേരെ ആക്രമണത്തിനു സാധ്യതയുണ്ടെന്ന് വിലയിരുത്തി സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. യൂറോപില്‍ തന്നെ ഏറ്റവും കൂടുതല്‍ മുസ് ലിം, ജൂത സമുദായങ്ങള്‍ വസിക്കുന്ന രാജ്യമാണ് ഫ്രാന്‍സ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫലസ്തീന് അനുകൂലമായി റാലികള്‍ അരങ്ങേറുന്നുണ്ട്. അമേരിക്കയില്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ ഫലസ്തീന്‍-ഇസ്രായേല്‍ അനുകൂലികള്‍ നടത്തിയ റാലികള്‍ ഏറ്റുമുട്ടലില്‍ കലാശിച്ചിരുന്നു.