വിദേശയാത്രയ്ക്ക് മന്‍മോഹന്‍ ഒമ്പതു വര്‍ഷം കൊണ്ട് ചെലവാക്കിയത് 642 കോടി, മോദി നാല് വര്‍ഷം കൊണ്ട് 1484 കോടി
ന്യൂഡല്‍ഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയയതില്‍ പിന്നെ 12 ശതമാനം സമയവും വിദേശ യാത്രകളിലായിരുന്നുവെന്ന് കണക്കുകള്‍. സാമ്പത്തിക, കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ രാജ്യം ഏറ്റവും വലിയ പ്രതിസന്ധികളെ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ ഊരു ചുറ്റല്‍. മോദിയുടെ ആഡംബരം നിറഞ്ഞ വിദേശ യാത്രകള്‍ക്കായി രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് നാല് വര്‍ഷം കൊണ്ട് ചെലവാക്കിയത് 1,484 കോടിയാണ്. അതേ സമയം, ഒമ്പതു വര്‍ഷം കൊണ്ട് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ചെലവാക്കിയത് 642 കോടി മാത്രം.
മോദി ഇതിനകം 84 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. അടുത്തയാഴ്ച്ചത്തെ ആഫ്രിക്കന്‍ സന്ദര്‍ശനം കഴിയുമ്പോള്‍ ഈ പട്ടികയില്‍ രണ്ട് രാജ്യങ്ങള്‍ കൂടി ചേരും. വാര്‍ഷിക ബ്രിക്ക് ഉച്ചകോടിക്കായി റുവാണ്ടയിലും ഉഗാണ്ടയിലുമാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്താനിരിക്കുന്നത്. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലേക്കും പോവും.
ചാര്‍ട്ടേഡ് വിമാനങ്ങള്‍, വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഹോട്ട്‌ലൈന്‍ സൗകര്യങ്ങള്‍ എന്നിവയുടെ മാത്രം ചെലവാണ് 1,484 കോടി. താമസം ഉള്‍പ്പെടെയുള്ള മറ്റു ചെലവുകള്‍ കൂടി കൂട്ടിയാല്‍ ചെലവ് ഇനിയും കോടികള്‍ ഉയരും. മോദിയുടെ ഏറ്റവും ചെലവേറിയ യാത്ര 2015 ഏപ്രിലില്‍ ഫ്രാന്‍സ്, ജര്‍മനി, കാനഡ എന്നവിടങ്ങളിലേക്കു നടത്തിയതായിരുന്നു. ആ യാത്രയ്ക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും ഹോട്ട്‌ലൈന്‍ സൗകര്യത്തിനും വേണ്ടി ചെലവാക്കിയത് 32 കോടി രൂപയാണ്.
നാല് വര്‍ഷത്തിനിടെ 171 ദിവസവും(പ്രധാനമന്ത്രി കാലയളവിന്റെ 12 ശതമാനം) മോദി വിദേശയാത്രയിലായിരുന്നു. ചൈനയും അമേരിക്കയും സന്ദര്‍ശിച്ചത് അഞ്ച് തവണ വീതമാണ്. ജൂലൈ-നവംബര്‍ മാസങ്ങളിലായിരുന്നു കൂടുതല്‍ യാത്രകളും.
വ്യാപാരം, നിക്ഷേപം, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ വിദേശരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് മോദി ഇത്രയും യാത്രകള്‍ നടത്തിയതെന്നാണ് ഇതേക്കുറിച്ചുളഅള ചോദ്യത്തിന് രാജ്യ സഭയില്‍ വിദേശ കാര്യ സഹമന്ത്രി വി കെ സിങ് പ്രതികരിച്ചത്.