ബുദാപെസ്റ്റ്: ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ കാത്ത് ബജ്‌റംഗ് പൂനിയ. 65 കിലോ വിഭാഗം ഫ്രീസ്റ്റൈല്‍ വിഭാഗം ഫൈനലില്‍ ജപ്പാന്റെ തകുതോ ഒട്ടോഗുരോയോട് പരാജയപ്പെട്ടതോടെ മൂന്നാം സീഡായ താരത്തിന് വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 9-16 എന്ന മാര്‍ജിനിലാണ് പൂനിയയക്ക് പരാജയം നേരിട്ടത്. ഹരിയാനക്കാരനായ ബജ്‌റാഗ് ക്യൂബയുടെ അലജാന്ദ്രോ വാല്‍ഡസ് തോബിയറിനെ 4-3ന് മുട്ടുകുത്തിച്ചാണ് ഫൈനലില്‍ പ്രവേശിച്ചത്.
ഈ വര്‍ഷം നടന്ന ഏഷ്യന്‍ ഗെയിംസിലും കോമണ്‍ വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം സ്വന്തമാക്കിയ ബജ്‌റംഗ് തുടര്‍ച്ചയായ മൂന്നാം സ്വര്‍ണം നേടുമെന്ന് തോന്നിച്ചെങ്കിലും ബൗട്ടില്‍ പരാജയപ്പെട്ടു. മെഡല്‍ നേട്ടതോടെ രണ്ട് ലോക ചാംപ്യന്‍ഷിപ്പുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനായി 24 കാരനായ ബജ്‌റാംഗ് മാറി. 2013 ചാംപ്യന്‍ഷിപ്പില്‍ താരം വെങ്കലം നേടിയിരുന്നു. 2010ലെ മോസ്‌കോയില്‍ നടന്ന ലോക ഗുസ്തി ചാംപ്യന്‍ഷിപ്പിലെ 66 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയ സുശീല്‍ കുമാറാണ് ഒന്നാമതെത്തിയ ഏക ഇന്ത്യക്കാരന്‍. അതേസമയം, ബജ്‌റാംഗിനെ പരാജയപ്പെടുത്തിയ 19കാരന്‍ ഒട്ടോഗുരോ ലോക ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ജപ്പാന്‍കാരനായി.