ബംഗളൂരു:ആവേശം വിതറിയ ഐഎസ്എല്‍ മല്‍സരത്തില്‍ ബംഗളൂരു എഫ്‌സി-ജംഷഡ്പൂര്‍ എഫ്‌സി മല്‍സരം സമനിലയില്‍ കലാശിച്ചു. ഇരുടീമും രണ്ട് ഗോളടിച്ച് പിരിയുകയായിരുന്നു. ബംഗളൂരുവിനായി നിഷു കുമാര്‍ ഐഎസ്എല്ലിനെ അരങ്ങേറ്റ ഗോള്‍ കണ്ടെത്തിയപ്പോള്‍ സുനില്‍ ഛേത്രിയും എതിര്‍വല കുലുക്കി. ജംഷഡ്പൂരിനായി ഗൗരവ് മുഖിയും സെര്‍ജിയോ സിഡോന്‍ചയും ഗോള്‍ നേടി. ആസ്‌ത്രേലിയന്‍ താരം ടിം കാഹില്‍ കന്നി മല്‍സരത്തിന് ജംഷഡ്പൂരിന് വേണ്ടിയിറങ്ങിയെങ്കിലും മികച്ച പ്രകടനം കാഴ്ച വക്കാനായില്ല.
പന്തടക്കത്തിലൂടെയും ആക്രമണങ്ങളിലൂടെയും ജംഷഡ്പൂര്‍ ആയിരുന്നു ആദ്യ പകുതിയില്‍ കളി നിയന്ത്രിച്ചത്. നിഷു കുമാറിന്റെ ഗോളിലൂടെ ബംഗളൂരു മുന്നിലെത്തി. ഡിഫന്‍ഡര്‍മാര്‍ ചുറ്റും നില്‍ക്കെ ലോങ് റേഞ്ച് ഷോട്ടിലൂടെയായിരുന്നു 49ാം മിനിറ്റില്‍ അസാധ്യമെന്ന് തോന്നിച്ച നിഷുവിന്റെ ഗോള്‍. 81ാം മിനിറ്റില്‍ ഗൗരവ് മുഖി, മരിയോ ആര്‍ക്വിസിന്റെ അസിസ്റ്റില്‍ ജംഷഡ്പൂരിന് വേണ്ടി സമനില കണ്ടെത്തി. ഇതോടെ എസ്എല്ലില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ഈ 16 വയസുകാരന്‍ മാറി. ലീഡ് നേടിയെടുക്കാനായി ബംഗളൂരു ആക്രമണ വേഗത കൂട്ടി. ഫലം 88ാം മിനിറ്റില്‍ സുനില്‍ ഛേത്രിയുടെ കിടിലന്‍ ഹെഡര്‍. ഖാബ്ര കോര്‍ണറില്‍ നിന്ന നീട്ടികൊടുത്ത പന്ത് ഛേത്രി ഞൊടിയിടയില്‍ ശക്തിയോടെ വലയിലേക്ക് മറിച്ചിട്ടു. പക്ഷേ, എക്‌സ്ട്രാ ടൈമില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ അവര്‍ പൊരുതി. മരിയോ ആര്‍ക്വിസ് അളന്നുമുറിച്ച നല്‍കിയ പാസ് സെര്‍ജിയോ സിഡോന്‍ച വലയുടെ മുന്നില്‍വച്ച് ബുള്ളറ്റ് ഷോട്ടിലൂടെ വലയിലെത്തിച്ചു. വാശി നിറഞ്ഞ മല്‍സരത്തില്‍ അവസാനം സമനില.