ചാര്‍ജ് കൂട്ടാത്തതിനു ബാര്‍ബര്‍ ഷോപ്പുടമയെ വധിക്കാന്‍ ശ്രമം; മൂന്ന് പേര്‍ റിമാന്റില്‍
പരിയാരം: മുടിമുറിക്കാനും ഷേവിങ്ങിനും കൂടുതല്‍ തുക വാങ്ങാന്‍ കൂട്ടാക്കാത്തതിന്റെ വൈരാഗ്യത്തില്‍ ബാര്‍ബര്‍ ഷോപ്പുടമയെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ റിമാന്റില്‍. പെരളത്തെ ബാര്‍ബര്‍ ഷോപ്പുടമ നെല്ലിവളപ്പില്‍ എന്‍ വി വിനോദ്(40), ബന്ധുവായ അജാന്നൂര്‍ പുല്ലൂരിലെ വെള്ളനാട് ഹൗസില്‍ സുനില്‍കുമാര്‍(32), ക്വട്ടേഷന്‍ സംഘാംഗം അജാന്നൂരിലെ എം അനില്‍കുമാര്‍(38) എന്നിവരെയാണ് പരിയാരം പ്രിന്‍സിപ്പല്‍ എസ് ഐ വി ആര്‍ വിനീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഏഴിലോട് അറത്തിപ്പറമ്പ് സ്വദേശിയും പെരളത്തെ ബാര്‍ബര്‍ ഷോപ്പ് ഉടമയുമായ ഗണപതിച്ചാല്‍ കൃഷ്ണനെ(60) കഴിഞ്ഞ ജൂലായ് എട്ടിന് വധിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് ഇവരെ പോലിസ് പിടികൂടിയത്. സംഭവത്തേക്കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ:
2012 ലാണ് ഗള്‍ഫില്‍ നിന്നു കൃഷ്ണന്‍ പെരളത്ത് ഫ്രെഷ് ഹെയര്‍ ഡ്രസ്സസ് എന്ന പേരില്‍ കട ആരംഭിച്ചത്. ഞായറാഴ്ച്ച തുറക്കുകയും യൂനിയന്‍ നിര്‍ദ്ദേശിച്ച കൂലിയില്‍ നിന്നു കുറച്ച് മാത്രം ഈടാക്കുകയും ചെയ്തതോടെ തൊട്ടടുത്ത് ഗ്ലാമര്‍ സലൂണ്‍ നടത്തുന്ന വിനോദ് യൂനിയനില്‍ പരാതി നല്‍കുകയും യൂനിയന്‍ നേതാക്കളെത്തി ഞായറാഴ്ച്ച അടക്കണമെന്നും തുക കൂട്ടണമെന്നും ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍, തന്റേത് സാധാരണ ഷോപ്പായതിനാലും പ്രായമായവര്‍ മാത്രം വരികയും ചെയ്യുന്നതിനാല്‍ കൂടുതല്‍ പൈസ വാങ്ങില്ലെന്നും, നിരവധി ബാര്‍ബര്‍ഷോപ്പുകള്‍ ഞായറാഴ്ച്ച തുറക്കുന്നുണ്ടെന്നും അവയൊക്കെ പൂട്ടിയാല്‍ ഞാനും പൂട്ടാമെന്നും കൃഷ്ണന്‍ യൂനിയന്‍ നേതൃത്വത്തെ അറിയിച്ചു.
വെല്ലുവിളിയും ഭീഷണിയും മുഴക്കിയാണ് അവര്‍ പോയതെങ്കിലും കൃഷ്ണന്‍ പഴയരീതി തുടര്‍ന്നു. ഇതോടെയാണ് ബന്ധുവായ സുനില്‍കുമാര്‍ മുഖേന കൃഷ്ണനെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘാംഗവും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ അനില്‍കുമാറിന് വിനോദ് ക്വട്ടേഷന്‍ നല്‍കിയത്.
കഴിഞ്ഞ ജുലൈ എട്ടിന് രാത്രി ഒന്‍പതിനാണ് കട പൂട്ടി അറത്തിപ്പറമ്പിലേക്ക് വീട്ടിലേക്ക് പോകവെ മുഖംമൂടി ധരിച്ചെത്തിയ അനില്‍കുമാര്‍ കൃഷ്ണനെ ആക്രമിച്ചത്. തലക്ക് മാരകമായി പരിക്കേറ്റ് അബോധാവസ്ഥയിലായ കൃഷ്ണനെ നാട്ടുകാരാണ് പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രിന്‍സിപ്പല്‍ എസ്‌ഐ വി ആര്‍ വിനീഷ്, അഡീ. എസ് ഐ സി ജി സാംസണ്‍, സിപിഒ കെ നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.