'എമ്പുരാന്‍' ധാര്‍മികതയുടെ ഗൂഢാലോചന: രണ്ട് മിനിറ്റ്, മൂന്ന് സെക്കന്റ് ഒഴിവാക്കുന്നതിന് മുന്നേയുള്ള 'എമ്പുരാന്‍' കാഴ്ചാനുഭവം

എന്‍ എം സിദ്ദീഖ്
സോവിയറ്റ് യൂണിയന്റെ പതനത്തെക്കുറിച്ച് സ്ലാവോജ് സിസേക് എഴുതിയ 'ഫോര്‍ ദെ നോ, നോട്ട് വാട്ട് ദെ ഡു' എന്നൊരു പഠനമുണ്ട്(ക്രിസ്തുവിന്റെ വചനമാണ് ആ വാക്യം). എല്ലാ അധികാരവും സോവിയറ്റുകള്‍ക്കായിരുന്നു. അണ്വായുധം വരെയുണ്ടായിരുന്നു. പക്ഷേ, ധാര്‍മികത സര്‍വാധികാരത്തിനെതിരായിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ധാര്‍മികതയുടെ ഗൂഢാലോചനയായിരുന്നു എന്ന് സിസേക് നിരീക്ഷിക്കുന്നുണ്ട്.
സാധാരണ മനുഷ്യന്റെ ഹൃദയത്തില്‍ അവാച്യമായ ധര്‍മബോധമുണ്ട്. സഹോദരന്‍ അന്യായമായി കൊല്ലപ്പെടുമ്പോള്‍ അയാള്‍ക്കായി നിലവിളിക്കുന്ന ഒന്ന്. ഗുജറാത്തില്‍ ഭീകരമായി മുസ്‌ലിംവേട്ട നടത്തിയവരില്‍ ചിലര്‍ പശ്ചാത്തപിച്ചു കണ്ടിട്ടില്ലേ? (എന്നാല്‍ അങ്ങനെയല്ല സംഘപരിവാര്‍ ഹിംസാത്മകത പ്രവര്‍ത്തിക്കുക). പക്ഷേ, ചരിത്രത്തില്‍ ഒരു ധാര്‍മിക ഗൂഡാലോചന ഫാഷിസത്തെ കാത്തിരിപ്പുണ്ട്.
പൃഥ്വിരാജ്-മുരളിഗോപി-മോഹന്‍ലാല്‍ ടീമിന്റെ 'എമ്പുരാന്‍' എന്ന സിനിമ സമാനതകളില്ലാത്ത സിനിമാചരിത്രമാവുകയാണ്. രണ്ടുനാള്‍ കൊണ്ടുതന്നെ 100 കോടി ക്ലബ്ബിലും അഞ്ചുനാള്‍ക്കകം 200 കോടി ക്ലബ്ബിലും എത്തിയ 'എമ്പുരാന്‍' ഫുള്‍പാക്ക്ഡ് എന്റര്‍ടൈനറായി സാങ്കേതികത്തികവോടെ വന്‍ ബജറ്റില്‍ നിര്‍മിച്ചിരിക്കുന്ന പാന്‍ ഇന്ത്യന്‍ സിനിമയാണ്. വന്‍ ഹോളിവുഡ്-ബോളിവുഡ്-തമിഴ് താരനിര, മലയാളത്തില്‍ നടാടെ 180 കോടി രൂപ മുതല്‍മുടക്ക്, പല ഭാഷകളില്‍, പല നാടുകളില്‍ ഒരേസമയം റിലീസായ ചിത്രം ചരിത്രത്തിലാദ്യമായി സ്വയം സെന്‍സറിങിന് വിധേയമായ സിനിമയുമാണ്. സെന്‍സറിങ് നിയമങ്ങളും സംവിധാനങ്ങളും കാര്യക്ഷമമായ ഇന്ത്യയില്‍ ആ കടമ്പ കടന്ന സിനിമ സംഘപരിവാര്‍-ആര്‍എസ്എസ് രൂക്ഷവിമര്‍ശനത്തിനിരയായാണ് രണ്ട് ദിനങ്ങള്‍ക്കകം പിന്നണി പ്രവര്‍ത്തകരാല്‍ സ്വയം സെന്‍സറിങിന് വിധേയമാകുന്നതായി ക്ഷമാപണസ്വരത്തില്‍ പ്രഖ്യാപിക്കപ്പെടുന്നത്.
റീജ്യണല്‍ ചെയര്‍മാനും നാലംഗങ്ങളുമടങ്ങുന്ന(അതില്‍ രണ്ടുപേര്‍ സ്ത്രീകളുമായിരിക്കണം) സെന്‍സര്‍ ബോര്‍ഡാണ് പ്രാദേശിക സിനിമകള്‍ നിശിതമായി പരിശോധിച്ച് സെന്‍സര്‍ ചെയ്യുന്നത്. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിത സെന്‍സര്‍ ബോര്‍ഡ് സംവിധാനത്തില്‍ സംഘപരിവാര്‍ നോമിനികളായവര്‍ നിശ്ചയമായുമുണ്ട്. ലഘുവായ ഇസ്രായേല്‍ വിമര്‍ശനം വരെ വച്ചുപൊറുപ്പിക്കാത്തവരാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍. അത്തരം സംവിധാനത്തെ മറികടന്നു പ്രേക്ഷക സമൂഹത്തിന് ദൃശ്യഗോചരമായ 'എമ്പുരാന്‍' ഝടുതിയില്‍ത്തന്നെ സംഘപരിവാര്‍ അലോസരത്തിന് പാത്രീഭവിച്ചാണ് വമ്പന്‍ വിവാദമായത്. അതത്രയും, പൃഥ്വിരാജ്-മുരളിഗോപി-മോഹന്‍ലാല്‍-ഗോകുലം ഗോപാലന്‍ ടീമില്‍നിന്ന് തികച്ചും അപ്രതീക്ഷിതമായിരുന്നു, വിശിഷ്യാ സംഘപരിവാരത്തിന്.
വിവാദത്തിലെ മുഖ്യ ഗുണഭോക്താവ് അതുമൂലം മാര്‍ക്കറ്റിങില്‍ പ്രതീക്ഷിച്ചതിലേറെ ഹൈപ്പ് ലഭിച്ച സിനിമയുടെ നിര്‍മാതാക്കളാണ്. പിന്നത്തെ ഗുണം, 2002 ഗുജറാത്ത് കലാപം പേര്‍ത്തും പേര്‍ത്തും വമ്പിച്ച ചര്‍ച്ചയാക്കുന്നതിലൂടെ വംശഹത്യയെ നിരന്തരമുന്നയിച്ച് ഡോക്യുമെന്റ് ചെയ്തുപോരുന്ന ഇന്ത്യന്‍ മതേതര മനസ്സാക്ഷിയുടെ ജാഗ്രതയ്ക്ക് നല്‍കുന്ന ഉണര്‍വുമാണ്. ഗാന്ധിവധം, ബാബരി ധ്വംസനം, ഗുജറാത്ത് എന്നീ ദശാസന്ധികളെ അപനിര്‍മിക്കാന്‍ നിരന്തരം ശ്രമപ്പെടുന്ന സംഘപരിവാരത്തെ എന്നുമെന്നും പിന്തുടര്‍ന്ന് വേട്ടയാടുന്ന തരം ആവിഷ്‌കാരങ്ങള്‍ ഫാഷിസത്തിന്റെ മായ്ക്കാനും മറക്കാനുമുള്ള ശ്രമങ്ങളെ തകര്‍ത്തുകളയുകയാണ്. ഒരു മുഖ്യധാരാ പക്കാ കമേഴ്‌സ്യല്‍ പടത്തിനു പോലും സത്യം സത്യമായി പറയേണ്ടിവരുന്ന പരമാർഥ ചരിത്രബോധം സ്വാംശീകരിക്കേണ്ടി വരുന്നുവെന്നത് നിസ്സാരമല്ല.
2002 ഫെബ്രുവരി 27ന് ഗോധ്ര സംഭവിച്ചില്ലായിരുന്നില്ലെങ്കിലും ഗുജറാത്ത് വംശഹത്യ നടക്കുമായിരുന്നുവെന്ന് ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞിട്ടുണ്ട്. തുടര്‍ന്നാണ് ഗുജറാത്തിലെ തെരുവുകളില്‍ 2,000 മുസ്‌ലിംകള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടത്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയുടെ കുപ്രസിദ്ധമായ ന്യൂട്ടോണിയന്‍ രാഷ്ട്രീയ പ്രസ്താവനയാണ് വംശഹത്യയുടെ രാസത്വരകമായത്. സകല സര്‍ക്കാര്‍ സംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചത് സായുധരായ ഹിന്ദുത്വര്‍ക്ക് വേണ്ടിയായിരുന്നു. അതില്‍ ലാഭമുണ്ടാക്കിയത് ഹിന്ദുത്വ ശക്തികള്‍ മാത്രമാണ്. അവര്‍ക്ക് ആദ്യം മുതലേ കൃത്യമായ പദ്ധതികളുണ്ടായിരുന്നു. അക്രമാസക്തമായ ആള്‍ക്കൂട്ടമായിരുന്നില്ല ഗുജറാത്തില്‍ വംശഹത്യ നടത്തിയത്. കൃത്യമായും ഒരു ഹിന്ദുത്വ മെഷിനറി അതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു. അതേ തലച്ചോറുകളാണ് വര്‍ത്തമാന ഇന്ത്യ ഭരിക്കുന്നത്. ഇക്കാര്യം സംശയരഹിതമായി 'എമ്പുരാന്‍' പറയുന്നുണ്ട് എന്നതാണ് സിനിമയുടെ വ്യതിരിക്തത.
അതേസമയം നിരവധി അനുഭവവിവരണങ്ങളിലൂടെയും ആശിഷ് ഖേതാനും മറ്റും നടത്തിയ സ്റ്റിങ് ഓപറേഷനുകളിലൂടെയും(തെഹല്‍ക സ്‌പെഷല്‍ എഡിഷന്‍, 2007) നാമറിഞ്ഞ, യഥാര്‍ഥത്തില്‍ സംഭവിച്ച ഹിന്ദുത്വ ഫാഷിസ്റ്റ് ക്രൗര്യത്തിന്റെ എത്രയോ ലഘുവായ ചിത്രണമാണ് സിനിമയിലുള്ളതെന്ന് കാണാനാവും. എന്നിരിക്കിലും ആദ്യ 20 മിനിറ്റ് നീളുന്ന ഗുജറാത്ത് കൂട്ടക്കൊല ദൃശ്യങ്ങള്‍ ബ്രഹ്മാണ്ഡ സിനിമയായ 'എമ്പുരാനി'ലെ അപ്രതീക്ഷിതവും അസ്വാഭാവികവുമായ രാഷ്ട്രീയ രേഖപ്പെടുത്തലായി മലയാള സിനിമാ ചരിത്രത്തിലിടം നേടുക തന്നെയാണ്.
സിനിമയിലെ കുറച്ചു സമയം മാത്രമാണ് ഹിംസാത്മകമായ ഹിന്ദുത്വ രാഷ്ട്രീയം ചര്‍ച്ചയാകുന്നതെങ്കിലും അതുപോലും കടുത്ത അസഹ്യതയാണ് ആര്‍എസ്എസിനുണ്ടാക്കിയത്. 'ഓര്‍ഗനൈസറി'ല്‍ തുടര്‍ച്ചയായി കടുത്ത വിമര്‍ശനമുയര്‍ന്നു. നായകകേന്ദ്രിതമായ മുഖ്യധാരാ സിനിമയില്‍ പതിവിന്‍പടി വ്യവസ്ഥയപ്പാടെ വെല്ലുവിളിക്കപ്പെടുകയും കോണ്‍ഗ്രസും സിപിഎമ്മും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും വല്ലാതെ പൊള്ളിയത് സംഘപരിവാരത്തിനാണ്. ഇത്ര ഗൗരവതരമായ പ്രമേയത്തിന് അനാവശ്യമായ പലതും സിനിമയില്‍ വരുന്നുവെന്ന വിമര്‍ശനം ലഘുവല്ല. എങ്കിലും വമ്പന്‍ മുതല്‍മുടക്കുള്ള കമേഴ്‌സ്യലായ ഒരു ബ്രഹ്മാണ്ഡ ചിത്രത്തില്‍ പലമടങ്ങായി പണം തിരികെവരാന്‍ പല ചേരുവകളും ചേരുംപടി ചേര്‍ക്കണമെന്നാണ് പ്രേക്ഷകതൃഷ്ണയെക്കുറിച്ചവര്‍ ധരിച്ചിരിക്കുന്നത്.
പൃഥ്വിരാജ്-മുരളിഗോപി-മോഹന്‍ലാല്‍ ടീമിന്റെ 'എമ്പുരാന്‍' സിനിമയില്‍ പ്രേക്ഷകപ്രീതിയെ അങ്ങേയറ്റം ഹഠാദാകര്‍ഷിക്കുന്ന സാങ്കേതികത്തികവുണ്ട്. അതേസമയം സിപിഎമ്മിനെ കട്ടന്‍ചായ-പരിപ്പുവട, 'കാരണഭൂതന്‍' ഫെയിം മെഗാ തിരുവാതിര എന്നിങ്ങനെ സിംബലൈസ് ചെയ്യുന്ന ക്ലീഷേകളും സിനിമയിലുണ്ട്. സിനിമയില്‍ ഒഴിവാക്കപ്പെടുന്ന ദൃശ്യത്തിലൊന്ന് രാഷ്ട്രീയവൈരത്തില്‍ പ്രിയദര്‍ശിനിയെ അറസ്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുടെ കാറിലെ എന്‍ഐഎ എന്ന ബോര്‍ഡാണ്. ഇഡി, എന്‍ഐഎ തുടങ്ങിയ ഏജന്‍സികളുടെ പണി അതാണെന്ന് ആര്‍ക്കാണറിയാത്തത്. സിനിമയിലെ വില്ലന്റെ പേര് 'ബാബു ബജ്‌രംഗി' എന്നതും മാറ്റുകയാണത്രേ. ഏത് പേരിട്ടായാലും 2002 ഗുജറാത്തിലെ രക്തദാഹികളെ ചരിത്രത്തിന് ഒഴിവാക്കാനാവുമോ?
ആദ്യ ഗുജറാത്ത് രംഗങ്ങള്‍ സിനിമയില്‍ മുഴച്ചുനില്‍ക്കാതെ വിളക്കിയ പരിണാമഗുപ്തി നിരൂപണത്തിന്റെ മര്യാദ മുന്‍നിറുത്തി വിവരിക്കുന്നില്ല. പക്ഷേ, എന്തുകൊണ്ടും ഒരു തട്ടുപൊളിപ്പന്‍ പടമെന്നതിലുപരി മാനങ്ങളിലേക്ക് 'എമ്പുരാനെ' ഉയര്‍ത്തിയത് ഗുജറാത്ത് 2002 രംഗങ്ങളും അതിലുള്ള ആര്‍എസ്എസ് അസഹിഷ്ണുതയുമാണ് എന്നതില്‍ തര്‍ക്കമില്ല. ഗൗരവതരമായി സിനിമ കാണുന്നവരെ സംബന്ധിച്ച് 'എമ്പുരാന്‍' സവിശേഷമാകുന്നത് ആദ്യ 20 മിനിറ്റ് നീളുന്ന 2002 ഗുജറാത്ത് ദൃശ്യാഖ്യാനവും ആ ദൃശ്യങ്ങളിലൂടെ പ്രക്ഷേപിക്കുന്ന രാഷ്ട്രീയവുമാണെന്നതാണ് വസ്തുത.
സിനിമയിലെ ഏതാനും രംഗങ്ങള്‍ പോയാലും അണിയറപ്രവര്‍ത്തകരുന്നയിച്ച പ്രശ്‌നങ്ങള്‍ നിലനില്‍ക്കും. അതിനെയാണ് എന്‍ എസ് മാധവന്‍ 'ഫാന്റം ലിംപ്' എന്ന് പറഞ്ഞത്. ഛേദിക്കപ്പെട്ടതോ ഇല്ലാത്തതോ ആയ കൈകാലുകള്‍ ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന അനുഭവമാണ് 'ഫാന്റം ലിംപ്'. 'എമ്പുരാന്‍' സിനിമയുടെ കട്ടുകള്‍ 'ഫാന്റം ലിംപു'കള്‍ ആയാണ് മാറാന്‍ പോകുന്നത് എന്നാണ് എന്‍ എസ് മാധവന്‍ 'എക്‌സി'ല്‍ കുറിച്ചത്. ഹിന്ദുത്വരെ അവരുടെ അനിവാര്യമായ പതനംവരെ ഗുജറാത്തിലെയും അവര്‍ നടത്തിയ നിരവധി ഹത്യകളിലെയും രക്തസാക്ഷികള്‍ വേട്ടയാടിക്കൊണ്ടിരിക്കും.