'പിടികൂടിയ സ്വര്‍ണവും ഹവാലയും രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു'; മലപ്പുറം ജില്ലയ്‌ക്കെതിരേ മുഖ്യമന്ത്രി

സ്വര്‍ണക്കടത്തും ഹവാല പണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പോലിസ് സ്വീകരിച്ച നടപടികളിലെ അഭിപ്രായവ്യത്യാസമാണ് സിപിഎം-ആര്‍എസ്എസ് അവിശുദ്ധ കൂട്ടുകെട്ടെന്ന ആരോപണത്തിന് പിന്നില്‍.

Update: 2024-09-30 10:34 GMT

കോഴിക്കോട്: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 150 കിലോ കോടിയുടെ സ്വര്‍ണവും 123 കോടി രൂപയുടെ ഹവാലയും മലപ്പുറം ജില്ലയില്‍നിന്ന് പിടികൂടിയെന്നും ഇവ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനാണ് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പി വി അന്‍വറിന്റെ ആരോപണങ്ങള്‍ക്കു മറുപടിയെന്നോണം ഡല്‍ഹിയില്‍ ദി ഹിന്ദു ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഗുരുതര പരാമര്‍ശം. മുസ്‌ലിം തീവ്രവാദ സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ സര്‍ക്കാര്‍ മുസ് ലിംകള്‍ക്കെതിരേയെന്ന് വ്യാജപ്രചാരണം നടത്തുകയാണ്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ സ്വര്‍ണക്കടത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി മുമ്പ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതും വാര്‍ത്തയായിരുന്നു. സ്വര്‍ണക്കടത്തും ഹവാല പണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പോലിസ് സ്വീകരിച്ച നടപടികളിലെ അഭിപ്രായവ്യത്യാസമാണ് സിപിഎം-ആര്‍എസ്എസ് അവിശുദ്ധ കൂട്ടുകെട്ടെന്ന ആരോപണത്തിന് പിന്നില്‍. മലപ്പുറത്ത് നിന്ന് സ്വര്‍ണവും ഹവാല പണവും പിടികൂടിയതിന്റെ പ്രതികരണം മാത്രമാണത്. രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് ഈ പ്രചാരണം. മറ്റ് തീവ്രവാദ ഘടകങ്ങളും വര്‍ഗീയ വിഭജനം പ്രോല്‍സാഹിപ്പിക്കുന്ന പ്രവര്‍ത്തനത്തിലാണ്. മലപ്പുറത്ത് സംസ്ഥാന പോലിസ് സേനയാണ് ഇത്രയും സ്വര്‍ണം പിടികൂടിയത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ പണം കേരളത്തിലെത്തുന്നത്. അന്‍വറിനെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ അന്വേഷിക്കാന്‍ ഞങ്ങള്‍ ഇതിനകം ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

    ഉന്നത പോലിസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ അംഗങ്ങളും ആര്‍എസ്എസ് ഉന്നത നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന ആരോപണത്തിലും മുഖ്യമന്ത്രി മറുപടി നല്‍കി. ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഎം, ആര്‍എസ്എസിനെയും മറ്റ് ഹിന്ദുത്വ ശക്തികളെയും ശക്തമായി എതിര്‍ത്തിട്ടുണ്ട്. അവര്‍ക്കെതിരേ സംസാരിച്ചതിന്റെ പേരില്‍ നമ്മുടെ പല സഖാക്കള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ നുണകള്‍ ആര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ല. ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ നാം മനസ്സിലാക്കണം. കേരളത്തിലെ ജനസംഖ്യയുടെ ഗണ്യമായ ഒരു ഭാഗം ന്യൂനപക്ഷ സമുദായങ്ങളാണ്.

    ദീര്‍ഘകാലമായി ഈ സമുദായങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിനൊപ്പമായിരുന്നു. എന്നാല്‍, അതൊക്കെ മാറി. ന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നു. തിരഞ്ഞെടുപ്പില്‍ നമ്മെ ബാധിക്കുമെന്നറിഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കാനുള്ള യുഡിഎഫിന്റെ ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണിത്. ആര്‍എസ്എസിനോട് മൃദുസമീപനമാണ് ഞങ്ങള്‍ക്കുള്ളതെന്ന് തെറ്റായ ആരോപണങ്ങളാണ് ഉയരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

    നേരത്തേ, പി വി അന്‍വര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്കയുന്നയിച്ച വിധത്തിലുള്ള കാര്യങ്ങളാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍നിന്ന് പുറത്തുവരുന്നത്. കരിപ്പൂര്‍ വിമാനത്താവളം വഴി കൊണ്ടുവരുന്ന സ്വര്‍ണം കസ്റ്റംസ് ഒത്താശയോടെ കേരളാ പോലിസ് പുറത്തുനിന്ന് പിടികൂടി തട്ടിപ്പ് നടത്തുന്നുവെന്നായിരുന്നു ആരോപണം. എഡിജിപി അജിത്ത് കുമാര്‍, മുന്‍ എസ് പി സുജിത്ത് ദാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായിരുന്നു ആരോപണം. മാത്രമല്ല, പോലിസ് മലപ്പുറത്തെ ക്രിമിനല്‍ ജില്ലയാക്കി മാറ്റാന്‍ പെറ്റി കേസുകളില്‍ പോലും വന്‍തോതില്‍ വര്‍ധനവ് വരുത്തുന്നതായും ആക്ഷേപമുണ്ടായിരുന്നു. മുസ് ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തെ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കേസുകളുള്ള ജില്ലയാക്കി മാറ്റാനുള്ള ഗൂഢനീക്കം നടക്കുന്നതായും വിവിധ രാഷ്ട്രീയ നേതാക്കള്‍ ആരോപിച്ചിരുന്നു.

Tags:    

Similar News