കൊവിഡ്: മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചാരണം; തമിഴ്‌നാട്ടില്‍ 359 പേര്‍ക്കെതിരേ കേസ് -കോടതി നടപടി എസ് ഡിപിഐ ഹര്‍ജിയില്‍
ചില ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തകളില്‍ 'കൊറോണ ജിഹാദ്', 'കൊറോണ ഭീകരത', 'കൊറോണ ബോംബ്' തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചതായും എസ് ഡിപിഐയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
ചെന്നൈ: കൊവിഡുമായി ബന്ധപ്പെട്ട് മുസ് ലിംകള്‍ക്കെതിരേ വ്യാജ ആരോപണങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ച സംഭവത്തില്‍ തമിഴ്‌നാട്ടില്‍ 159 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി തമിഴ്‌നാട് ഡിജിപി മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാന വ്യാപകമായി 159 കേസുകളിലായി 356 പേരാണ് പ്രതിപട്ടികയിലുള്ളതെന്ന് ഡിജിപി അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ട് മുസ് ലിംകള്‍ക്കെതിരേ വര്‍ഗീയ പ്രചരണങ്ങള്‍ നടത്തിയതിനാണ് കേസ്.
വിവിധ കേസുകളിലായി 86 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. 270 പേരെ പിടികൂടാനുണ്ടെന്നും ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, ആര്‍ ഹേമലത എന്നിവരുടെ ചോദ്യത്തിന് മറുപടിയായി ഡിജിപി അറിയിച്ചു. എസ്ഡിപിഐ നേതാവ് എഎസ്എ ഉമര്‍ ഫാറൂഖ് നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലാണ് കോടതി നടപടി.
തബ് ലീഗ് ജമാഅത്ത് സമ്മേളനത്തെ തുടര്‍ന്ന് മുസ് ലിംകള്‍ക്കെതിരേ വ്യാപകമായി വിദ്വേഷ പ്രചാരണം നടന്നതായും പ്രമുഖ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതായും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
ചില ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തകളില്‍ 'കൊറോണ ജിഹാദ്', 'കൊറോണ ഭീകരത', 'കൊറോണ ബോംബ്' തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചതായും എസ്ഡിപിഐയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. മുസ് ലിംകള്‍ക്കെതിരേ അപകീര്‍ത്തിപരാമായ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ കേന്ദ്രത്തിനും മുസ് ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചരണം നടത്തിയവര്‍ക്കെതിരേ കേസെടുക്കാന്‍ സംസ്ഥാന പോലിസിനും നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
അതേസമയം, വിഷയത്തില്‍ സുപ്രീംകോടതി ഇടപെട്ടിട്ടുണ്ടെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ആര്‍ ശങ്കരനാരായണന്‍ അറിയിച്ചു.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ സംസ്ഥാന വ്യാപകമായി കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഡിജിപിയും കോടതിയെ അറിയിച്ചു. മധുര സിറ്റി പോലിസ് രജിസ്റ്റര്‍ ചെയ്ത 19 കേസുകളില്‍ 167 പേര്‍ അറസ്റ്റിലാവാന്‍ ഉണ്ടെന്നും ഡിജിപി അറിയിച്ചു. ഈരോഡ് 17 കേസുകളും പുതുക്കോട്ടയില്‍ 12 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു. ഈ സാഹചര്യത്തില്‍ പൊതുതാല്‍പര്യ ഹര്‍ജി തള്ളണമെന്നും ഡിജിപി ആവശ്യപ്പെട്ടു. എന്നാല്‍, എതിര്‍സത്യവാങ്മൂലത്തിന് മറുപടി സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് തിങ്കളാഴ്ച്ചയിലേക്ക് മാറ്റി.