ലോകത്ത് ആകെ കൊവിഡ് മരണം 18.2 ദശലക്ഷം; ഇന്ത്യയില്‍ മാത്രം 4.1 ദശലക്ഷം, മരണസംഖ്യ ഔദ്യോഗിക കണക്കുകളേക്കാള്‍ മൂന്നിരട്ടി, പഠന റിപോര്‍ട്ട് പുറത്ത്

Update: 2022-03-11 10:25 GMT

ന്യൂയോര്‍ക്ക്: ലോകത്തെ തീരാദുരിതത്തിലാക്കിയ കൊവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകളേക്കാള്‍ മൂന്നിരട്ടി കൂടുതലാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങളിലും മേഖലകളും തിരിച്ച് നടത്തിയ വിശദമായ പഠനറിപോര്‍ട്ടിലാണ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്. സര്‍ക്കാര്‍ വകുപ്പുകളുടെ റിപോര്‍ട്ട് പ്രകാരം ലോകത്ത് കൊവിഡ് പടര്‍ന്നുപിടിച്ച ആദ്യ രണ്ട് വര്‍ഷങ്ങളില്‍ 18.2 ദശലക്ഷം പേര്‍ക്ക് ജീവഹാനി സംഭവിച്ചതായാണ് വിശദീകരിക്കുന്നത്. അതേസമയം, സര്‍ക്കാരിന്റെ കണക്ക് പ്രകാരം ഇത് 5.9 ദശലക്ഷം പേരാണ്. ഇന്ത്യയില്‍ മാത്രം 4.1 ദശലക്ഷം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ഔദ്യോഗിക കണക്കും ഇപ്പോള്‍ പുറത്തുവന്ന കണക്കും തമ്മില്‍ വലിയ തോതിലുള്ള പൊരുത്തക്കേടാണുണ്ടായിരിക്കുന്നത്. പരിശോധനയുടെ അഭാവവും വിശ്വസനീയമല്ലാത്ത മരണവിവര വിവരങ്ങളുമാണ് ഇത്തരമൊരു അന്തരമുണ്ടാവാന്‍ കാരണമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ആഗോള തലത്തില്‍ സ്പാനിഷ് പനിക്ക് ശേഷമുള്ള ഏറ്റവും വലിയ മരണസംഖ്യയാണിത്- പഠനം നടത്തിയ വാഷിങ്ടണ്‍ യൂനിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്റ് ഇവാലുവേഷന്‍ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ ജെ ല്‍ മുറെ പറഞ്ഞു. ലോകമെമ്പാടുമുള്ള മരണങ്ങളില്‍ കൊവിഡ് 17 ശതമാനമാണ് കുതിച്ചുചാട്ടമുണ്ടാക്കിയത്.

1918 ല്‍ പടര്‍ന്നിപിടിച്ച ഫഌ മഹാമാരി കുറഞ്ഞത് 50 ദശലക്ഷം ആളുകളെയാണ് കൊന്നത്. ശാസ്ത്രജ്ഞര്‍ 2020 ജനുവരി 1 നും 2021 ഡിസംബര്‍ 31നും ഇടയിലുള്ള മരണനിരക്കും മുന്‍വര്‍ഷങ്ങളിലെ മരണ നിരക്കുമായാണ് താരതമ്യ പഠനം നടത്തിയത്. കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്നാണ് മരണനിരക്ക് കുതിച്ചുയരുന്നതെന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നു. ചില മരണങ്ങള്‍ പരോക്ഷമായി സംഭവിച്ചതാവാം. മഹാമാരി സമയത്ത് ആരോഗ്യപരിരക്ഷയുടെയും മറ്റ് അവശ്യസേവനങ്ങളുടെയും ലഭ്യതക്കുറവോ അല്ലെങ്കില്‍ ആത്മഹത്യയിലേക്കോ മയക്കുമരുന്ന് ദുരുപയോഗത്തിലേക്കോ നയിച്ച പെരുമാറ്റ വ്യതിയാനങ്ങള്‍ മൂലമോ മരണങ്ങള്‍ സംഭവിച്ചതായും കണക്കാക്കുന്നു.

ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്ക് കാരണം കൊവിഡാണെന്ന് സ്വീഡനും നെതര്‍ലാന്‍ഡും ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍നിന്നുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നു- സിയാറ്റില്‍ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റിയൂട്ടിലെ ഹെല്‍ത്ത് മെട്രിക് സയന്‍സസ് അസോസിയേറ്റ് പ്രഫസര്‍ ഹൈഡോങ് വാങ് പ്രസ്താവനയില്‍ പറഞ്ഞു. ഫലപ്രദമായ പൊതുജനാരോഗ്യ തീരുമാനങ്ങളെടുക്കുന്നത് അത്യന്താപേക്ഷിതമാണ് എന്നാണ് കൊവിഡിന്റെ പേരിലുള്ള യഥാര്‍ഥ മരണസംഖ്യ നമുക്ക് മനസ്സിലാക്കിത്തരുന്നത്. മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടുതല്‍ നല്‍കുന്നത് കാര്യക്ഷമമാക്കുന്നതിലൂടെ സര്‍ക്കാരുകള്‍ക്ക് അവരുടെ പൗരന്‍മാരെ സംരക്ഷിക്കുന്നതിനുള്ള മികച്ച ശ്രമങ്ങള്‍ എങ്ങനെ നടത്താമെന്നതിന് വ്യക്തമായ ചിത്രം നല്‍കാനാവും.

എത്രപേര്‍ മരിക്കുന്നുവെന്നും ആ മരണങ്ങളുടെ കാരണവും നിരീക്ഷിക്കുന്നത് സര്‍ക്കാരുകള്‍ക്ക് മെച്ചപ്പെട്ട വിവരമുള്ള നയങ്ങളും മെച്ചപ്പെട്ട ആരോഗ്യഫലങ്ങളും രൂപപ്പെടുത്തുന്നതിന് അത്യന്താപേക്ഷിതമാണെന്ന് മഹാമാരി വ്യക്തമാക്കിത്തന്നു- വിവര ശേഖരണം ശക്തിപ്പെടുത്തുന്നതിന് താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന ബ്ലൂംബെര്‍ഗ് ഫിലാന്ത്രോപ്പിസിലെ ഡാറ്റാ ഫോര്‍ ഹെല്‍ത്ത് പ്രോഗ്രാമിന് നേതൃത്വം നല്‍കുന്ന ജെന്നിഫര്‍ എല്ലിസ് പറഞ്ഞു. 2020ല്‍ ഇതുവരെ 36 രാജ്യങ്ങള്‍ മാത്രമാണ് മരണകാരണ വിവരങ്ങള്‍ പുറത്തുവിട്ടത്.

സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍, മരണനിരക്ക് ഡാറ്റാബേസുകള്‍, യൂറോപ്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് എന്നിവയിലൂടെ 74 രാജ്യങ്ങളിലും 266 സംസ്ഥാനങ്ങളിലും പ്രവിശ്യകളിലും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെയും 11 മുന്‍ വര്‍ഷങ്ങളിലെയും മരണങ്ങളുടെ പ്രതിവാര അല്ലെങ്കില്‍ പ്രതിമാസ ഡാറ്റകള്‍ ഗവേഷകര്‍ ഉപയോഗിച്ചു. പ്രതിവാര അല്ലെങ്കില്‍ പ്രതിമാസ ഡാറ്റാ റിപോര്‍ട്ട് ചെയ്യാത്ത രാജ്യങ്ങളില്‍ അധികമരണങ്ങള്‍ പ്രവചിക്കാന്‍ ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ മോഡലാണ് പ്രയോഗിച്ചത്. അധികമരണങ്ങള്‍ ദക്ഷിണേഷ്യയില്‍ റിപോര്‍ട്ട് ചെയ്തതിനേക്കാള്‍ 9.5 മടങ്ങും സബ്‌സഹാറന്‍ ആഫ്രിക്കയില്‍ 14.2 മടങ്ങും കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തി.

ആഗോള മരണങ്ങളില്‍ വലിയ ജനസംഖ്യയുള്ളതില്‍ 22 ശതമാനവും അതായത് 4.1 ദശലക്ഷം മരണങ്ങളും ഇന്ത്യയിലാണ് സംഭവിച്ചത്. 1.1 മില്യന്‍ വീതമുള്ള യുഎസ്സും റഷ്യയും തൊട്ടുപിന്നില്‍. മെക്‌സിക്കോ, ബ്രസീല്‍, ഇന്തോനേസ്യ എന്നീ രാജ്യങ്ങളില്‍ ഉയര്‍ന്ന മരണസംഖ്യയില്‍ പിന്നാലെയുണ്ട്. യഥാര്‍ഥ കണക്കുകള്‍ നോക്കിയാല്‍ ലോകമെമ്പാടുമുള്ള ഓരോ ഒരുലക്ഷം ആളുകള്‍ക്കും 120 മരണങ്ങള്‍ കൂടുതലായുണ്ടെന്ന് ശാസ്ത്രജ്ഞര്‍ കണക്കാക്കി.

മാസ്‌ക് ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും മറ്റ് പൊതുജനാരോഗ്യ നടപടികളും സാംക്രമിക രോഗങ്ങള്‍ പിടിച്ചുനിര്‍ത്തുന്നതിന് കാരണമായിട്ടുണ്ട്. ഇത് ചില രാജ്യങ്ങളില്‍ മരണനിരക്ക് കുറച്ചു. ഐസ്‌ലാന്‍ഡ്, ആസ്‌ത്രേലിയ, സിംഗപ്പൂര്‍, ന്യൂസിലന്‍ഡ് എന്നിവയാണ് ഏറ്റവും കുറഞ്ഞ മരണനിരക്ക് കണക്കാക്കിയ സ്ഥലങ്ങള്‍. ഉയര്‍ന്ന പൊണ്ണത്തടിയുള്ള രാജ്യങ്ങളില്‍ മരണനിരക്ക് വളരെ മോശമാണ്. കൂടാതെ 'പ്രായം കൊവിഡിന് വളരെ വലിയ അപകടസാധ്യതയുള്ള ഘടകമാണ്. വടക്കേ അമേരിക്ക, യൂറോപ്പ്, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലെ പഴയ സമൂഹങ്ങളില്‍ മരണനിരക്ക് വളരെ കൂടുതലാണെന്നതില്‍ അതിശയിക്കാനില്ല- ഗവേഷകര്‍ പറയുന്നു.

Tags:    

Similar News