മഹാരാഷ്ട്രയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 10 മരണം, 17 പേര്‍ക്ക് പരിക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ മരിച്ചു. സായി ബാബ ഭക്തര്‍ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. 17 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാസിക്- ഷിര്‍ദി പാതയില്‍ പഥാരെയ്ക്ക് അടുത്ത് രാവിലെ ഏഴോടെയായിരുന്നു സംഭവം. താനെയിലെ അംബെര്‍നാഥില്‍നിന്ന് അഹ്മദ്‌നഗറിലെ ഷിര്‍ദി ക്ഷേത്രത്തിലേക്ക് സായി ബാബ ഭക്തരുമായി തിരിച്ചതായിരുന്നു ബസ്. ഈ സമയത്ത് എതിരെനിന്നു വന്ന ട്രക്കുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ മരിച്ചവരില്‍ ഏഴുപേരും സ്ത്രീകളാണെന്നാണ് പുറത്തുവരുന്ന വിവരം. രണ്ട് കുട്ടികളും മരിച്ചവരിലുണ്ടെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. 45 പേരാണ് ബസ്സിലുണ്ടായിരുന്നതെന്നാണ് വിവരം. അപകടകാരണം വ്യക്തമായിട്ടില്ല. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. അപകടത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.