വീണ്ടും 'ആള്‍ക്കൂട്ടം': ബംഗാളില്‍ മോഷണമാരോപിച്ച് മുസ് ലിം യുവാവിനെ കൊന്നു
20വയസ്സുകാരന്‍ സനാഉല്‍ ഷെയ്ക്ക് ബംഗാളിലെ വൈഷ്ണവ് നഗര്‍ ബസാറില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.
കൊല്‍ക്കത്ത: ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് പശ്ചിമബംഗാളില്‍ മുസ്‌ലിം യുവാവിനെ 'ആള്‍ക്കൂട്ടം' മര്‍ദ്ദിച്ചു കൊന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് 20വയസ്സുകാരന്‍ സനാഉല്‍ ഷെയ്ക്ക് ബംഗാളിലെ വൈഷ്ണവ് നഗര്‍ ബസാറില്‍ 'ആള്‍ക്കൂട്ടത്തിന്റെ' ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. യുവാവിനെ മര്‍ദിക്കുന്ന ദൃശ്യം സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്.
യുവാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തിട്ടുണ്ട്. അതേസമയം, ദൃശ്യത്തില്‍ യുവാവിനെ ആക്രമിക്കുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തതായി മാള്‍ഡ എസ്പി അലോക് രജോരിയ പറഞ്ഞു. ക്രൂര മര്‍ദനത്തെ തുടര്‍ന്ന് പരിക്കേറ്റ യുവാവിനെ ബെദ്രാബാദ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത് പിന്നീട് സ്ഥിതി ഗുരുതരമായതോടെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ശനിയാഴ്ചയോടെ സനാഉല്‍ ഷെയ്ക്ക് മരിച്ചു. തുടര്‍ന്ന് യുവാവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് സംസ്‌കാരത്തിന് വിട്ടുകൊടുത്തതോടെയാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.
സംഭവത്തില്‍ സാമുദായിക പ്രശ്‌നത്തിന് സാധ്യതയില്ലെന്നാണ് ജില്ലാ പരിഷദ് അധ്യക്ഷന്‍ ചന്ദന സര്‍ക്കാര്‍ പറയുന്നത്. യുവാവിനെ മുമ്പും മോഷണക്കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൊല നിര്‍ഭാഗ്യകരവുമാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, യുവാവിന് നീതി കിട്ടണമെന്നാവശ്യപ്പെട്ട് വൈഷ്ണവ് നഗര്‍ പോലിസ് സ്‌റ്റേഷനിലേക്ക് പ്രദേശവാസികള്‍ മാര്‍ച്ച് നടത്തി. പ്രതിഷേധക്കാര്‍ ദേശീയപാത 34ഉം ഉപരോധിച്ചു.