'നേരിടാനുള്ളത് 38,000 കേസുകള്‍'; ജോണ്‍സന്‍ & ജോണ്‍സന്‍ കമ്പനി 2023ഓടെ ബേബി പൗഡര്‍ വില്‍പ്പന നിര്‍ത്തുന്നു
ന്യൂയോര്‍ക്ക്: ഹെല്‍ത്ത്‌കെയര്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 2023 മുതല്‍ ആഗോളതലത്തില്‍ ബേബി ടാല്‍ക്കം പൗഡറിന്റെ വില്‍പ്പന നിര്‍ത്തുന്നു. രണ്ട് വര്‍ഷം മുമ്പ് അമേരിക്കയിലും കാനഡയിലും ഇവര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്തിയിരുന്നു.
ഉല്‍പന്നത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരേ നിരവധി കേസുകളാണ് ലോകത്തെ വിവിധ കോടതികളിലായി നിലവിലുളളത്. ഇതേ തുടര്‍ന്നാണ് വില്‍പ്പന നിര്‍ത്താന്‍ തീരുമാനിച്ചത്.
റോയിട്ടേഴ്‌സ് പറയുന്നതനുസരിച്ച്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഏകദേശം 38,000 കേസുകളാണ് നേരിടുന്നത്. കമ്പനിയുടെ ടാല്‍ക്കം ഉല്‍പ്പന്നങ്ങളില്‍ ആസ്ബറ്റോസ് കലര്‍ന്നിട്ടുണ്ടെന്നും ഇത് കാന്‍സറിന് കാരണമാവുമെന്നും ആരോപിക്കപ്പെടുന്നു.
കോണ്‍സ്റ്റാര്‍ച്ച് അടിസ്ഥാനമാക്കിയ സാങ്കേതികവിദ്യയിലേക്ക് മാറാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. അതുവഴി ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് കമ്പനി അറിയിച്ചു.
കമ്പനിയുടെ ബേബി പൗഡര്‍ മെസോതെലിയോമയ്ക്ക് കാരണമായതായി ആക്ഷേപമുണ്ട്. ഇത് സാധാരണയായി ആസ്ബറ്റോസ് മൂലം ശ്വാസകോശങ്ങളെയും മറ്റ് അവയവങ്ങളെയും ബാധിക്കുന്ന ക്യാന്‍സറാണ്. ഭേദമാക്കാനും ബുദ്ധിമുട്ടാണ്.
ആസ്ബറ്റോസ് ക്യാന്‍സറിന് കാരണമാകുമെന്ന് കരുതപ്പെടുന്നു. സമ്പര്‍ക്കം പുലര്‍ത്തി പതിറ്റാണ്ടുകള്‍ക്ക് ശേഷം മാത്രമേ ഇവ പ്രത്യക്ഷപ്പെടുകയുള്ളൂ.
2018ല്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ടാല്‍ക്കം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതിനുശേഷം അണ്ഡാശയ ക്യാന്‍സര്‍ ബാധിച്ചതായി അവകാശപ്പെട്ട 22 സ്ത്രീകള്‍ക്ക് 37,476 കോടി രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ടാല്‍ക്കം ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്നും ക്യാന്‍സറിന് കാരണമാകില്ലെന്നുമാണ് കമ്പനിയുടെ വാദം. ടാല്‍ക്കം പൗഡര്‍ സുരക്ഷിതമാണെന്നാണ് ഇപ്പോഴും തങ്ങളുടെ നിലപാടെന്ന് കമ്പനി അറിയിച്ചു. അതിന് ആരോഗ്യവിദഗ്ധര്‍ തെളിവ് ഹാജരാക്കിയിട്ടുണ്ടെന്നും കമ്പനി പറയുന്നു.
2019ല്‍, ഇന്ത്യയിലെ ബാലാവകാശ സംരക്ഷണ ദേശീയ കമ്മീഷന്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണോട് ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയ ബേബി ഷാംപൂവിന്റെ ഒരു ബാച്ച് പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ബേബി ഷാംപൂവിന്റെ രണ്ട് ബാച്ചുകളില്‍ ഫോര്‍മാല്‍ഡിഹൈഡ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഉത്തരവ്.
ഫോര്‍മാല്‍ഡിഹൈഡ് അര്‍ബുദത്തിന് കാരണമാവുന്ന രാസവസ്തുവാണ്.