രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരേ ഹിന്ദുത്വ ആക്രമണം വര്‍ധിക്കുന്നു; 2021ല്‍ മാത്രം 761 അക്രമസംഭവങ്ങള്‍

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഫിയാക്കോണ നടത്തിയ സര്‍വേ പ്രകാരം 72 ശതമാനം ക്രിസ്ത്യാനികളും പോലിസ് തങ്ങളുടെ ജീവനും സ്വാതന്ത്ര്യവും സ്വത്തും ജീവിതരീതിയും സംരക്ഷിക്കില്ലെന്ന് വിശ്വസിക്കുന്നവരാണ്. ഇന്ത്യയുടെ ജുഡീഷ്യറിയും സ്വതന്ത്രവും നിഷ്പക്ഷവുമാണെന്ന് കാണാനാവില്ല.

Update: 2022-04-12 14:22 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരേ ഹിന്ദുത്വ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതായി റിപോര്‍ട്ട്. 2021ല്‍ 'ആള്‍ക്കൂട്ട' ആക്രമണങ്ങളും സായുധാക്രമണങ്ങളും ഉള്‍പ്പെടെ ക്രിസ്ത്യാനികള്‍ക്കെതിരായ 761 അക്രമസംഭവങ്ങളെങ്കിലും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍സ് ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. അക്രമം പ്രോല്‍സാഹിപ്പിക്കുകയും മതന്യൂനപക്ഷങ്ങളെ ഒഴിവാക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്താന്‍ ഫെഡറേഷന്‍ യുഎസ്, യൂറോപ്യന്‍ സര്‍ക്കാരുകളോട് ശുപാര്‍ശ ചെയ്തു.

കഴിഞ്ഞ കുറച്ചുനാളുകളായി രാജ്യത്ത് പല സംസ്ഥാനങ്ങളിലും ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍ക്കെതിരേയും ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരേയും ഹിന്ദുത്വര്‍ വ്യാപകമായി ആക്രമണം അഴിച്ചുവിടുകയാണ്. ഉത്തരേന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരേ ഒരുദിവസം 13 വര്‍ഗീയ ആക്രമണങ്ങള്‍ നടന്നതായി ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ(ഇഎഫ്‌ഐ)യുടെ റിലീജ്യസ് ലിബര്‍ട്ടി കമ്മീഷന്റെ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കര്‍ണാടക, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതല്‍ ആക്രമണത്തിനിരയായിട്ടുള്ളത്.

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ പള്ളികളില്‍ നടക്കുന്ന പ്രാര്‍ത്ഥനാ യോഗങ്ങളിലേക്ക് ഇരച്ചുകയറുകയും പള്ളി അക്രമിക്കുകയും ക്രിസ്ത്യന്‍ മതഗ്രന്ഥങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പല സ്ഥലത്തും പോലിസും ഭരണകൂടവും അക്രമികള്‍ക്ക് കുടപിടിക്കുന്ന സമീപനമാണ് സ്വീകരിച്ചുവരുന്നത്. രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങളില്‍ വളരെ ചെറിയ ഭാഗം മാത്രമാണ് പുറത്തുവരുന്നതെന്നാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ റിപോര്‍ട്ട് അടിവരയിടുന്നത്. '2021 ഇന്ത്യയിലെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഏറ്റവും അക്രമാസക്തമായ വര്‍ഷമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു'- ഈ ആഴ്ച വാഷിങ്ടണ്‍ ഡിസിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ ഫിയാക്കോണയുടെ ചെയര്‍മാന്‍ ജോണ്‍ പ്രഭുദോസ് പറഞ്ഞു.

761 അക്രമസംഭവങ്ങളാണ് 2021 ല്‍ രേഖപ്പെടുത്തുകയും വിശകലനം ചെയ്യുകയും ചെയ്തത്. എന്നാല്‍, മിക്ക സംഭവങ്ങളും റിപോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങളുടെ എണ്ണം വളരെ കൂടുതലാവാനാണ് സാധ്യതയെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയില്‍ ക്രിസ്ത്യാനികളും മറ്റ് ന്യൂനപക്ഷങ്ങളും പോലിസിനെ വിശ്വസിക്കുന്നില്ല. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍. ഇന്ത്യയിലെ നിലവിലെ ശത്രുതാപരമായ അന്തരീക്ഷം ആ അവിശ്വാസം വര്‍ധിപ്പിക്കുന്നു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഫിയാക്കോണ നടത്തിയ സര്‍വേ പ്രകാരം 72 ശതമാനം ക്രിസ്ത്യാനികളും പോലിസ് തങ്ങളുടെ ജീവനും സ്വാതന്ത്ര്യവും സ്വത്തും ജീവിതരീതിയും സംരക്ഷിക്കില്ലെന്ന് വിശ്വസിക്കുന്നവരാണ്. ഇന്ത്യയുടെ ജുഡീഷ്യറിയും സ്വതന്ത്രവും നിഷ്പക്ഷവുമാണെന്ന് കാണാനാവില്ല. ഇന്ത്യയിലെ ഉയര്‍ന്ന കോടതികള്‍ പോലും കേസുകളുടെ നിയമപരമായ യോഗ്യതയെ അടിസ്ഥാനമാക്കുന്നതിന് പകരം രാഷ്ട്രീയ കേന്ദ്രങ്ങളുടെ കാഴ്ചപ്പാടുകള്‍ക്ക് അനുകൂലമായ വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുന്നു. ഈയിടെയുള്ള പല വിധിന്യായങ്ങളും ഹൈക്കോടതികളുടെ സത്യസന്ധതയില്‍ വിട്ടുവീഴ്ച ചെയ്യുന്നുണ്ടോ എന്ന് ആശ്ചര്യപ്പെടുത്തുന്നതാണ്- റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ സാധാരണ പൗരന്‍മാര്‍, പ്രത്യേകിച്ച് മതന്യൂനപക്ഷങ്ങള്‍, ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ 'ഹിന്ദുത്വ' എന്ന ഭൂരിപക്ഷ പ്രത്യയശാസ്ത്രം നടപ്പാക്കുകയാണെന്ന് നിരീക്ഷിക്കുന്നവരാണ്. ആര്‍എസ്എസ് ക്രിസ്ത്യാനികളെ ഉന്‍മൂലനം ചെയ്യാനും തരംതാഴ്ത്താനുമുള്ള തീവ്രവും അക്രമാസക്തവുമായ മാര്‍ഗങ്ങള്‍ നടത്തിവരികയാണ്. മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയും വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ഹിന്ദു ദേശീയവാദികളുമായി ചില മാധ്യമങ്ങളും സോഷ്യല്‍ മീഡിയ ഭീമന്‍മാരും കൈകോര്‍ക്കുകയാണെന്നും റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

ഒട്ടുമിക്ക പത്ര, ദൃശ്യ മാധ്യമസ്ഥാപനങ്ങളും ഹിന്ദുത്വ ദേശീയ വാദികളായ മുതലാളിമാരുടെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ആണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പോലും തീവ്ര ഹിന്ദു അനുഭാവികളാല്‍ കൈകാര്യം ചെയ്യപ്പെടുന്നു എന്നത് സ്ഥിരീകരിക്കപ്പെട്ടതാണെന്ന് റിപോര്‍ട്ട് പറയുന്നു. 2021 ഡിസംബര്‍ 17 മുതല്‍ 19 വരെ ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ നഗരത്തില്‍ നടന്ന ധര്‍മ സന്‍സദ് ഹിന്ദുമതസമ്മേളനം മതന്യൂനപക്ഷങ്ങള്‍ക്കെതിരേ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തതായി റിപോര്‍ട്ട് ചൂണ്ടിക്കാട്ടി.

ഫെബ്രുവരി 25ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്‍ണാടകയില്‍ മറ്റൊരു ഹിന്ദു ദേശീയവാദി സംഘം നടത്തിയത് വംശഹത്യയ്ക്കുള്ള മറ്റൊരു ആഹ്വാനമായിരുന്നു. ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന വ്യാജാരോപണത്തില്‍ അറസ്റ്റ് ചെയ്യുന്നതിനുള്ള ഒരു ഉപകരണമായി ഇന്ത്യയുടെ 'മതപരിവര്‍ത്തന വിരുദ്ധ' നിയമങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് റിപോര്‍ട്ട് പ്രസ്താവിച്ചു. ഫറാ (FARA) ചട്ടങ്ങള്‍ക്ക് കീഴില്‍ വിദേശ ഏജന്റ് എന്ന നിലയില്‍ യുഎസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനയായ ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് BJP USA ഇന്ത്യയിലെ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പിന്തുണാ സംവിധാനം നല്‍കുന്നതിനുള്ള ആര്‍എസ്എസ്സിന്റെ ഒരു ശാഖ കൂടിയാണ്.

മതന്യൂനപക്ഷങ്ങളെ സമൂഹത്തില്‍ നിന്ന് ഉന്‍മൂലനെ ചെയ്യുന്നതിന് പ്രോല്‍സാഹിപ്പിക്കുന്ന പ്രധാന ഉദ്യോഗസ്ഥരെ യുനൈറ്റഡ് സ്‌റ്റേറ്റ്‌സും യൂറോപ്യന്‍ സര്‍ക്കാരുകളും തിരിച്ചറിയണമെന്ന് ശുപാര്‍ശ ചെയ്യുന്നതായും റിപോര്‍ട്ട് പറയുന്നു. ഈ വര്‍ഷമാദ്യം ഇന്ത്യയില്‍ യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യുസിഎഫ്) പുറത്തിറക്കിയ മറ്റൊരു റിപോര്‍ട്ട് പ്രകാരം 2021ല്‍ കുറഞ്ഞത് 486 ക്രിസ്ത്യന്‍ പീഡന സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ വിശ്വാസികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തശേഷമാണ് 'ആള്‍ക്കൂട്ടം' പോലിസിന് കൈമാറുന്നത്. 486 കേസുകളില്‍ 34 ഔപചാരിക പരാതികള്‍ മാത്രമാണ് പോലിസ് രജിസ്റ്റര്‍ ചെയ്തത്. പോലിസ് സ്‌റ്റേഷനുകള്‍ക്ക് പുറത്ത് പലപ്പോഴും ഇവര്‍ വര്‍ഗീയ മുദ്രാവാക്യം വിളിക്കുന്നു. അവിടെ പോലീസ് നിശബ്ദരായ കാഴ്ചക്കാരായി മറുകയാണ്. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളായിരിക്കണമെന്നും രാജ്യം ക്രിസ്തുമതത്തില്‍ നിന്നും ഇസ്‌ലാമില്‍ നിന്നും മുക്തമാകണമെന്നും ഹിന്ദുത്വ തീവ്രവാദികള്‍ വിശ്വസിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കാന്‍ അവര്‍ വ്യാപക അക്രമം അഴിച്ചുവിടുകയാണെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Tags:    

Similar News