മ്യാന്‍മറില്‍ ജനകീയ പ്രക്ഷോഭത്തിന് നേരെ സൈനിക നടപടി; 82 പേര്‍ കൊല്ലപ്പെട്ടു

ഫെബ്രുവരിയിലെ പട്ടാള അട്ടിമറിക്ക് ശേഷം തുടങ്ങിയ ജനകീയ പ്രക്ഷോഭത്തില്‍ തോക്കിന്‍ മുമ്പില്‍ പൊലിഞ്ഞത് 618 ജീവനുകളാണ്.

Update: 2021-04-11 05:49 GMT

നയ്പിഡോ: മ്യാന്‍മറില്‍ ജനകീയ പ്രക്ഷോഭത്തിന് നേരെ നരനായാട്ട് തുടര്‍ന്ന് സൈന്യം. പ്രക്ഷോഭകരെ കണ്ടാലുടന്‍ വെടിവയ്ക്കണമെന്ന സൈനിക മേധാവിയുടെ നിര്‍ദേശം സൈന്യം അണുവിട തെറ്റാതെ പാലിച്ചു. സൈനിക വെടിവയ്പ്പില്‍ 82 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച്ച യാങ്കൂണ്‍ നഗരത്തിന് സമീപം നടന്ന സൈനിക വെടിവയ്പ്പിലാണ് 82 പേര്‍ കൊല്ലപ്പെട്ടത്. 'വംശഹത്യക്ക് സമാനമായ കൂട്ടക്കുരിതിയാണ് നടന്നതെന്ന് പ്രക്ഷോഭകനെ ഉദ്ധരിച്ച് വാര്‍ത്താ ഏജിന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഫെബ്രുവരിയിലെ പട്ടാള അട്ടിമറിക്ക് ശേഷം തുടങ്ങിയ ജനകീയ പ്രക്ഷോഭത്തില്‍ തോക്കിന്‍ മുമ്പില്‍ പൊലിഞ്ഞത് 618 ജീവനുകളാണ്. മാന്‍ഡലെയില്‍ 29 പേരും യാങ്കൂണില്‍ 24 പേരും ദിവസങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെട്ടന്നാണ് മ്യാന്മര്‍ നൗ വാര്‍ത്താ ചാനല്‍ പുറത്തുവിട്ട വിവരം.

യൂറോപ്യന്‍ യൂണിയനും യുഎസും മ്യാന്മറിന് നേരെ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ റഷ്യയുടേയും ചൈനയുടേയും പിന്തുണയുടെ കരുത്തിലാണ് സൈന്യത്തിന്റെ പ്രക്ഷോഭവേട്ട.

Tags:    

Similar News