
ഹന്ന ഈദ്
ഗസയില്‍ സയണിസ്റ്റ് സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യ പിന്തിരിപ്പന്‍മാര്‍ക്കും വിപ്ലവകാരികള്‍ക്കും ഒരു പോലെ പ്രാധാന്യമുള്ള സംഭവമാണ്. അനീതിക്കെതിരെയുള്ള ഗറില്ലാ യുദ്ധത്തിന്റെ വികാസം പരിശോധിക്കുന്നവര്‍ക്ക് ഗസ ഒരു പാഠപുസ്തകമാണ്. 'സമയവും സ്ഥലവും ഇച്ഛയും' ഗറില്ലാ യുദ്ധതന്ത്രത്തില്‍, പ്രത്യേകിച്ച് ഫലസ്തീനി സൈനികതന്ത്രത്തില്‍ വളരെ പ്രധാനമാണ്.
ജപ്പാന്‍, ഫ്രാന്‍സ്, തെക്കന്‍ വിയറ്റ്‌നാം, യുഎസ് എന്നീ രാജ്യങ്ങളെ പരാജയപ്പെടുത്തിയ കമ്മ്യൂണിസ്റ്റ് വിയറ്റ്‌നാമിലെ ജനറല്‍ വോ നുയെന്‍ ഗിയാപ്പും ചൈനയിലെ മാവോ സേതുങ്ങും അക്കാലത്ത് ഗറില്ലാ യുദ്ധത്തെ ആധുനികവല്‍ക്കരിച്ചവരാണ്. മുള്ളന്‍ പന്നിയെ പോലെ ജീവിക്കുകയും ചെള്ളിനെ പോലെ പോരാടുകയും ചെയ്യണമെന്നാണ് 2017ല്‍ ഇസ്രായേലി സൈന്യം വെടിവച്ചു കൊന്ന ഫലസ്തീനി എഴുത്തുകാരനായ ബാസില്‍ അല്‍ അരാജ് ഗറില്ലാ യുദ്ധത്തെ കുറിച്ച് പറഞ്ഞത്. ഈ 'ചെള്ളുയുദ്ധം' എങ്ങനെയാണ് ശത്രുവിനെ ക്ഷീണിപ്പിക്കുകയും മാനസികമായും ശാരീരികമായും പ്രയാസപ്പെടുത്തുകയെന്നും അല്‍ അരാജ് വിശദീകരിച്ചിരുന്നു.

ജനറല്‍ വോ നുയെന്‍

മാവോ

ബാസില്‍ അല്‍ അരാജ്
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഗറില്ലാ യുദ്ധം പ്രായോഗികമായി വികസിക്കുന്ന സ്ഥലമാണ് ഫലസ്തീന്‍. സൈനിക യൂണിറ്റുകളുടെ ഭൂമിശാസ്ത്രപരമായ വിന്യാസം, ഇസ്രായേലിനെതിരെ പോരാടുന്ന വിവിധ വിഭാഗങ്ങളുമായുള്ള ഐക്യം, തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങളുടെ ഉപയോഗം, സയണിസ്റ്റുകളില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങളുടെ ഉപയോഗം എന്നിവയാണ് ഹമാസിന്റെ നേതൃത്വത്തിലുള്ള തൂഫാനുല്‍ അഖ്‌സ വിജയിക്കാന്‍ കാരണമായത്.
അല്‍ ഖസ്സാം ബ്രിഗേഡിന്റെ വീഡിയോകള്‍ ലോകജനതയ്ക്ക് മുന്നില്‍ എത്തിക്കുന്നതില്‍ ഇലക്ട്രോണിക് ഇന്‍തിഫാദയിലെ ജോണ്‍ എല്‍മര്‍ നിര്‍ണായകമായ പങ്കുവഹിച്ചിരുന്നു. വിവിധ ഫലസ്തീനിയന്‍ പ്രതിരോധ പ്രസ്ഥാനങ്ങള്‍ ടെലഗ്രാമിലും മറ്റു മാധ്യമങ്ങളിലൂടെയും പുറത്തുവിടുന്ന വീഡിയോകളും മറ്റും അദ്ദേഹം പ്രസിദ്ധീകരിച്ചു. പോരാളികള്‍ സ്വീകരിക്കുന്ന അടവുകളും തന്ത്രങ്ങളും ഉപയോഗിക്കുന്ന ആയുധങ്ങളും അദ്ദേഹം നിരീക്ഷിച്ചു. ഇത് ഓരോ ദിവസത്തെയും പ്രതിരോധ റിപോര്‍ട്ടില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഗസയിലെ പ്രതിരോധം ചെറിയ, മൊബൈല്‍ ഗറില്ലാ യൂണിറ്റുകളായി ക്രമീകരിച്ചിരുന്നു എന്ന വസ്തുത എല്‍മര്‍ ചൂണ്ടിക്കാട്ടി. സയണിസ്റ്റുകള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഭൂമിയുമായി അടുത്തബന്ധമുള്ള ഈ ചെറിയ യൂണിറ്റുകള്‍ക്ക് ഇസ്രായേലി ആക്രമണങ്ങളെ ചെറുക്കാനും ഇസ്രായേലി സൈനികര്‍ക്കും സായുധ കവചിത വാഹനങ്ങള്‍ക്കും ഡി9 ബുള്‍ഡോസറുകള്‍ക്കും മെര്‍ക്കാവ ടാങ്കുകള്‍ക്കും വലിയ നാശമുണ്ടാക്കാനും സാധിച്ചു. കീഴടക്കിയെന്ന് ഇസ്രായേല്‍ അവകാശപ്പെട്ട പ്രദേശങ്ങളില്‍ തന്നെ ഇസ്രായേലി സൈനികര്‍ ആക്രമിക്കപ്പെട്ടത് എങ്ങനെയായിരിക്കും?. ഇസ്രായേലി സെനികരുടെ സ്ഥാനം അറിയാന്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഗറില്ലകള്‍ ഉപയോഗിച്ചിരുന്നു. അതായത് ശത്രുവിന്റെ സാങ്കേതിക വിദ്യ തന്നെ എതിരായി ഉപയോഗിച്ചു.
മന:ശാസ്ത്ര യുദ്ധം
'യുദ്ധത്തിന്റെ സ്വഭാവത്തെ കുറിച്ചുള്ള എട്ട് നിയമങ്ങള്‍' (അനുബന്ധമായി ചേര്‍ക്കുന്നു) എന്ന രേഖയില്‍ മനശാസ്ത്രയുദ്ധത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അല്‍ അരാജ് പറയുന്നുണ്ട്. ''ഗസയിലെ തങ്ങളുടെ അധിനിവേശത്തിന്റെ ചിത്രങ്ങളും വീഡിയോകളും ശത്രു പ്രചരിപ്പിക്കും.... നിങ്ങളുടെ ശത്രുക്കളെ അവര്‍ ആഗ്രഹിക്കുന്നത് പോലെ മുന്നേറാന്‍ അനുവദിക്കുക. അങ്ങനെ അവരെ കെണിയില്‍ കുടുക്കി വേണം ആക്രമിക്കാന്‍. പോരാട്ടത്തിന്റെ സ്ഥലവും സമയവും നിങ്ങളാണ് തീരുമാനിക്കുക. സയണിസ്റ്റുകളെ ആക്രമിക്കാന്‍ വിവിധ പ്രദേശങ്ങളില്‍ കൂടുതല്‍ പോരാളികളെ വിന്യസിക്കുന്നതിന് പകരം ഭൂമിശാസ്ത്രപരമായി ചെറിയ യൂണിറ്റുകളെ വിന്യസിക്കുന്നത് പ്രതിരോധ വിഭാഗങ്ങളുടെ ശക്തി പരമാവധിയാക്കാനും ശത്രുവിനെ മറികടക്കാനും സഹായിക്കും.''
സയണിസ്റ്റ് അധിനിവേശത്തിനെതിരെ ഫലസ്തീന്‍ ദേശീയ ഐക്യം രൂപപ്പെടാന്‍ നിരവധി സംഭവങ്ങള്‍ കാരണമായിട്ടുണ്ട്. ഇസ്രായേലി ജയിലുകളില്‍ അടക്കപ്പെട്ട ഫലസ്തീനി പോരാളികള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച് തയ്യാറാക്കിയ 2006ലെ രേഖ ഇതില്‍ നിര്‍ണായകമായിരുന്നു. 2011ല്‍ ഇസ്രായേലി സൈനികന്‍ ഗിലാദ് ഷാലിതിനെ വിട്ടയക്കാനുള്ള കരാറിന്റെ ഭാഗമായി വിവിധ ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളിലെ നേതാക്കളെ വിട്ടുകിട്ടിയപ്പോള്‍ ദേശീയ ഐക്യത്തില്‍ വലിയ മുന്നേറ്റമുണ്ടായി. 2021ലെ ഐക്യ ഇന്‍തിഫാദയും സംയുക്ത ഓപ്പറേഷന്‍സ് റൂം രൂപീകരണവും ഇതിന്റെ തുടര്‍ച്ചയാണ്. 2023 ഒക്‌ടോബര്‍ ഏഴിന് നടന്ന തൂഫാനുല്‍ അഖ്‌സയില്‍ ഈ ഓപ്പറേഷന്‍സ് റൂം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായി. ഫലസ്തീന്‍ വിമോചനം ലക്ഷ്യമിടുന്ന മാര്‍ക്‌സിസ്റ്റ് സംഘടനകള്‍, ഇസ്‌ലാമിക സംഘടനകള്‍, ദേശസ്‌നേഹ ഗ്രൂപ്പുകള്‍, ദേശീയ ഗ്രൂപ്പുകള്‍ തുടങ്ങി എല്ലാവരും തൂഫാനുല്‍ അഖ്‌സയില്‍ ഒരുമിച്ചു. പോരാട്ട ഭൂമിയിലെ ഐക്യം എന്ന ആശയമാണ് ഇതിന് അടിസ്ഥാനമായത്.
രണ്ടാം ലോകമഹായുദ്ധകാലത്തെ ഫാഷിസ്റ്റുകള്‍ക്കെതിരായ പോപുലര്‍ ഫ്രണ്ട് തന്ത്രത്തിന് സമാനമായി, പോരാട്ടഭൂമിയിലെ ഐക്യം എന്ന ആശയം പ്രവര്‍ത്തനത്തിലും പ്രതിരോധത്തിലും ഐക്യം പ്രോത്സാഹിപ്പിക്കുന്നു. അതേസമയം, വ്യത്യസ്ത രാഷ്ട്രീയ വീക്ഷണങ്ങളുള്ള ഗ്രൂപ്പുകള്‍ക്കിടയിലെ ബന്ധം നിലനിര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ചെറുത്തുനില്‍പ്പിനെയും ദേശീയ പരമാധികാരത്തെയും കുറിച്ചുള്ള പൊതുവായ വീക്ഷണം വിവിധ വിഭാഗങ്ങളെ ഒരുമിച്ച് പോരാടാന്‍ പ്രേരിപ്പിക്കുന്നു. പോരാട്ടഭൂമിയിലെ ഐക്യത്തിന് സായുധ ഗ്രൂപ്പുകള്‍ക്ക് പുറത്ത്, ജനങ്ങള്‍ക്കിടയിലും പ്രതികരണമുണ്ട്.
വടക്കന്‍ ഗസയില്‍ ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്ത കെട്ടിടങ്ങളിലേക്ക് മടങ്ങിയ ഫലസ്തീനികള്‍ സ്വന്തം വീടുകള്‍ പുനര്‍നിര്‍മിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഗസ പിടിച്ചെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞപ്പോള്‍ 'നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ ചെയ്യൂ' എന്നാണ് ഒരു ഫലസ്തീനി പറഞ്ഞത്. '' ഞങ്ങള്‍ ഇവിടെ തിരിച്ചെത്തി കിണറുകള്‍ നിര്‍മിച്ചു കഴിഞ്ഞു. ഒരിക്കലും ഈ ഭൂമി ഉപേക്ഷിക്കില്ല.'' എന്ന് മറ്റൊരാളും പറഞ്ഞു. ഫലസ്തീനികളുടെ സ്ഥിരതയാണ് ഇത് കാണിക്കുന്നത്.
വെടിനിര്‍ത്തല്‍ മുതല്‍ ഹമാസിന്റെ പ്രചാരണവും വിജയകരമായിരുന്നു. ആദ്യത്തെ തടവുകാരുടെ കൈമാറ്റം നടന്ന വേദിയില്‍ 'നമ്മള്‍ കൊടുങ്കാറ്റാണ്, നമ്മളാണ് അടുത്ത ദിവസം' എന്നെഴുതിയ ഒരു വലിയ ബാനര്‍ പ്രദര്‍ശിപ്പിച്ചു.
സയണിസ്റ്റ് സൈനികരെ ആരോഗ്യത്തോടെ തിരിച്ചയച്ചതും നന്നായി ഭക്ഷണം നല്‍കിയതും സമ്മാന ബാഗുകള്‍ നല്‍കിയതും ഇസ്രായേല്‍ സര്‍ക്കാരിന് പ്രഹരമായിരുന്നു. ഇസ്‌ലാമിക നിയമങ്ങള്‍ക്കനുസൃതമായി തങ്ങളോട് നന്നായി പെരുമാറിയതായി എല്ലാ തടവുകാരും പറഞ്ഞുവെന്നത് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ, തടവുകാരുടെ സുരക്ഷയുടെ ചുമതലയുള്ള അല്‍ ഖസ്സാം ഷാഡോ യൂണിറ്റിലെ അംഗങ്ങളും വേദിയിലുണ്ടായിരുന്നു. അവര്‍ തങ്ങളുടെ ദൗത്യത്തില്‍ വിജയിച്ചു എന്ന് മാത്രമല്ല ഇസ്രായേലിന് ഒരാളെ പോലും മോചിപ്പിക്കാനുമായില്ല.
അതിനു പുറമെ ഇസ്രായേലി സൈന്യം ഉപയോഗിക്കുന്ന ടാവര്‍ ബുള്‍പപ്പ് റൈഫിളുകളാണ് ഹമാസ് പ്രവര്‍ത്തകരുടെ കൈയ്യിലുണ്ടായിരുന്നത്.
അധിനിവേശ സേനയില്‍ നിന്ന് പിടിച്ചെടുത്ത പുതിയ ട്രക്കുകളിലാണ് തടവുകാരെ റെഡ് ക്രോസിന് എത്തിച്ച് നല്‍കിയത്. ഓരോ ട്രക്കിലും പോരാളികളുമുണ്ടായിരുന്നു. ഇസ്രായേലിന്റെ അധിനിവേശ കാലത്ത് അല്‍ ഖസ്സാം ബ്രിഗേഡ് വളരുകയാണ് ചെയ്തതെന്നാണ് യുഎസ് ഇന്റലിജന്‍സ് റിപോര്‍ട്ടുകള്‍ പറയുന്നത്. ഗസയില്‍ നിന്നും നൂറുകണക്കിന് പേരെ പിടികൂടിയെന്ന് കാണിക്കുന്ന ചിത്രങ്ങള്‍ ഇസ്രായേല്‍ പുറത്തുവിട്ടിട്ടും അതാണ് സംഭവിച്ചത്.
''ശത്രുക്കള്‍ തടവുകാരുടെ ചിത്രങ്ങള്‍ പ്രക്ഷേപണം ചെയ്‌തേക്കാം, മിക്കവാറും സാധാരണക്കാരായിരിക്കാം, പക്ഷേ ലക്ഷ്യം പ്രതിരോധത്തിന്റെ ദ്രുതഗതിയിലുള്ള തകര്‍ച്ചയെ സൂചിപ്പിക്കുക എന്നതാണ്. അവരെ വിശ്വസിക്കരുത്''-അല്‍ അരാജ് എഴുതി.
സയണിസ്റ്റുകളില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങള്‍ തദ്ദേശിയമായി യാസിന്‍ ടാന്‍ഡം ചാര്‍ജ് ആര്‍പിജിയൊക്കെ നിര്‍മിക്കാന്‍ ഫലസ്തീനികളെ സഹായിച്ചു. ഇത് അധിനിവേശ ടാങ്കുകള്‍ക്കും സായുധ കവചിത വാഹനങ്ങള്‍ക്കും എതിരെ ഫലപ്രദമായിരുന്നു. തങ്ങളുടെ ആയുധങ്ങളില്‍ ഭൂരിഭാഗവും പഴയതും ഫ്രഞ്ചുകാരിലും നിന്നും അമേരിക്കക്കാരില്‍ നിന്നും പിടിച്ചെടുത്തതോ ആയിരുന്നുവെന്നാണ് വിയറ്റ്‌നാമിലെ ജനറല്‍ ഗിയാപ്പ് പറഞ്ഞത്. ഫലസ്തീന്‍ പ്രതിരോധ പ്രസ്ഥാനവും ഇത് തെളിയിച്ചു. സയണിസ്റ്റുകളില്‍ നിന്നും പിടിച്ചെടുത്ത വസ്തുക്കള്‍ക്ക് ദേശീയ വിമോചനത്തിനുള്ള ഗറില്ലാ യുദ്ധത്തില്‍ ഒരു സ്ഥാനമുണ്ട്. പ്രസ്ഥാനത്തിന്റെ നിര്‍മാണ ശേഷി വര്‍ധിപ്പിക്കാന്‍ അവ സഹായിച്ചു എന്നതാണ് കാരണം.
മുഴുവന്‍ പാശ്ചാത്യ സാമ്രാജ്യത്വ ക്യാംപും ചേര്‍ന്ന് വളരെ ചെറിയ പ്രദേശമായ ഗസ മുനമ്പിനെ ആക്രമിച്ചപ്പോള്‍ സത്യത്തില്‍ ആരെയാണ് ആക്രമിക്കുന്നതെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. ഫലസ്തീന്‍ പ്രതിരോധം ഉറച്ചതും വളരുന്നതും സാമ്രാജ്യത്വ ശക്തികളെയെല്ലാം യുദ്ധത്തില്‍ പരാജയപ്പെടുത്താന്‍ കഴിവുള്ളതുമായിരുന്നു എന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. പ്രധാനപ്പെട്ട നിരവധി നേതാക്കള്‍ രക്തസാക്ഷികളായിട്ടും നൂറുകണക്കിന് ഫലസ്തീനികളെ ഇസ്രായേലി ജയിലുകളില്‍ നിന്നും മോചിപ്പിക്കാന്‍ പ്രതിരോധ പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞു. ആയിരക്കണക്കിന് പേരെ ഇനിയും മോചിപ്പിക്കാന്‍ കഴിയും. തടവുകാരെ വിട്ടയക്കുന്നത് സയണിസ്റ്റുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണെങ്കിലും ശക്തമായ ഒരു സ്ഥലത്ത് നിന്ന് ചര്‍ച്ചകള്‍ നടത്തുന്നത് ഫലസ്തീനികള്‍ ആണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.
അനുബന്ധം
യുദ്ധത്തിന്റെ സ്വഭാവത്തെ കുറിച്ചുള്ള എട്ട് നിയമങ്ങള്‍
1) അഫ്ഗാനിസ്താന്‍, ഇറാഖ്, ലബ്‌നാന്‍, ഗസ എന്നിവിടങ്ങളിലെ അനുഭവങ്ങളിലൂടെ അറബികളും മുസ് ലിംകളും വിദഗ്ദരായി മാറിയ ഗറില്ലാ യുദ്ധത്തിന്റേയും ഹൈബ്രിഡ് യുദ്ധത്തിന്റെയും യുക്തിയാണ് ഫലസ്തീന്‍ പ്രതിരോധത്തിലെ ഗറില്ലാ പോരാട്ടത്തിന്റെ തന്ത്രത്തില്‍ അടങ്ങിയിരിക്കുന്നത്. പരമ്പരാഗത യുദ്ധങ്ങളുടെയും സ്ഥിരമായ അതിര്‍ത്തികളുടെയും യുക്തിയെ അടിസ്ഥാനമാക്കിയുള്ളതല്ല ഈ പ്രതിരോധം, പതിയിരുന്ന് ആക്രമിക്കാനായി ശത്രുവിനെ ആകര്‍ഷിക്കുന്ന രീതിയാണിത്. അവരെ പ്രതിരോധിക്കാന്‍ നിങ്ങള്‍ ഒരു നിശ്ചിത സ്ഥാനത്ത് ഉറച്ചുനില്‍ക്കുന്നില്ല, പകരം പല വശങ്ങളില്‍ നിന്നും പിന്നില്‍ നിന്നും ആക്രമിക്കുന്നു, പിന്‍വാങ്ങുന്നു. അതിനാല്‍ ഈ യുദ്ധത്തെ ഒരിക്കലും പരമ്പരാഗത യുദ്ധവുമായി താരതമ്യം ചെയ്യരുത്.
2) ഗസയിലെ അധിനിവേശം, കെട്ടിടങ്ങള്‍ പിടിച്ചെടുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും ശത്രു പ്രചരിപ്പിക്കും. ഗറില്ലാ യുദ്ധത്തിലെ മനശാസ്ത്രപരമായ ഭാഗമാണിത്. നിങ്ങളുടെ ശത്രുവിനെ അവര്‍ ആഗ്രഹിക്കുന്നതുപോലെ നീങ്ങാന്‍ അനുവദിക്കണം. അങ്ങനെ അവര്‍ നിങ്ങളുടെ കെണിയില്‍ വീഴുമ്പോള്‍ ആക്രമിക്കുകയും വേണം. യുദ്ധത്തിന്റെ സ്ഥലവും സമയവും നിങ്ങള്‍ നിര്‍ണ്ണയിക്കുന്നു.
അല്‍ കതിബ സ്‌ക്വയര്‍, അല്‍ സരായ, അല്‍ റിമാല്‍, ഒമര്‍ അല്‍ മുഖ്താര്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഫോട്ടോകള്‍ ശത്രു പ്രസിദ്ധീകരിക്കും. അത് നിങ്ങള്‍ കാണും. പക്ഷേ, അതിനെ നിങ്ങളുടെ ദൃഢനിശ്ചയത്തെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കരുത്. ഒരു പോരാട്ടം അതിന്റെ മൊത്തത്തിലുള്ള ഫലങ്ങളാലാണ് വിലയിരുത്തപ്പെടുക. അവരുടേത് വെറും ഷോ മാത്രമാണ്.
3) ഒരിക്കലും അധിനിവേശത്തിന്റെ പ്രചാരണം പ്രചരിപ്പിക്കരുത്, പരാജയബോധം വളര്‍ത്തുന്നതിന് സംഭാവന നല്‍കരുത്. ബെയ്ത് ലാഹിയയിലും അല്‍ നുസൈറത്തിലും വലിയ അധിനിവേശമുണ്ടാവുമെന്ന് വാര്‍ത്ത വരും. പക്ഷേ, നമ്മള്‍ ഒരിക്കലും പരിഭ്രാന്തി പരത്തരുത്; ചെറുത്തുനില്‍പ്പിനെ പിന്തുണയ്ക്കുക, അധിനിവേശം പ്രക്ഷേപണം ചെയ്യുന്ന ഒരു വാര്‍ത്തയും പ്രചരിപ്പിക്കരുത്. (പത്രപ്രവര്‍ത്തനത്തിന്റെ ധാര്‍മ്മികതയും നിഷ്പക്ഷതയും മറക്കുക; സയണിസ്റ്റ് പത്രപ്രവര്‍ത്തകന്‍ ഒരു പോരാളിയായിരിക്കുന്നതുപോലെ, നിങ്ങളും അങ്ങനെ തന്നെ.)
4) തടവുകാരുടെ ചിത്രങ്ങള്‍ ശത്രു പ്രക്ഷേപണം ചെയ്‌തേക്കാം, മിക്കവാറും സാധാരണക്കാരുടെ ദൃശ്യങ്ങളായിരിക്കും സംപ്രേഷണം ചെയ്യുക. പ്രതിരോധത്തിന്റെ ദ്രുതഗതിയിലുള്ള തകര്‍ച്ച സൂചിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അവരെ വിശ്വസിക്കരുത്.
5)പ്രതിരോധത്തിന്റെ ചില ചിഹ്നങ്ങളെ ഇല്ലാതാക്കാനായി ശത്രു തന്ത്രപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തും, ഇതെല്ലാം മന:ശാസ്ത്രപരമായ യുദ്ധത്തിന്റെ ഭാഗമാണ്. മരിച്ചവരും മരിക്കാനിരിക്കുന്നവരും പ്രതിരോധത്തിന്റെ സംവിധാനത്തെയും ഐക്യത്തെയും ഒരിക്കലും ബാധിക്കില്ല. കാരണം പ്രതിരോധത്തിന്റെ ഘടനയും രൂപീകരണവും കേന്ദ്രീകൃതമല്ല, മറിച്ച് തിരശ്ചീനവും വ്യാപകവുമാണ്. പ്രതിരോധ പ്രസ്ഥാനങ്ങളുടെ അടിത്തറയെയും പ്രതിരോധ പോരാളികളുടെ കുടുംബങ്ങളെയും സ്വാധീനിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.
6)നമ്മുടെ മാനുഷികവും ഭൗതികവുമായ നഷ്ടങ്ങള്‍ ശത്രുവിനേക്കാള്‍ വളരെ കൂടുതലായിരിക്കും. ഇച്ഛാശക്തിയേയും മാനുഷിക ഘടകങ്ങളെയും ക്ഷമയേയും സഹിഷ്ണുതയേയും ആശ്രയിക്കുന്ന ഗറില്ലാ യുദ്ധങ്ങളില്‍ അത് സ്വാഭാവികമാണ്. നഷ്ടം സഹിക്കാന്‍ വളരെ കഴിവുള്ളവരാണ് നമ്മള്‍. അതിനാല്‍ സംഖ്യകളെ താരതമ്യം ചെയ്യുകയോ പരിഭ്രാന്തരാകുകയോ ചെയ്യേണ്ടതില്ല.
7) ഇന്നത്തെ യുദ്ധങ്ങള്‍ സൈന്യങ്ങള്‍ തമ്മിലുള്ള വെറും യുദ്ധങ്ങളും ഏറ്റുമുട്ടലുകളുമല്ല, മറിച്ച് സമൂഹങ്ങള്‍ തമ്മിലുള്ള പോരാട്ടങ്ങളാണ്. നമുക്ക് ഒറ്റക്കെട്ടായി ഉറച്ചുനില്‍ക്കാം.
8) ഓരോ ഫലസ്തീനിയും (ഫലസ്തീനെ സ്വന്തം പോരാട്ടത്തിന്റെ ഭാഗമായി കാണുന്ന ഏതൊരാളും, അവരുടെ മറ്റു സ്വത്വങ്ങള്‍ പരിഗണിക്കാതെ) ഫലസ്തീനുവേണ്ടിയുള്ള പോരാട്ടത്തിന്റെ മുന്‍നിരയിലാണ്. അതിനാല്‍ സ്വന്തം കടമയില്‍ പരാജയപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.