നടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം.

Update: 2023-03-26 17:31 GMT

കൊച്ചി: ചലച്ചിത്ര നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു. 75 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. ദീര്‍ഘകാലം മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്ന ഇന്നസെന്റ് ഇടതുപക്ഷത്തെ പ്രതിനിധീകരിച്ചാണ് പാര്‍ലിമെന്റിലെത്തിയത്. ഏറെക്കാലം അര്‍ബുദരോഗത്തെ അതിജീവിച്ച ഇന്നസെന്റ് മലയാളത്തിലെ എക്കാലത്തെയും മികച്ച ഹാസ്യനടന്‍മാരില്‍ ഒരാളാണ്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലായി 750ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര നിര്‍മാതാവ്, വ്യവസായി, ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ: ആലീസ്. മകന്‍: സോണറ്റ്.

    തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ തെക്കേത്തല വറീത്-മാര്‍ഗലീത്ത ദമ്പതികളുടെ എട്ടു മക്കളില്‍ അഞ്ചാമനായി 1948 ഫെബ്രുവരി 28നാണ് ഇന്നസെന്റ് ജനിച്ചത്. ലിറ്റില്‍ഫ്‌ലവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍, നാഷനല്‍ ഹൈസ്‌കൂള്‍, ഡോണ്‍ ബോസ്‌കോ എസ്എന്‍എച്ച് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എട്ടാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച ശേഷം കുറച്ചുകാലം കച്ചവടക്കാരനായി. പിന്നീട് തീപ്പെട്ടിക്കമ്പനി ഉടമ, തുകല്‍ക്കച്ചവടക്കാരന്‍, വോളിബോള്‍ കോച്ച്, സൈക്കിളില്‍ സഞ്ചരിച്ചു ചീപ്പും സോപ്പും കണ്ണാടിയും വില്‍ക്കുന്ന കച്ചവടക്കാരന്‍ എന്നിങ്ങനെ പല ജോലികള്‍. അതിനിടെ നാടകങ്ങളില്‍ അഭിനയിച്ചു. ആര്‍എസ്പിയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1979 ല്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയില്‍ കൗണ്‍സിലറായി.

    2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുസ്വതന്ത്രനായി ചാലക്കുടിയില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടു. 2019 ല്‍ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ചിരിക്കു പിന്നില്‍(ആത്മകഥ), മഴക്കണ്ണാടി, ഞാന്‍ ഇന്നസെന്റ്, കാന്‍സര്‍ വാര്‍ഡിലെ ചിരി, ഇരിങ്ങാലക്കുടയ്ക്കു ചുറ്റും, ദൈവത്തെ ശല്യപ്പെടുത്തരുത്, കാലന്റെ ഡല്‍ഹിയാത്ര അന്തിക്കാട് വഴി എന്നീ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

    'നൃത്തശാല'യാണ് ഇന്നസെന്റിന്റെ ആദ്യ ചിത്രം. മലയാളത്തിലെ മിക്ക പ്രമുഖ സംവിധായകരുടെയും ചിത്രങ്ങളില്‍ ഇന്നസെന്റ് അഭിനയിച്ചിട്ടുണ്ട്. ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, റാംജി റാവു സ്പീക്കിങ്, കാബൂളിവാല, മാന്നാര്‍ മത്തായി സ്പീക്കിങ്, മഴവില്‍ക്കാവടി, ചന്ദ്രലേഖ, പൊന്‍മുട്ടയിടുന്ന താറാവ്, മനസ്സിനക്കരെ, ദേവാസുരം, ഡോ. പശുപതി, പിന്‍ഗാമി, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങളില്‍ വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് ശ്രദ്ധ നേടിയത്.

Tags:    

Similar News