ഭരണഘടനാ സംരക്ഷണം പൗരന്റെ ചുമതല; വരൂ, ഒന്നിക്കൂ, ഒന്നിച്ചണിചേരൂ.

Update: 2025-04-10 15:13 GMT
ഭരണഘടനാ സംരക്ഷണം പൗരന്റെ ചുമതല; വരൂ, ഒന്നിക്കൂ, ഒന്നിച്ചണിചേരൂ.

അഡ്വ. പി കെ ഇബ്രാഹിം

ഏതൊരു പൗരനും തന്റെ മനസ്സാക്ഷി അനുസരിച്ച ജീവിക്കുവാനും സ്വതന്ത്രമായി ഏത് മതത്തില്‍ വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും ഉള്ള അവകാശം മൗലിക അവകാശമായി പ്രഖ്യാപിച്ചിട്ടുള്ള ഒരു ഭരണഘടനയാണ് നമ്മുടേത്. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടകമായതിനാല്‍ അതിനെതിരെ വരുന്ന ഏതു നിയമവും അസാധുവാണെന്നാണ് ഭരണഘടനയുടെ 13ാം അനുഛേദം പ്രഖ്യാപിക്കുന്നത്. കൂടാതെ, മൗലിക അവകാശങ്ങള്‍ എടുത്തു കളയുകയോ കുറയ്ക്കുകയോ ചെയ്യുന്ന ഒരു നിയമവും രാഷ്ട്രം നിര്‍മിക്കുവാന്‍ പാടില്ല എന്ന് കല്പിക്കുകയും അപ്രകാരം ഉണ്ടാക്കുന്ന നിയമം അസാധുവായിരിക്കുമെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ള ഒരു ഭരണഘടന നിലവിലുള്ള നമ്മുടെ നാട്ടില്‍ ഇത്തരം ഭരണഘടനാ ഉറപ്പുകളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ രാജ്യത്തെ പ്രബല ന്യൂനപക്ഷമായ ഒരു സമൂഹത്തെ രാഷ്ട്രവും, രാഷ്ട്ര സംവിധാനങ്ങളും വേട്ടയാടി കൊണ്ടിരിക്കുന്ന ദൗര്‍ഭാഗ്യകരമായ ഒരു കാലഘട്ടത്തിലാണ് നാം ഇപ്പോഴുള്ളത്.

ഇതിന്റെ പിന്നിലുള്ള ശക്തി ഗോള്‍വാള്‍ക്കറിന്റെ കണ്ണിലൂടെ ഇന്ത്യയെ കാണുന്ന ഹിന്ദുത്വവാദികളുടെ കരങ്ങളാണെന്ന് ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ ജനത തിരിച്ചറിയുന്നു. പക്ഷെ ഈ ബഹുഭൂരിപക്ഷത്തെ അപ്രസക്തമാക്കികൊണ്ട് ന്യൂനപക്ഷ ഫാസിസ്റ്റു ശക്തികള്‍ ഭരണകര്‍ത്താക്കളുടെ ഒത്താശയുടെ ബലത്തില്‍ ഭൂരിപക്ഷത്തെ ഭയപ്പെടുത്തി, കീഴ്‌പ്പെടുത്തി മേല്‍കൈ നേടിയിരിക്കുകയാണ്. ഇതിനെ തരണം ചെയ്യാന്‍ നാം ഒന്നിക്കേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം ഇന്ന് മുസ്‌ലിം, നാളെ ക്രിസ്ത്യാനി, പിന്നെ കമ്മ്യൂണിസ്റ്റുകാര്‍ അതിനു ശേഷം ബഹുഭൂരിപക്ഷം വരുന്ന ജാതി വ്യവസ്ഥയിലെ പിന്നോക്കക്കാര്‍. ആരും മതഭ്രാന്ത് പിടിച്ച ഫാസിസ്റ്റു ഹിന്ദുത്വ കരങ്ങളില്‍ നിന്നും സുരക്ഷിതരല്ല, സുരക്ഷിതരാകുകയുമില്ല.

വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും,ഭാഷയുടെയും പൈതൃകത്തിന്റെയും പേരില്‍ ഈ രാജ്യത്തെ പ്രബല ന്യൂനപക്ഷ സമുദായമായ മുസ്‌ലിംകള്‍ കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി അനുഭവിക്കുന്ന പീഡന പരമ്പരയിലെ മറ്റൊരധ്യായമാണ് വഖ്ഫ് ഭേദഗതി നിയമം 2025.

ഒരു വിശ്വാസി ഇസ്‌ലാം വിഭാവനം ചെയ്യുന്ന സല്‍പ്രവര്‍ത്തികള്‍ക്കായി തന്റെ സ്വത്ത് ദൈവത്തിനര്‍പ്പിച്ച്, അതിലൂടെ പരലോക മോക്ഷം സിദ്ധിക്കാന്‍ നടത്തുന്ന കരുതലിനെയാണ് വഖഫ് എന്ന് പറയുന്നത്. അപ്രകാരം വഖ്ഫ് ചെയ്യുന്ന വസ്തു വകകളുടെ ഉടമസ്ഥാവകാശം ദൈവത്തില്‍ അര്‍പ്പിതമാകുന്നതിനാല്‍ അത് കൈമാറ്റം ചെയ്യുവാന്‍ ആ വസ്തു കൈകാര്യം ചെയ്യുന്ന മുതവല്ലി എന്ന നാമത്തില്‍ അറിയപ്പെടുന്ന വ്യക്തിക്കോ, വ്യക്തികള്‍ക്കോ, സ്ഥാപനത്തിനോ അവകാശമില്ലാത്തതാണ്. ആ വസ്തു വകകള്‍ ഏത് സല്‍പ്രവര്‍ത്തിക്കു വേണ്ടി നീക്കി വെക്കപ്പെട്ടതാണോ ആ സല്‍പ്രവര്‍ത്തിക്കോ അതിനോട് സമാനതയുള്ള സല്‍പ്രവര്‍ത്തികള്‍ക്കോ മാത്രമേ ഉപയോഗിക്കാവൂ എന്നത് വഖ്ഫ് സ്വത്തുക്കളുടെ ഒരു പ്രത്യേക സവിശേഷതയാണ്. ഇത്തരം വ്യവസ്ഥകളിലൂടെ ലക്ഷ്യമാക്കുന്നത് വാഖിഫിന്റെ (വഖഫ് ചെയ്ത വ്യക്തിയെ സൂചിപ്പിക്കുന്ന നാമം) സ്വത്തിന്റെ സുരക്ഷിതത്വവും സമൂഹത്തിലെ ഏത് വിഭാഗത്തിന്റെ ദുരിതം അകറ്റുന്നതിന് ഉദ്ദേശിച്ചാണോ അത് അവര്‍ക്ക് യഥേഷ്ടം ഉറപ്പാക്കുന്നതിനും സാധ്യമാകുന്നു.

വഖ്ഫ് സ്വത്തുക്കള്‍ സമൂഹ നന്മയെ ലക്ഷ്യമാക്കിയിട്ടുള്ളത് കൊണ്ട് ആ സ്വത്തുക്കളുടെ സംരക്ഷണം ഉറപ്പാക്കാന്‍ കാലാ കാലങ്ങളില്‍ അതിനുതകുന്ന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് നിയമനിര്‍മാണങ്ങള്‍ ഉണ്ടായിട്ടുള്ളതാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പശ്ചാത്തലത്തില്‍ അവലോകനം ചെയ്യുമ്പോള്‍ 1923ലെ മുസല്‍മാന്‍ വഖ്ഫ് ആക്ട് ആണ് ആദ്യത്തെ നിയമനിര്‍മാണം. ടി നിയമം അനുസരിച്ചു വഖ്ഫ് സ്വത്തുക്കള്‍ സംബന്ധിച്ച ഓഡിറ്റഡ് അക്കൗണ്ട് ആ കാലഘട്ടത്തിലെ ജില്ലാ ജഡ്ജിമാരാണ് പരിശോധിച്ചിരുന്നത്.

എന്നാല്‍, 1923 ലെ മുസല്‍മാന്‍ വഖ്ഫ് ആക്ടില്‍ വഖ്ഫ് സ്വത്തുക്കളുടെ മേല്‍നോട്ടം നിര്‍വ്വഹിക്കുന്നതിന് ഒരു സംവിധാനം ഉണ്ടായിരുന്നില്ല. അത് പരിഹരിക്കാന്‍ ബംഗാള്‍ വഖ്ഫ് ആക്ട് 1934 കൊണ്ട് വന്നു. തത്തുല്യമായ നിയമം 1936 ല്‍ യുപിയില്‍ യുണൈറ്റഡ് പ്രൊവിന്‍സെസ്സ് മുസ്‌ലിം വഖ്ഫ് ആക്ട് ഉണ്ടായി. ബീഹാറിലും അത് പോലൊരു നിയമം കൊണ്ട് വരികയുണ്ടായി. സ്വതന്ത്രനാന്തര ഇന്ത്യയില്‍ ഒരു യൂണിഫോം വഖ്ഫ് നിയമം ആവശ്യമാണെന്ന് കണ്ട് ദി വഖ്ഫ് ആക്ട് 1954 കൊണ്ട് വരികയും നടപ്പിലാക്കുകയും ചെയ്തു.

എന്നാല്‍ 1956 ല്‍ ഉണ്ടായ സംസ്ഥാനങ്ങളുടെ പുനഃസംഘടനയോടനുബന്ധിച്ചുണ്ടായ സാങ്കേതിക തടസ്സങ്ങള്‍ മാറ്റുന്നതിന് 1954 ലെ വഖ്ഫ് നിയമത്തില്‍ ചില ഭേദഗതികള്‍ കൊണ്ട് വന്നു. 1964ല്‍ വഖ്ഫ് നിയമത്തിലുള്ള ന്യൂനതകള്‍ പരിഹരിച്ചു കൊണ്ട് 1954 ലെ നിയമം വീണ്ടും ഭേദഗതി ചെയ്യപ്പെട്ടു. 1954ലെ വഖ്ഫ് നിയമത്തില്‍ കണ്ട മറ്റ് ന്യൂനതകളും പരിഹരിച്ചുകൊണ്ടും 1969ല്‍ പരിഷ്‌കരിക്കപ്പെട്ടു. കാലാകാലങ്ങളില്‍വന്ന ഭേദഗതികളും വഖ്ഫ് സ്വത്തുക്കളുടെ ഭരണ സംവിധാനത്തിലുള്ള ന്യൂനതകളും പരിഹരിച്ചുകൊണ്ട് വഖ്ഫ് ആക്ട് 1995 നിലവില്‍വന്നു.

ഈ നിയമവും അതിന് മുമ്പുണ്ടായിരുന്ന വഖ്ഫ് നിയമത്തിലെ ഭേദഗതികളും എല്ലാം അതാതു കാലഘട്ടത്തിലെ മുസ്‌ലിം പണ്ഡിതന്മാരുമായിട്ടുള്ള ചര്‍ച്ചകളുടെയും നിര്‍ദ്ദേശങ്ങളുടെയും വെളിച്ചത്തിലായിരുന്നു. അങ്ങിനെ വഖ്ഫ് നിയമം മൂലം സമൂഹ നന്മയ്ക്കുവേണ്ടി സമര്‍പ്പിതമായ വസ്തുവകകള്‍ അന്യാധീനപ്പെട്ടുപോകാതെ സംരക്ഷിക്കുന്നതിനും അന്യാധീനപ്പെട്ട വസ്തുവകകള്‍ തിരിച്ചെടുക്കുന്നതിനും, അത് സമൂഹ നന്മയ്ക്കായി ഉപയോഗപ്പെടുത്തുന്നതിനും സാധ്യമായി.

2025 ലെ വഖ്ഫ് ഭേദഗതിയിലൂടെ, നാളിതുവരെ പരിഭോഷിപ്പിക്കപ്പെട്ട വഖ്ഫ് വസ്തുക്കളുടെ നിയമപരിരക്ഷ ഇല്ലാതാകുന്നു എന്നതാണ് വസ്തുത. ഈ ഭേദഗതിയിലൂടെ വഖ്ഫ് സ്വത്തുക്കള്‍ കൈയേറ്റക്കാര്‍ക്ക് വകവച്ചുകൊടുക്കപ്പെടുന്നു. ഇത് വഖ്ഫ് സംവിധാനത്തെ തകിടം മറിക്കുന്ന ഭേദഗതിയാണ്. സ്വത്തുക്കള്‍ വഖ്ഫ് ചെയ്യുന്നതില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത് വിശ്വാസികളുടെ മത സ്വാതന്ത്രത്തിന്മേലുള്ള കടന്നുകയറ്റമാണ്. വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തിന് മുസ്‌ലിം പങ്കാളിത്തം നിഷേധിക്കുന്ന വ്യവസ്ഥകള്‍ അന്യായവും നീതി നിഷേധവുമാണ്.

2025ലെ വഖ്ഫ് ഭേദഗതി നിയമം യാതൊരുവിധേനയും മുസ്‌ലിം സമൂഹത്തിന്റെ മത വിശ്വാസത്തെയോ, ആചാരത്തെയോ പരിപോഷിപ്പിക്കുന്നതല്ല. മറിച്ച് അത് മുസ്‌ലിം സമൂഹത്തിന്റെ വിശ്വാസ അവകാശത്തേയും, ആചാര അവകാശത്തെയും അത് പരിപോഷിപ്പിക്കുന്നതിന് സഹായിക്കുന്ന സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും അത് സമുദായത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്നതിനുമുള്ള മൗലീക അവകാശങ്ങളുടെ നഗ്‌ന ലംഘനമാണെന്നും നിഷ്പക്ഷബുദ്ധ്യാ വിലയിരുത്തുന്ന ഏതൊരു വ്യക്തിക്കും ബോധ്യപെടുന്നതാണ്. ഇത്തരം നിയമഭേദഗതിയിലൂടെ ഒരു പ്രബല ന്യൂനപക്ഷത്തിന്റെ മൗലീക അവകാശനിഷേധം വകവച്ചുകൊടുത്താല്‍, അത് നാളെ മറ്റ് ന്യൂനപക്ഷങ്ങളുടെ സമാന അവകാശങ്ങള്‍ കവരുന്ന നിയമനിര്‍മാണങ്ങള്‍ നടത്തുന്നതിനും എതിര്‍പ്പില്ലാതെ നടപ്പാക്കുന്നതിനും അങ്ങനെ ഈ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനസമൂഹത്തെ ഹിന്ദുത്വ അജണ്ടയുടെ വരുതിയില്‍ ആക്കുന്നതിനും കഴിയും.

ഭരണഘടനയുടെ ആമുഖം വിളംബരം ചെയ്യുന്ന മതേതരത്ത്വതിന്റെ അസ്ഥിത്വത്തെയും, അടിത്തറയെയും ഇളക്കുന്ന ഇത്തരം ഭേദഗതികള്‍ അതര്‍ഹിക്കുന്ന ഗൗരവത്തോടെ സമൂഹം കാണാതായാല്‍ ഇന്ത്യയുടെ ഛിദ്രതയ്ക്ക് നാമായിരിക്കും ഉത്തരവാദികളെന്ന് പറയാതെവയ്യ. ഇന്ന് വഖ്ഫ് ബില്ല് ആണെങ്കില്‍ നാളെ അത് ചര്‍ച്ച് ബില്ലാണ്, മറ്റന്നാള്‍ അത് ദാസ് ക്യാപിറ്റല്‍ ബില്ലാണ്, പിന്നെ അത് അംബേദ്ക്കര്‍ ബില്ലായിരിക്കും. ഭരണഘടനയോടുള്ള ഒരു പൗരന്റെ പ്രതിപത്തി ഇപ്പോഴല്ലെങ്കില്‍ എപ്പോള്‍ പ്രകടമാക്കും. ആരും ആരെയും പഴിചാരാതെ, വരൂ, ഒന്നിക്കൂ, വെല്ലുവിളികളെ ഒന്നിച്ച് നേരിടൂ. ഒരു പൗരന്‍ എന്ന നിലയില്‍ തന്റെ ഭരണഘടനാ ചുമതല നിറവേറ്റൂ, ഭരണഘടനയെ രക്ഷിക്കൂ.

ജയ്ഹിന്ദ്

അഡ്വ. പി കെ ഇബ്രാഹീം (മെംബര്‍/ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്)

Similar News