ബിജെപി വക്താവിന്റെ പ്രവാചക നിന്ദ: അറബ് രാജ്യങ്ങളിലും വ്യാപക പ്രതിഷേധം; ട്രെന്‍ഡിങ് ആയി ബഹിഷ്‌കരണ ആഹ്വാനം
ഒമാനിലെ ഗ്രാന്‍ഡ് മുഫ്തിയും പ്രമുഖ പണ്ഡിതനും ട്വിറ്റര്‍ ഉള്‍പ്പടെ സാമൂഹിക മാധ്യമങ്ങളില്‍ ആയിരക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള ഷെയ്ഖ് അല്‍ ഖലീലിയും ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ന്യൂഡല്‍ഹി: ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) വക്താവ് നൂപൂര്‍ ശര്‍മ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഹാഷ്ടാഗുകള്‍ അറബ് രാജ്യങ്ങളില്‍ ട്വിറ്ററില്‍ ട്രെന്‍ഡുചെയ്യുന്നു. ഒമാനിലെ ഗ്രാന്‍ഡ് മുഫ്തിയും പ്രമുഖ പണ്ഡിതനും ട്വിറ്റര്‍ ഉള്‍പ്പടെ സാമൂഹിക മാധ്യമങ്ങളില്‍ ആയിരക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള ഷെയ്ഖ് അല്‍ ഖലീലിയും ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
إن الاجتراء الوقح البذيء من الناطق الرسمي باسم الحزب المتطرف الحاكم في الهند على رسول الإسلام ﷺ وعلى زوجه الطاهرة أم المؤمنين عائشة رضي الله عنها هو حرب على كل مسلم في مشارق الأرض ومغاربها، وهو أمر يستدعي أن يقوم المسلمون كلهم قومة واحدة pic.twitter.com/T58Ya1dGox
— أحمد بن حمد الخليلي (@AhmedHAlKhalili) June 4, 2022
ബഹിഷ്‌കരണ ട്വീറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരേ രൂക്ഷമായ വിമര്‍ശനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവാചക നിന്ദക്കെതിരേ സൗദി, കുവൈത്ത്, യുഎഇ, ഒമാന്‍ ഉള്‍പ്പടെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ്. കുവൈത്ത് എംപിമാര്‍ ഉള്‍പ്പടെ രൂക്ഷമായ ഭാഷയില്‍ ബിജെപിക്കെതിരേ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
BJP has crossed the red line by repeatedly trying to insult our beloved prophet BPUH. The silent support of Hindus living in the Arab world to @naveenjindalbjp has caused unprecedented anger on Arab streets. This pre planned blasphemy will've serious repercussions.
— المحامي⚖مجبل الشريكة (@MJALSHRIKA) June 4, 2022
വിഷയം വലിയ വിവാദമായതോടെ ബിജെപി വിശദീകരണവുമായി രംഗത്തെത്തി. ഒരു മതത്തെയും അവഹേളിക്കുകയോ, ഒരു മതനേതാവിനെയോ വിശ്വാസിസമൂഹം ആരാധിക്കുന്ന വ്യക്തികളെയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്ന പ്രസ്താവനകളെ അംഗീകരിക്കുന്നില്ലെന്ന് ബിജെപി പ്രസ്താവനയില്‍ പറഞ്ഞു.ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നിന്ന് വക്താവ് അരുണ്‍ സിംഗ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഈ പ്രസ്താവന. യുപി ബിജെപി വക്താവ് ഒരു ചാനല്‍ ചര്‍ച്ചയില്‍ പ്രവാചകനായ നബിക്കെതിരെ നടത്തിയ പ്രസ്താവന ഏറെ വിവാദമായ സാഹചര്യത്തിലാണ് ബിജെപി വാര്‍ത്താക്കുറിപ്പിറക്കിയിരിക്കുന്നത്. എന്നാല്‍, ബിജെപി വക്താവ് നൂപുര്‍ ശര്‍മയുടെ വിവാദപ്രസ്താവനയെക്കുറിച്ച് ബിജെപി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഒന്നും പറയുന്നില്ല എന്നതാണ് ശ്രദ്ധേയം.
'ഇന്ത്യയുടെ ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രത്തില്‍ നിരവധി മതങ്ങള്‍ പുലരുകയും വളരുകയും ചെയ്തിട്ടുണ്ട്. ഭാരതീയ ജനതാ പാര്‍ട്ടി എല്ലാ മതങ്ങളെയും മാനിക്കുന്നു. ഏതെങ്കിലും മതവ്യക്തികളെയോ ആരാധിക്കപ്പെടുന്നവരെയോ മതത്തെയോ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു പ്രസ്താവനകളും ബിജെപി അംഗീകരിക്കുന്നില്ല'', ബിജെപി പ്രസ്താവന പറയുന്നു.
'ഇന്ത്യയുടെ ഭരണഘടന ഓരോ പൗരനും ഇഷ്ടമുള്ള ഏത് മതവും ആചരിക്കാനും എല്ലാ മതങ്ങളെയും ബഹുമാനിക്കാനും ബഹുമാനിക്കാനും അവകാശം നല്‍കുന്നു,' അദ്ദേഹം പറഞ്ഞു.
'ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷം ആഘോഷിക്കുമ്പോള്‍, എല്ലാവരും തുല്യരും എല്ലാവരും അന്തസ്സോടെ ജീവിക്കുന്നവരുമായ, ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിജ്ഞാബദ്ധരായ, വളര്‍ച്ചയുടെയും വികസനത്തിന്റെയും ഫലങ്ങള്‍ എല്ലാവരും ആസ്വദിക്കുന്ന മഹത്തായ രാജ്യമായി ഇന്ത്യയെ മാറ്റാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' ബിജെപി നേതാവ് പറഞ്ഞു.