സിഎഎ വിരുദ്ധ പ്രതിഷേധം: രണ്ട് യുഎപിഎ കേസുകളിലും കുറ്റവിമുക്തനാക്കി; അഖില്‍ ഗൊഗോയ് ജയില്‍ മോചിതനായി

Update: 2021-07-01 13:36 GMT

ന്യൂഡല്‍ഹി: സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ ചുമത്തിയ രണ്ട് യുഎപിഎ കേസുകളിലും എന്‍ ഐഎ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് കര്‍ഷകരുടെ ആക്റ്റിവിസ്റ്റും അസം എംഎല്‍എയുമായ അഖില്‍ ഗൊഗോയ് ജയില്‍ മോചിതനായി. വിധി ഇന്ത്യയുടെ നിയമവ്യവസ്ഥയുടെ വിജയത്തെ അടയാളപ്പെടുത്തുന്നതാണെന്നും പിന്തുണച്ചവര്‍ക്ക് നന്ദിയുണ്ടെന്നും മോചിതനായ ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അസമിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത കേസുകളില്‍ യുഎപിഎ കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് 2019 ഡിസംബര്‍ മുതല്‍ അഖില്‍ ഗൊഗോയ് ജയിലിലായിരുന്നു. കഴിഞ്ഞ മാസം ഒരു കേസില്‍ ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. രണ്ടാമത് കേസിലും കൂടി കുറ്റവിമുക്തനാക്കിയതോടെയാണ് ജയില്‍ മോചിതനായത്.   


ഗൊഗോയിക്കും രണ്ടു കൂട്ടാളികള്‍ക്കുമെതിരേ യുഎപിഎയ്ക്ക് കീഴില്‍ രണ്ട് കേസുകളാണ് എന്‍ഐഎ രജിസ്റ്റര്‍ ചെയ്തിരുന്നത്. അസമിലെ ദിബ്രുഗഡ് ജില്ലയിലെ ചബുവ പോലിസ് സ്‌റ്റേഷനില്‍ ഒരു കേസും ഗുവാഹത്തിയിലെ ചന്ദ്മരി പോലിസ് സ്‌റ്റേഷനില്‍ മറ്റൊരു കേസുമാണ് രജിസ്റ്റര്‍ ചെയ്തത്. ജൂണ്‍ 23ന് ചബുവ കേസില്‍ ഗോഗോയിയെ കുറ്റവിമുക്തനാക്കിയിരുന്നു. മാവോവാദി ബന്ധം ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത ചന്ദ്മാരി കേസില്‍ എന്‍ഐഎ സ്‌പെഷ്യല്‍ ജഡ്ജി പ്രഞ്ജല്‍ ദാസ് ഗൊഗോയിയെയും കൂട്ടാളികളായ ധൈര്യ കോണ്‍വര്‍, മനസ് കോന്‍വാര്‍, ബിറ്റു സോനോവാള്‍ എന്നിവരെ കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു.

    കോടതി വിധി പാര്‍ട്ടി പ്രസിഡന്റിനെ ലക്ഷ്യമിടാനുള്ള അസം സര്‍ക്കാര്‍ ശ്രമങ്ങളെ തുറന്നുകാട്ടുന്നതാണെ റൈജോര്‍ ദളിന്റെ വര്‍ക്കിങ് പ്രസിഡന്റ് ഭാസ്‌കോ ഡി സൈകിയ ദി ഹിന്ദുവിനോട് പറഞ്ഞു. ഗൊഗോയിയുടെ കര്‍ഷകരുടെ അവകാശ ഗ്രൂപ്പായ കൃഷക് മുക്തി സംഗ്രാം സമിതിയുടെ രാഷ്ട്രീയ വിഭാഗമാണ് റൈജോര്‍ ദള്‍. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഗൊഗോയ് സിബ്‌സാഗര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് എംഎല്‍എയായത്. ജയിലില്‍ നിന്ന് മല്‍സരിച്ച് ഒരു തിരഞ്ഞെടുപ്പില്‍ വിജയിച്ച സംസ്ഥാന ചരിത്രത്തിലെ ആദ്യ വ്യക്തിയാണ് അദ്ദേഹം. പ്രത്യേക എന്‍ഐഎ കോടതിയില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം മെയ് 21ന് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു.

   പൗരത്വ ഭേദഗതി നിയമത്തിനെതിരേ ജോര്‍ഹാത്തിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫിസിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചതിന് 2019 ഡിസംബറില്‍ ഗൊഗോയിയെ ജയിലിലടച്ചിരുന്നു. രാജ്യത്തിനെതിരേ യുദ്ധം ചെയ്യുക, ഗൂഢാലോചന, കലാപം എന്നിവ നടത്തിയെന്നായിരുന്നു എന്‍ഐഎയുടെ ആരോപണം. പ്രതിഷേധത്തിനിടെ അക്രമമുണ്ടായതിനെ തുടര്‍ന്ന് അസമിലുടനീളം 12 കേസുകള്‍ ചുമത്തി.

Tags:    

Similar News