മലപ്പുറത്തെ 'ദേശവിരുദ്ധമാക്കല്‍': മാസങ്ങളായുള്ള ഗൂഢാലോചന; കൈസന്റെ അതിദുരൂഹ ഇടപെടലുകള്‍ പുറത്ത്
ന്യൂഡല്‍ഹി: മലപ്പുറം ജില്ലയെ സ്വര്‍ണകള്ളക്കടത്ത്-ഹവാല-ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ആരോപിച്ച് മുഖ്യമന്ത്രി നടത്തിയ അഭിമുഖത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് വിവരം. മലപ്പുറത്തെ മാത്രമല്ല, മലബാര്‍ മേഖലയെയാകെ ദേശവിരുദ്ധ മുദ്ര കുത്താനുള്ള മാസങ്ങള്‍ നീണ്ട പദ്ധതിയാണിതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഡല്‍ഹിയിലെ പരസ്യ ഏജന്‍സിയായ കൈസന്‍ ഇതിനു വേണ്ടി മാസങ്ങളായി വിവിധ മാധ്യമങ്ങളെ സമീപിച്ചതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ സംരക്ഷിക്കാനെന്ന വ്യാജേന കൈസന്‍ ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്താകുറിപ്പുകളാണ് അതിദൂരൂര ഇടപെടലുകളാണെന്ന സംശയം വര്‍ധിപ്പിച്ചത്. പി വി അന്‍വറിന്റെ വിവാദങ്ങള്‍ക്കിടെയാണ് പിആര്‍ ഏജന്‍സിയുടെ വാര്‍ത്താകുറിപ്പുകളെങ്കിലും അതിനു മുമ്പുതന്നെ പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്. കഴിഞ്ഞ ഒരു മാസക്കാലമായി നിരവധി വാര്‍ത്താ കുറിപ്പുകളാണ് കൈസന്‍ വിവിധ ദേശീയ മാധ്യമങ്ങള്‍ക്ക് അയച്ചിട്ടുള്ളത്. ആദ്യഘട്ടത്തില്‍ മോദി-സംഘപരിവാര അനുകൂല മാധ്യമങ്ങള്‍ക്കാണ് നല്‍കിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി തന്നെയാണ് പരസ്യ ഏജന്‍സി മാസങ്ങളായി പദ്ധതി തയ്യാറാക്കിയതെന്ന സംശയം ബലപ്പെടുകയാണ്.
മലപ്പുറം കേന്ദ്രീകരിച്ച് വന്‍ സ്വര്‍ണകള്ളക്കടത്തും ഹവാല ഇടപാടുകളും നടക്കുന്നുണ്ടെന്നും ഇത്തരത്തില്‍ ലഭിക്കുന്ന പണത്തിന്റെ വലിയൊരു ഭാഗം നിരോധിത സംഘടനകളുടെ പ്രവര്‍ത്തനത്തിനും സര്‍ക്കാര്‍ വിരുദ്ധ നീക്കങ്ങള്‍ക്കും വേണ്ടി വിനിയോഗിക്കുന്നുവെന്നുമാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്. ഇതിനു വേണ്ടി കേരളവും യുഎഇയും കേന്ദ്രീകരിച്ച് വന്‍ മാഫിയകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന അതിഗുരുതര ഉള്ളടക്കങ്ങളും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് വേണ്ടിയെന്ന വ്യാജേന അദ്ദേഹം അതുവരെ പറയാത്ത കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുറിപ്പുകളാണ് നല്‍കിയിരുന്നത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും സ്വര്‍ണക്കടത്തുമായി ബന്ധപ്പെടുത്താന്‍ ഗൂഢനീക്കം നടക്കുന്നുണ്ടെന്നും ഇതിനുവേണ്ടി കേന്ദ്ര ഏജന്‍സികള്‍ അന്വേഷണവുമായി എത്തുന്നുണ്ടെന്ന സൂചനകളാണ് വാര്‍ത്താകുറിപ്പുകളില്‍ നല്‍കുന്ന സൂചന. അതേസമയം, ഇത്തരം ഇടപാടുകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനാണ് ശ്രമമെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
നേരത്തേ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രതികരണം നടത്തിയതിലൊന്നും ഉന്നയിക്കാത്ത വാദങ്ങളാണ് ഉപയോഗിച്ചത്. സപ്തംബര്‍ 21ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി കരിപ്പൂര്‍ വിമാനത്താവളം വഴി വരുന്ന സ്വര്‍ണത്തിന്റെയും ഹവാല പണത്തിന്റെയും കണക്കുകള്‍ പറഞ്ഞിരുന്നു. എന്നാല്‍ വാര്‍ത്താകുറിപ്പുകളില്‍ കരിപ്പൂരെന്നല്ല മലപ്പുറമെന്നാണ് രേഖപ്പെടുത്തിയത്. ഇതില്‍നിന്നു തന്നെ മലപ്പുറം ജില്ലയെ ലക്ഷ്യമിട്ടാണ് നീക്കമെന്ന് വ്യക്തമാണ്. കാലങ്ങളായി സംഘപരിവാരം ഉയര്‍ത്തുന്ന വ്യാജവാദങ്ങള്‍ സിപിഎം മുഖ്യമന്ത്രി സ്ഥിരീകരിക്കുന്ന വിധത്തിലാണ് ഇടപെടലുകള്‍. സിപിഎം മുന്‍ എംഎല്‍എയുടെ മകന്‍ സുബ്രഹ്മണ്യനാണ് കൈസന്‍ എന്ന പിആര്‍ സ്ഥാപനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ കുറിപ്പുകള്‍ നല്‍കിയത്.