കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റിലായത് എന്‍ഡിഎ നേതാവ്; അബ്ദുല്ലക്കുട്ടിയുടെ തിരഞ്ഞെടുപ്പ് ചുമതലക്കാരന്‍
മുന്‍പ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ശിഹാബിന് ബിജെപി സംസ്ഥാന നേതാക്കളുമായും അടുത്ത ബന്ധമുണ്ടെന്നാണ് വിവരം.
മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ മഞ്ചേരി പാണ്ടിക്കാട് സ്വദേശി മുഹമ്മദലി ശിഹാബ് എന്‍ഡിഎ ഘടകകക്ഷി സംസ്ഥാന നേതാവും എ പി അബ്ദുല്ലക്കുട്ടിയുടെ തിരഞ്ഞെടുപ്പ് ചുമതലക്കാരനും. എന്‍ഡിഎ ഘടകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറിയാണ് ശിഹാബ്. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റിയംഗമായിരുന്നു. കരിപ്പൂര്‍ കേന്ദ്രീകരിച്ച് നിരവധി തവണ സ്വര്‍ണം കടത്തിയ ശിഹാബ് കുഴല്‍പ്പണ, ക്വട്ടേഷന്‍ സംഘാംഗവുമാണ് എന്നാണ് വിവരം.
എ പി അബ്ദുല്ലക്കുട്ടി മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ മഞ്ചേരിയിലെ യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ശിഹാബ് ആയിരുന്നു. എന്‍ഡിഎയുടെ ജില്ലാ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കേന്ദ്ര നേതാക്കള്‍ക്കൊപ്പം ശിഹാബും വേദിയിലുണ്ടായിരുന്നു. മുന്‍പ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ശിഹാബിന് ബിജെപി സംസ്ഥാന നേതാക്കളുമായും അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. സ്വര്‍ണക്കവര്‍ച്ച, കുഴല്‍പ്പണ ഇടപാടുകളില്‍ പിടിക്കപ്പെടാതിരിക്കാന്‍ ബിജെപി ബന്ധം ഉപയോഗപ്പെടുത്തുകയായിരുന്നു ചെയ്തിരുന്നത്.
2014ല്‍ കൊടുവള്ളി സ്‌റ്റേഷനില്‍ ശിഹാബിനെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആലപ്പുഴ വിസാ തട്ടിപ്പില്‍ ഇയാള്‍ക്ക് പങ്കുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊതുപ്രവര്‍ത്തകനെതിരേ വധഭീഷണി നടത്തിയതിന് പോലിസില്‍ പരാതി നല്‍കിയിരുന്നു.