അരുണാചല്‍ പ്രദേശ്: എംഎല്‍എയും മകനും അടക്കം നിരവധി പേരെ വെടിവച്ചു കൊന്നു

Update: 2019-05-21 15:04 GMT

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ കോന്‍സാ വെസ്്റ്റ് മണ്ഡലത്തിലെ എംഎല്‍എ തിരോങ് അബോഹും മകനും അടക്കം നിരവധി പേരെ സായുധ സംഘം വെടിവച്ചു കൊന്നു. ആക്രമണത്തിനു പിന്നില്‍ നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റ് എന്ന സംഘടനയാണെന്നു സംശയിക്കുന്നതായി പോലിസ് വ്യക്തമാക്കി. തിരാപ് ജില്ലയിലെ ബോഗാപാനി ഗ്രാമത്തിലൂടെ കുടുബംത്തോടും സുഹൃത്തുക്കളോടുമൊപ്പം സഞ്ചരിക്കുകയായിരുന്ന അബോഹിനും സംഘത്തിനും നേര്‍ക്കു രാവിലെ 11.30ഓടെയാണ് ആക്രമണമുണ്ടായത്.

നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി എംഎല്‍എയാണ് തിരോങ് അബോഹ്. ഇദ്ദേഹത്തിന്റെ അംഗരക്ഷകര്‍ക്കു ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റതായി റിപോര്‍ട്ടുകളുണ്ട്. ആക്രമണത്തില്‍ എംഎല്‍എയും മകനുമടക്കം ആറുപേരാണ് കൊല്ലപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ടു ചെയ്തു. എന്നാല്‍ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടതായി കോന്‍സാ വെസ്്റ്റ് ഡപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

അബോഹിന്റെ ജീവനു നേരത്തെ തന്നെ ഭീഷണിയുണ്ടായിരുന്നതായി നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് മുച്ചു മിത്തി പറഞ്ഞു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്നു കേന്ദ്ര അഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനോട് ആവശ്യപ്പെട്ടതായും നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രസിഡന്റും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാങ്മ പറഞ്ഞു. അതേസമയം രാഷ്ട്രീയ പ്രതിയോഗികളാണ് കൂട്ടക്കൊലക്കു പിന്നിലെന്നു അരുണാചല്‍ പ്രദേശ് അഭ്യന്തര മന്ത്രി കുമാര്‍ വൈ ആരോപിച്ചു. 

Tags:    

Similar News