അട്ടപ്പാടി ഏറ്റുമുട്ടല്‍ വ്യാജം; ഭരണകൂട ഭീകരതയെന്നും സിപിഐ
അതേസമയം, സിപി ഐ നേതാക്കളുടെ നിലപാടിനെതിരേ മന്ത്രി എ കെ ബാലന്‍ രംഗത്തെത്തി. സിപി ഐ നേതാക്കളുടെ സന്ദര്‍ശനം തെറ്റായ സന്ദേശം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
പാലക്കാട്: അട്ടപ്പാടി മഞ്ചക്കാടിയില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നു ബോധ്യമായെന്നു സ്ഥലം സന്ദര്‍ശിച്ച സിപിഐ നേതാക്കള്‍. അതീവ ജാഗ്രത നിലനില്‍ക്കുന്നതിനാല്‍ പോലിസ് ഏര്‍പ്പെടുത്തിയ വിലക്ക് അവഗണിച്ചാണ് പാലക്കാട് ജില്ലാ അസി. സെക്രട്ടറി പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലുള്ള സിപിഐ പ്രതിനിധി സംഘം സ്ഥലം സന്ദര്‍ശിച്ചത്. ഭരണകക്ഷിയിലെ പ്രധാന പാര്‍ട്ടിയായ സിപി ഐ നിലപാട് കൂടുതല്‍ കടുപ്പിച്ചതോടെ സര്‍ക്കാരും സിപിഎമ്മും കൂടുതല്‍ വെട്ടിലായി. മഞ്ചക്കാടിയില്‍ നടന്നത് ഭരണകൂട ഭീകരതയാണെന്നും ഊരിലെ ആദിവാസികളുമായി ആശയവിനിമയം നടത്തിയപ്പോള്‍ ഇക്കാര്യം കൂടുതല്‍ ബോധ്യപ്പെട്ടെന്നും നേതാക്കള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം വെള്ളിയാഴ്ച രാവിലെയാണ് അട്ടപ്പാടി മഞ്ചക്കണ്ടി മേഖല സന്ദര്‍ശിച്ചു. നേരത്തേ, സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ മാവോവാദികളെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് പരസ്യവിമര്‍ശനം നടത്തിയിരുന്നു.
എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തണ്ടര്‍ബോള്‍ട്ടിനെയും പോലിസിനെയും പൂര്‍ണമായും പിന്തുണയ്ക്കുകയാണ്. തിരുവനന്തപുരത്ത് നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും ഏറ്റുമുട്ടലിലാണ് മാവോവാദികള്‍ കൊല്ലപ്പെട്ടതെന്ന് ആവര്‍ത്തിച്ചു. ആദ്യം മാവോവാദികളാണ് വെടിവച്ചതെന്ന് പിണറായി യോഗത്തില്‍ വിശദീകരിച്ചതായാണു വിവരം. അതേസമയം, സിപി ഐ നേതാക്കളുടെ നിലപാടിനെതിരേ മന്ത്രി എ കെ ബാലന്‍ രംഗത്തെത്തി. സിപി ഐ നേതാക്കളുടെ സന്ദര്‍ശനം തെറ്റായ സന്ദേശം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ, മാവോവാദികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സിപി ഐയെയും വിമര്‍ശിച്ച് സിപി ഐ(മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റി രംഗത്തെത്തി. മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരേ ജനങ്ങള്‍ രംഗത്തിറങ്ങുന്ന എന്ന തലക്കെട്ടോടെ സിപി ഐ(മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റി വക്താവ് ജോഗിയുടെ പേരിലാണ് പ്രസ്താവന പുറപ്പെടുവിച്ചിട്ടുള്ളത്. ഭവാനി ദളത്തിലെ നാല് ജനകീയ വിമോചന ഗറില്ലാസേന(പിഎല്‍ജിഎ) അംഗങ്ങളെ കൊലപ്പെടുത്തിയതിനെതിരേ മുഴുവന്‍ മനുഷ്യസ്‌നേഹികളും പ്രതിഷേധിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രസ്താവനയില്‍ തണ്ടര്‍ബോള്‍ട്ട് സേനയുടെ വ്യാജ ഏറ്റുമുട്ടലിലൂടെയുള്ള അരുംകൊലകള്‍ അവസാനിപ്പിക്കാനും കൊലയാളികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന ഉദ്യോഗസ്ഥ മേധാവികളെയും ഭരണ-രാഷ്ട്രീയ നേതാക്കളെയും തുറന്നുകാട്ടി അവര്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ബഹുജനങ്ങള്‍ മുന്നോട്ടുവരണമെന്നും ആഹ്വാനം ചെയ്തു. പിണറായി വിജയന്‍ ഭരിക്കുന്ന സോഷ്യല്‍ ഫാഷിസ്റ്റ് ഭരണത്തില്‍ പോലിസ് രാജാണ് നടപ്പാക്കുന്നത്. മാവോവാദി വേട്ടയുടെ കാര്യത്തില്‍ സിപിഎമ്മും ബിജെപിയും ഒരേ തൂവല്‍പക്ഷികളാണ്. ഏറ്റുമുട്ടല്‍ കൊലകളെ ന്യായീകരിക്കുന്നതില്‍ ഇരുവര്‍ക്കും ഒരേ ഭാഷയാണ്. മാവോവാദി വേട്ട തങ്ങളുടെ നയമല്ലെന്ന് പറയുന്ന സിപിഐയുടേത് ഇരട്ടത്താപ്പല്ലെങ്കില്‍ കൊലപാതകം പിണറായി വിജയന്റെ വ്യക്തിഗത താല്‍പര്യപ്രകാരമാണോയെന്ന് വ്യക്തമാക്കണം. പുഴുത്ത് പട്ടികളെപ്പോലെ ജനവിരുദ്ധ ശക്തികളെ ജനം ആട്ടിപ്പായിക്കുന്ന നാളുകള്‍ വിദൂരമല്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.