രാമക്ഷേത്ര ഭൂമി ഇടപാടിലെ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന എഎപി നേതാവിന്റെ വീടിനു നേരെ ബിജെപി ആക്രമണം
ന്യൂഡല്‍ഹി: അയോധ്യയില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിനു വേണ്ടിയുള്ള ഭൂമി ഇടപാടില്‍ കോടികളുടെ തട്ടിപ്പ് നടന്നതിന്റെ തെളിവുകള്‍ പുറത്തുകൊണ്ടുവന്ന ആംഅദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങിന്റെ വീടിനു നേരെ ബിജെപി അനുഭാവികളുടെ ആക്രമണം. കനത്ത സുരക്ഷയുള്ള നോര്‍ത്ത് അവന്യൂ പ്രദേശത്തെ സഞ്ജയ് സിങിന്റെ വീട്ടിനു മുന്നിലെ നെയിംപ്ലേറ്റ് രണ്ടുപേരെത്തി കറുപ്പ് ഛായം പൂശി. സംഭവത്തില്‍ ഇരുവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'എന്റെ വീട് ആക്രമിക്കപ്പെട്ടു. ബിജെപി അനുഭാവികളേ ശ്രദ്ധാപൂര്‍വം കേള്‍ക്കുക, എത്ര അതിക്രമം കാണിച്ചാലും, ഞാന്‍ കൊല്ലപ്പെട്ടാലും ശരി, രാമക്ഷേത്രം നിര്‍മിക്കാനായി സ്വരൂപിച്ച തുക മോഷ്ടിക്കാന്‍ ഞാന്‍ അനുവദിക്കില്ലെന്നും ട്വിറ്ററിലൂടെ സഞ്ജയ് സിങ് വ്യക്തമാക്കി. അതേസമയം, ആരോപണം നിഷേധിച്ച ബിജെപി വക്താവ് പ്രവീണ്‍ ശങ്കര്‍ കപൂര്‍, ഇത് തിരക്കഥയാണെന്നും ആരോപിച്ചു.
'ഇന്നലെ അദ്ദേഹം രാമക്ഷേത്ര നിര്‍മാണത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു. ഇന്ന് അദ്ദേഹം വീടാക്രമിച്ചെന്ന് അവകാശപ്പെടുന്നു. എല്ലാം തിരക്കഥയൊരുക്കിയ നാടകമാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമ ജന്‍മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി ചമ്പത് റായ് അയോധ്യയിലെ ബാഗ് ബിജൈസി ഗ്രാമത്തില്‍ നിന്ന് 1.208 ഹെക്ടര്‍ സ്ഥലം 18.5 കോടി രൂപയ്ക്ക് വാങ്ങിയതില്‍ വന്‍ തട്ടിപ്പ് നടന്നതായി സഞ്ജയ് സിങ് ഇക്കഴിഞ്ഞ ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. മിനുട്ടുകള്‍ക്കു മുമ്പ് 2 കോടി രൂപയ്ക്ക് വാങ്ങിയ സ്ഥലം മറിച്ചു വില്‍പ്പന നടത്തി 16 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു തെളിവുകള്‍ സഹിതം ആരോപിച്ചത്.
വിഷയത്തില്‍ സിബി ഐയോ ഇഡിയോ അന്വേഷിക്കണമെന്നും ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ സഞ്ജയ് സിങ് ആവശ്യപ്പെട്ടിപുന്നു. വീടാക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായും കൂടുതല്‍ അന്വേഷണം നടക്കുന്നതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ന്യൂഡല്‍ഹി) ദീപക് യാദവ് പറഞ്ഞു. ഭൂമി ഇടപാട് വിഷയത്തില്‍ രാമക്ഷേത്ര ട്രസ്റ്റ് ഞായറാഴ്ച രാത്രി കേന്ദ്ര സര്‍ക്കാരിന് വിശദീകരണം നല്‍കിയിരുന്നു.
Ayodhya Land Deal: AAP's Sanjay Singh Claims House ''Attacked'' By BJP Supporters