കൊവിഡ് നിയന്ത്രണങ്ങള്‍ക്കു പുല്ലുവില; അയോധ്യയിലെ ഭൂമി പൂജയ്ക്കു 150 പേര്‍ക്ക് ക്ഷണം
വേദിയില്‍ മോദിയും ആര്‍എസ്എസ് മേധാവിയും ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതിയും
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുതിച്ചുയരുമ്പോഴും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ ഭൂമി പൂജയ്ക്കു ക്ഷണിക്കപ്പെട്ടത് 150 പേരെ. കൊവിഡ് നിയന്ത്രണ ചട്ടപ്രകാരം കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ക്ക് വിലക്ക് നിലനില്‍ക്കെയാണ് ചടങ്ങിലേക്ക് 150 പേരെ ക്ഷണിച്ചുകൊണ്ടുള്ള ക്ഷണക്കത്ത് പുറത്തുവിട്ടത്. വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതിയായിരുന്ന മഹന്ദ് നൃത്യ ഗോപാല്‍ദാസ് എന്നിവരും ഉണ്ടാവുമെന്നാണ് ക്ഷണക്കത്തിലുള്ളത്. കാവി നിറത്തില്‍, രാംലല്ലയുടെ ചിത്രം ഉള്‍പ്പെടുത്തിയാണ് ക്ഷണക്കത്ത് തയ്യാറാക്കിയിട്ടുള്ളത്. രാമക്ഷേത്ര കാംപയിന്‍ തുടങ്ങിവയ്ക്കുകയും ബാബരി മസ്ജിദ് തകര്‍ക്കുന്ന കര്‍സേവയിലേക്ക് എത്തിക്കുകയും ചെയ്ത ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയവരെയും പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. അദ്വാനിയെയും ജോഷിയെയും ആദ്യം ക്ഷണിച്ചിരുന്നില്ലെങ്കിലും പിന്നീട് ഫോണിലൂടെയാണ് ക്ഷണിച്ചതെന്നും റിപോര്‍ട്ടുകളുണ്ട്. എന്നാല്‍, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെയും മറ്റ് അതിഥികളുടെയും സുരക്ഷ പരിഗണിച്ച് ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും എല്ലാവരും പോയിക്കഴിഞ്ഞാല്‍ സ്ഥലം സന്ദര്‍ശിക്കുമെന്നും ഉമാ ഭാരതി വ്യക്തമാക്കി.
ബാബരി മസ്ജിദ് കേസിലെ മുസ് ലിം വ്യവഹാരികളില്‍ പ്രധാനിയായ ഹാഷിം അന്‍സാരിയുടെ മകന്‍ ഇഖ്ബാല്‍ അന്‍സാരിയെയും ചടങ്ങിലേക്ക് ക്ഷണിച്ചതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. രാമക്ഷേത്ര നിര്‍മാണത്തിന്റെ പ്രതീകാത്മ ആരംഭം എന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 40 കിലോ വെള്ളികൊണ്ടുള്ള കല്ല് സ്ഥാപിക്കുമെന്നാണ് റിപോര്‍ട്ടുകള്‍.
1992 ഡിസംബര്‍ ആറിനു സംഘപരിവാര കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്താണ് ബുധനാഴ്ച രാമക്ഷേത്രത്തിനു ഭൂമംിപൂജ നടത്തുന്നത്. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ഭൂമിതര്‍ക്ക കേസില്‍ ഇക്കഴിഞ്ഞ നവംബറിലാണ് സുപ്രിംകോടതി സ്ഥലം രാമക്ഷേത്ര നിര്‍മാണത്തിനു വിട്ടുകൊടുക്കണമെന്ന് ഉത്തരവിട്ടത്. 2.77 ഏക്കര്‍ ഭൂമിക്കു പകരം മുസ് ലിംകള്‍ക്ക് അയോധ്യയിലെ മറ്റൊരു സ്ഥലത്ത് അഞ്ചേക്കര്‍ സ്ഥലം നല്‍കണമെന്ന സുപ്രിം കോടതി ഉത്തരവ് വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു.
അതേസമയം, ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മൊഴിയെടുപ്പ് ലക്‌നോ സിബി ഐ കോടതിയില്‍ പൂര്‍ത്തിയായിരിക്കുകയാണ്. കേസില്‍ പ്രതികളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവരില്‍ നിന്ന് കഴിഞ്ഞ ആഴ്ച മൊഴിയെടുത്തിരുന്നു. ആഗസ്ത് 31നകം വിചാരണ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് സിബിഐ കോടതി എല്ലാദിവസവും കേസ് പരിഗണിച്ചുവരികയാണ്. കേസില്‍ 31 പ്രതികളാണുള്ളത്. ഇതില്‍ അവസാനത്തെ പ്രതിയും ഒളിവിലുള്ളയാളുമായ ഓംപ്രകാശ് പാണ്ഡെയുടേത് ജഡ്ജി പ്രത്യേക കേസാക്കിയിരിക്കുകയാണ്. 16 വര്‍ഷം മുമ്പ് ഓംപ്രകാശ് പാണ്ഡെ സന്ന്യാസം സ്വീകരിച്ചെന്നും പിന്നീട് വീട്ടിലേക്ക് വന്നിട്ടില്ലെന്നുമാണ് കുടുംബം സിബി ഐയെ അറിയിച്ചത്.