ബംഗാള്‍ സംഘര്‍ഷത്തിന്റെ മറവില്‍ കുപ്രചാരണങ്ങളുമായി സംഘപരിവാരം(വീഡിയോ)
മമതയുടെ ജിഹാദികള്‍ ഹിന്ദുക്കളെ കൊല്ലുന്നു, ബംഗാളില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു, സ്ത്രീകളെ കൂട്ടബലാല്‍സംഗം ചെയ്തു
കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ പശ്ചിമബംഗാളില്‍ നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ മറവില്‍ മുസ് ലിം വിദ്വേഷം പടര്‍ത്തുന്ന കുപ്രചാരണങ്ങളുമായി സംഘപരിവാരം രംഗത്ത്. കേരളത്തില്‍ ഉള്‍പ്പെടെ മുസ് ലിം വിരുദ്ധ പ്രചാരണം നടത്തുമ്പോഴും പോലിസിനു മിണ്ടാട്ടമില്ല. അതേസമയം, അക്രമങ്ങളുടെ പേരിലുള്ള കുപ്രചാരണങ്ങളെ ബംഗാള്‍ പോലിസ് വ്യാജമാണെന്നു വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. സംഘര്‍ഷത്തിലെ കുപ്രചാരണങ്ങളെ ആള്‍ട്ട് ന്യൂസ്, ദി ക്വിന്റ് തുടങ്ങിയ ദേശീയ മാധ്യമങ്ങള്‍ പൊളിച്ചടക്കുന്നുണ്ട്. എന്നാല്‍, കേരളത്തിലെ സംഘപരിവാര നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യാജപ്രചാരണം ഏറ്റെടുത്തിരിക്കുകയാണ്. നേതാക്കളെ അടര്‍ത്തിമാറ്റിയും പണമൊഴുക്കിയം ബംഗാള്‍ പിടിക്കാനാവാതെ മമതയ്ക്കു മുന്നില്‍ തോറ്റമ്പിയതോടെയാണ് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള പുതിയ നീക്കം.
ലോകത്ത് എവിടെ സംഘര്‍ഷങ്ങളുണ്ടായാലും മുസ് ലിംകള്‍ക്കെതിരേ വിദ്വേഷപ്രചാരണവുമായി രംഗത്തെത്തുന്നതിലൂടെ കുപ്രസിദ്ധി നേടിയ പ്രതീഷ് വിശ്വനാഥ് മാത്രമല്ല, യുവമോര്‍ച്ചയുടെ ഫേസ് ബുക്ക് പേജില്‍ നിന്നും വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ബംഗാളില്‍ ഇത്തവണ നടന്നതെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ പഴയതും എന്തിന് ബംഗ്ലാദേശില്‍ നടന്ന അക്രമങ്ങളുടെ വരെ ചിത്രങ്ങള്‍ പ്രതീഷ് വിശ്വനാഥിനെ പോലുള്ളവര്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍, സാമൂഹിക മാധ്യമങ്ങളിലൂടെ സത്യാവസ്ഥ ചിലര്‍ പുറത്തുകൊണ്ടുവന്നതോടെ ഇത്തവണ ചിത്രം മാറ്റി മറ്റൊരു ചിത്രം നല്‍കിയിരിക്കുകയാണ്. സരസ്വതി ജനയ്ക്ക് ആദരാഞ്ജലികള്‍ എന്ന തലക്കെട്ടില്‍ ഒരു പെണ്‍കുട്ടിയുടെ ചിത്രം ഉള്‍പ്പെടുത്തിയാണ് ഭാരതീയ യുവമോര്‍ച്ച കേരളം തുടങ്ങിയ എഫ്ബി പേജുകളിലൂടെ കുപ്രചാരണം നടത്തുന്നത്. കഴിഞ്ഞ 48 മണിക്കൂറുകളില്‍ ഈ ഒരു പെണ്‍കുട്ടി മാത്രമല്ല 14 ബിജെപി, സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഹിന്ദുക്കളാണ് മമതയുടെ പാര്‍ട്ടി ഗുണ്ടകളായ ജിഹാദികള്‍ നടത്തിയ ആക്രമണത്തില്‍ അതി ക്രൂരമായി കൊലപ്പെട്ടതെന്ന് കണ്ണൂര്‍ മയ്യിലിലെ സംഘപരിവാര്‍ നേതാവ് ബേബി സുനഗര്‍ നാരായണന്‍ ഫേസ് ബുക്കില്‍ പ്രചരിപ്പിച്ചു. തൃണമൂല്‍ പാര്‍ട്ടി പ്രവര്‍ത്തക വേഷം കെട്ടി നുഴഞ്ഞുകയറിയ രോഹിങ്ക്യകളും ബംഗ്ലാദേശികളുമാണ് എതിര്‍ പാര്‍ട്ടികളിലെ ആളുകളെന്ന വ്യാജേന സ്ത്രീകളെയും കുട്ടികളെയും നടുറോഡില്‍ മാനഭംഗം ചെയ്ത് കൊന്നുകളയുന്നതെന്നും തട്ടിവിടുന്നു. സരസ്വതി ജനയെ കൂട്ടബലാല്‍സംഘം ചെയ്ത് കൊന്നെന്നും പറയുന്നുണ്ട്.
വോട്ടെടുപ്പിനു ശേഷം ബംഗാളില്‍ അക്രമങ്ങള്‍ അരങ്ങേറിയിട്ടുണ്ടെന്നും മമതാ ബാനര്‍ജിക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നതും വസ്തുതയാണ്. എന്നാല്‍, ബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷം പുതുമയുള്ളതോ ഏകപക്ഷീയമോ അല്ലെന്ന് ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ബംഗാളില്‍ വംശഹത്യ നടക്കുന്നു എന്നായിരുന്നു ഒരു പ്രചാരണം. എന്നാല്‍ ഇത് തികച്ചും തെറ്റിദ്ധാരണ പടര്‍ത്തുന്നതും വ്യാജവുമാണ്. നൂറു കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടെന്നും പറയുന്നുണ്ട്. ഇതുവരെ 14 പേര്‍ കൊല്ലപ്പെട്ടു എന്നത് സത്യമാണ്. മറ്റൊരു വീഡിയോയില്‍ ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗീയ ഉള്‍പ്പെടെ പ്രചരിപ്പിച്ചത് തൃണമൂലിന്റെ മുസ് ലിംകളായ ഗുണ്ടകള്‍ ഹിന്ദുക്കളായ സ്ത്രീകളെ കൂട്ടബലാല്‍സംഗം ചെയ്തുവെന്നാണ്. ഒരു വീഡിയോ ഉള്‍പ്പെടെയാണ് ഇത്തരത്തില്‍ പ്രചരിപ്പിച്ചത്. എന്നാല്‍, അക്രമത്തിനിടെ ബലാല്‍സംഗം ചെയ്‌തെന്ന വാര്‍ത്ത വ്യാജമാണെന്ന് ബംഗാള്‍ പോലിസ് ട്വിറ്ററിലൂടെ അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമാണ് ആക്രമണം നടത്തുന്നത് എന്നതും ശരിയല്ലെന്ന് വിവിധ മാധ്യമങ്ങള്‍ തെളിവുകള്‍ സഹിതം ചൂണ്ടിക്കാട്ടുന്നുണ്ട്. സംസ്ഥാന വ്യാപക അക്രമം എന്നാണ് സംഘപരിവാരം പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഏതാനും മേഖലയില്‍ മാത്രമാണു സംഘര്‍ഷമുള്ളത്. ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്ന മിക്ക ഫോട്ടോകളും വീഡിയോകളും പഴയതാണെന്ന് ധ്രുവ് രാതി എന്ന മാധ്യമപ്രവര്‍ത്തകനും പങ്കുവയ്ക്കുന്നു. 2018ല്‍ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ സംഘര്‍ഷത്തിന്റെയും 2019ല്‍ വിദ്യാസാഗര്‍ കോളജിലുണ്ടായ സംഘര്‍ഷത്തിന്റെയും ചിത്രങ്ങള്‍ ഇപ്പോഴത്തേതെന്ന നിലയില്‍ പ്രചരിപ്പിക്കുന്നുണ്ട്. തൃണമൂലുകാര്‍ തോക്കും വാളുമായി തിരഞ്ഞെടുപ്പ് ജയം ആഘോഷിക്കുന്നുവെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്തതും പഴയകാല വീഡിയോയാണ്.
Post result celebration in West Bengal... #KhelaHobe pic.twitter.com/s6nfzRjSno
— Priti Gandhi - प्रीति गांधी (@MrsGandhi) May 4, 2021
ബിജെപി മഹിളാ മോര്‍ച്ച സോഷ്യല്‍ മീഡിയ മാനേജര്‍ പ്രിഥ്വി ഗാന്ധി ഉള്‍പ്പെടെയുള്ള പ്രമുഖരാണ് പതിനായിരങ്ങള്‍ കണ്ട പഴയ വീഡിയോ വീണ്ടും പ്രചരിപ്പിച്ചത്.
ബിജെപിയുടെ ബംഗാള്‍ ഘടകം സെക്രട്ടറി കൈലാഷ് വിജയ വര്‍ഗീയ ഒരു വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് എഴുതിയത് ഇങ്ങനെയാണ്: നന്ദിഗ്രാമിലെ കേന്തമാരി വില്ലേജില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുസ് ലിം ഗുണ്ടകള്‍ ബിജെപി വനിതാ പ്രവര്‍ത്തകരെ ആക്രമിക്കുന്നുവെന്നാണ്.
TMC Muslim Goons are beating BJP Women Workers in kendamari village, Nandigram#Shamemamatabannerjee #ShameTMC pic.twitter.com/V8eireETm6
— Kailash Vijayvargiya (@KailashOnline) May 3, 2021
എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്ന് പോലിസും വെളിപ്പെടുത്തി. രാഷ്ട്രീയ സംഘര്‍ഷമല്ലെന്നും കുടുംബ തര്‍ക്കമാണെന്നും പ്രദേശവാസികള്‍ ദി ക്വിന്റിനോട് പറഞ്ഞു. ബെഗാളിനെ കുറിച്ചുള്ള കള്ളപ്രചാരണങ്ങള്‍ നിര്‍ത്തണമെന്നാണ് തൃണമൂല്‍ നേതാക്കളായ ഡെറിക് ഒബ്രിയാനും മെഹുവ മൊയ്ത്ര എംപിയും ആവശ്യപ്പെടുന്നത്. ബംഗാളിനെ കത്തിക്കാന്‍ രാജ്യവ്യാപകമായി ബിജെപി ഐടി സെല്‍ കള്ളപ്രചാരണം അഴിച്ചുവിടുകയാണെന്നും അത് നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ ഇപ്പോള്‍ ബംഗാള്‍ നഷ്ടപ്പെട്ടത് പോലെ ഇന്ത്യയും നഷ്ടപ്പെടുമെന്നും ബിജെപിയെ മഹുവ മൊയ്ത്ര ഓര്‍മിപ്പിക്കുന്നുണ്ട്.
To @BJP's fake troll army busy disseminating a nationwide fake news campaign on how WB is burning. It is not.
— Mahua Moitra (@MahuaMoitra) May 4, 2021
Stop the lies. It cost you Bengal. Will cost you India next.
സുചേതാ ഡേ, പിയ ചക്രവര്‍ത്തി, ശ്രേയ ചാറ്റര്‍ജി തുടങ്ങിയവര്‍ ബിജെപിയുടെ കുതന്ത്രത്തെ വിമര്‍ശിക്കുന്നുണ്ട്. ഹിന്ദു-മുസ് ലിം രാഷ്ട്രീയം ബംഗാള്‍ ജനത തള്ളിയതാണെന്നും വര്‍ഗീയ സംഘര്‍ഷത്തിനു വേണ്ടി ഇനിയും അത് ഉപയോഗിക്കരുതെന്നുമാണ് ഇവര്‍ പറയുന്നത്. എന്നാല്‍, കേരളത്തില്‍ ഉള്‍പ്പെടെ ബിജെപി ഇന്ന് ബംഗാളിലെ സംഘര്‍ഷത്തിനെതിരേയെന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിക്കുകയാണ്.
Bengal Post-Poll Violence: BJP and Sanghparivar spread fake news for communal violance