മുത്തലാഖ് നിരോധന ബില്ല് രാജ്യസഭയില്‍ പാസായി

ബില്ല് ജൂലൈ 25ന ലോക്‌സഭയില്‍ പാസായെങ്കിലും പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയില്‍ പരാജയപ്പെടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, പ്രതിപക്ഷത്തിന്റെ അനൈക്യം മൂലം 84നെതിരേ 99 വോട്ടിന് ബില്ല് പാസാവുകയായിരുന്നു.

Update: 2019-07-30 13:17 GMT

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് രാജ്യസഭയില്‍ പാസായി. ബില്ല് ജൂലൈ 25ന ലോക്‌സഭയില്‍ പാസായെങ്കിലും പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയില്‍ പരാജയപ്പെടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, പ്രതിപക്ഷത്തിന്റെ അനൈക്യം മൂലം 84നെതിരേ 99 വോട്ടിന് ബില്ല് പാസാവുകയായിരുന്നു. വാക്കിലൂടെയോ രേഖാമൂലമോ ഇലക്ട്രോണിക് മാര്‍ഗത്തിലൂടെയോ ഒറ്റയടിക്ക് മൂന്ന് ത്വലാഖും ചൊല്ലുന്നത് നിയമം മൂലം നിരോധിക്കാനുള്ളതാണ് ബില്ല്.

ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ബില്ല് ലോക്‌സഭയില്‍ പാസായെങ്കിലും രാജ്യസഭയില്‍ പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു. എന്നാല്‍, ഇത്തവണ ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ ബഹളം വച്ചെങ്കിലും വോട്ടെടുപ്പ് വേളയില്‍ ഐക്യമില്ലാത്തത് ഭരണ കക്ഷിക്ക് സഹായകമായി. നിതീഷ് കുമാറിന്റെ ജെഡിയു, എഐഎഡിഎംകെ, ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്രസമിതി എന്നിവയുടെ നിലപാടുകള്‍ ബില്ല് പാസാക്കുന്നതിന് സഹായകരമായി. എഐഎഡിഎംകെയും ജെഡിയുവും സഭയില്‍ നിന്നിറങ്ങിപ്പോയപ്പോള്‍ ടിആര്‍എസ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, എന്‍സിപി പാര്‍ട്ടികളിലെ പലരും വോട്ട് ചെയ്തില്ല.

മുസ്‌ലിം പുരുഷന്മാര്‍ക്കെതിരേ പോലിസ് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ള ബില്ലിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ബില്ല് രാഷ്ട്രീയപ്രേരിതമാണെന്നും സുപ്രിം കോടതി നിയമത്തിനെതിരാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. സിവില്‍ വിഷയം ക്രിമിനല്‍ വിഷയമാക്കുന്നതാണ് മുത്തലാഖ് നിരോധന ബില്ല്.

ഏകസിവില്‍ കോഡ് നടപ്പാക്കുക എന്ന ആര്‍എസ്എസ് ആശയത്തിലേക്കുള്ള ആദ്യ ചുവട് വയ്പ്പാണ് മുത്തലാഖ് ബില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. 

Tags:    

Similar News