ബെംഗളൂരു: കൈക്കൂലി കേസില്‍ കര്‍ണാടകയിലെ ബിജെപി എംഎല്‍എ മാദല്‍ വിരൂപാക്ഷപ്പയെ അറസ്റ്റ് ചെയ്തു. കര്‍ണാടക ഹൈക്കോടതി ഇടക്കാല ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. കര്‍ണാടക സോപ്‌സ് ആന്റ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡുമായി ബന്ധപ്പെട്ട കേസിലാണ് കര്‍ണാടക ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിക്ക് രാസവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനുള്ള കരാര്‍ അനുവദിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതും സ്വീകരിച്ചതുമാണ് കേസ്. തുടര്‍ന്ന് ലോകായുക്ത നടത്തിയ റെയ്ഡില്‍ 8.23 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയിരുന്നു. കേസില്‍ ചന്നഗിരി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് കെ നടരാജന്‍ തള്ളിയിരുന്നു. കെഎസ്ഡിഎല്‍ ചെയര്‍മാനായിരുന്ന വിരൂപാക്ഷപ്പയുടെ മകന്‍ കെഎഎസ് ഉദ്യോഗസ്ഥനായ പ്രശാന്ത് മദല്‍ മുഖേന കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. ഒരു ബില്‍ പാസാക്കാന്‍ 81 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും അതില്‍ 40 ലക്ഷം രൂപ വാങ്ങുന്നതിനിടയില്‍ മകന്‍ ഓഫിസില്‍ പിടിക്കപ്പെടുകയും ചെയ്തു. പിന്നീട് വിരൂപാക്ഷപ്പയുടെ വസതിയില്‍ നിന്ന് 7 കോടി രൂപ പിടിച്ചെടുത്തിരുന്നു.