ഫലസ്തീന്‍ ചെറുത്തുനില്‍പ്പിനെ ഭീകരവല്‍ക്കരിച്ച് നിരോധിക്കാന്‍ ബ്രിട്ടീഷ് നീക്കം: ശക്തമായി പ്രതിഷേധിച്ച് ഹമാസ്
ഫലസ്തീന്‍ ജനതയ്‌ക്കെതിരായ തങ്ങളുടെ ചരിത്ര പരമായ തെറ്റ് തിരുത്തുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്യുന്നതിന് പകരം അധിനിവേശത്തിനെതിരായ ചെറുത്തു നില്‍പ്പിനെ ഭീകരതയാക്കി ചിത്രികരിക്കാനാണ് ബ്രിട്ടന്‍ ശ്രമിക്കുന്നതെന്ന് ഹമാസ് ഇതിനോട് പ്രതികരിച്ചു
ലണ്ടന്‍: സിയോണിസ്റ്റ് അധിനിവേശത്തിനെതിരേ ചെറുത്തു നില്‍ക്കുന്ന ഫലസ്തീന്‍ സംഘടനകളെ ഭീകരവല്‍ക്കരിച്ച് നിരോധിക്കാനുള്ള ബ്രിട്ടീഷ് നീക്കത്തിനെതിരേ ഹമാസ്. സംഘടനയെ രാജ്യത്തു പൂര്‍ണ്ണമായി നിരോധിക്കാനുള്ള ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ നീക്കത്തിനെതിരേയാണ് ശക്തമായ പ്രതിഷേധമറിയിച്ചു കൊണ്ട് ഹമാസ് രംഗത്ത് വന്നിരിക്കുന്നത്. ഹമാസിനെ ഭീകരവാദ സംഘടനയാക്കി പ്രഖ്യാപിച്ച് നിരോധനം കൊണ്ടുവരാനാണ് നീക്കം. ഹമാസിനെ പിന്തുണക്കുകയോ സഹായിക്കുകയോ ചെയ്യുന്നവര്‍ക്ക് 14 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന തരത്തിലുള്ള നിയമ നിര്‍മ്മാണം നടത്താനാണ് ബ്രിട്ടന്‍ ഒരുങ്ങുന്നത്.
പാര്‍ലമെന്റില്‍ അടുത്ത ആഴ്ച വിഷയം ചര്‍ച്ചയ്ക്ക് കൊണ്ടുവന്ന പാസാക്കുമെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയും ഇന്ത്യന്‍ വംശജയുമായ പ്രീതി പട്ടേല്‍ പറഞ്ഞു. വാഷിങ്ടണ്‍ ഡിസിയില്‍ സന്ദര്‍ശിനത്തിനെത്തിയ അവര്‍ ഇന്ന് മാധ്യമങ്ങളുടെ മുന്നിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. ഹമാസിന്റെ രാഷ്ട്രീയ വിഭാഗത്തെയും സൈനിക വിഭാഗത്തെയും വെവ്വേറെ കാണാനാകില്ല എന്നാണ് പ്രീതി പട്ടേല്‍ പ്രസ്താവിച്ചത്. എന്നാല്‍ ഫലസ്തീന്‍ ജനതയ്‌ക്കെതിരായ തങ്ങളുടെ ചരിത്ര പരമായ തെറ്റ് തിരുത്തുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്യുന്നതിന് പകരം അധിനിവേശത്തിനെതിരായ ചെറുത്തു നില്‍പ്പിനെ ഭീകരതയാക്കി ചിത്രികരിക്കാനാണ് ബ്രിട്ടന്‍ ശ്രമിക്കുന്നതെന്ന് ഹമാസ് ഇതിനോട് പ്രതികരിച്ചു. ബാല്‍ ഫര്‍ പ്രഖ്യാപനവും ബ്രിട്ടീഷ് മാന്‍ഡേറ്റും മെല്ലാം ഇരകളുടെ ചെലവില്‍ സയണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് അന്യായമായി ഫലസ്തീന്‍ ഭൂമി പതിച്ചു നല്‍കാനാണ് ബ്രിട്ടന്‍ ഉപയോഗപ്പെടുത്തിയതെന്നും ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. അധിനിവേശത്തെ ലഭ്യമായ മുഴുവന്‍ ഉപാധികളും ഉപയോഗിച്ച് ചെറുത്ത് നില്‍ക്കുക എന്നത് അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥ അംഗീകരിച്ച കാര്യമാണ്.
അതാണ് ഫലസ്തീന്‍ ജനത ചെയ്തുകൊണ്ടിരിക്കുന്നത്. പതിനായിരക്കണക്കിന് ഫലസ്തീനികളെ ആട്ടിയോടിക്കുകയും നിരവധി വീടുകള്‍ തകര്‍ക്കുകയും ചെയ്തത് ഇസ്രായേലാണ്. ഗസചീന്തിലടക്കം ജൂത സൈന്യം നിരന്തരമായ ഉപരോധം കൊണ്ടുവന്ന് ജനങ്ങളെ ദുരിതത്തിലാക്കുന്നു. ഭൂമി കവര്‍ന്നെടുത്ത് ജൂത ഭവനങ്ങള്‍ നിര്‍മ്മിക്കുന്നു. ഇതൊക്കെയാണ് യഥാര്‍ഥ ഭീകരത. ഹമാസ് ഓര്‍മ്മപ്പെടുത്തി. രഹസ്യാന്വേഷണ ഏജന്‍സികളുടെയും മറ്റും വിപുലമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹമാസിനെതിരേ നടപടി സ്വീകരിക്കാനൊരുങ്ങുന്നതെന്നാണ് പ്രീതി പട്ടേല്‍ പറയുന്നത്.
അടിസ്ഥാനപരമായി കടുത്ത സെമിറഅറിക് വിരോധികളാണ് ഹമാസ് എന്നാണ് മനസ്സിലാകുന്നത്. പട്ടേല്‍ പറയുന്നു. ജൂത സമൂഹത്തിന്റെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ബ്രിട്ടീഷ് നടപടിയെന്നും അവര്‍ പറഞ്ഞു. 2017 ല്‍ ഇസ്രായേലില്‍ സ്വകാര്യ സന്ദര്‍ശനം നടത്തിയ പ്രിതി പട്ടേല്‍ ഇസ്രായേല്‍ അനുകൂല നിലപാട് സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് ഇതിനെ തുടര്‍ന്ന് ബ്രിട്ടന്റെ അന്താരാഷ്ട്ര വികസന കാര്യ സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കേണ്ടിയും വന്നു. ഹസയില്‍ ഇസ്രായേല്‍ അധിനിവേശത്തിനെതിരെ പൊരുതുന്ന ഹമാസിന്റെ സൈനിക ദളമായ 'ഇസ്സുദ്ദീന്‍ അല്‍ ഖസാം' ബ്രിഗേഡിനെ 2001ല്‍ ബ്രിട്ടന്‍ നിരോധിച്ചിരുന്നു.
2000ത്തില്‍ കൊണ്ടുവന്ന ഭീകരവിരുദ്ധ നിയമപ്രകാരമായിരുന്നു നിരോധനം. ഈ നിരോധനം ഹമാസിന്റെ രാഷ്ട്രീയ വിഭാഗത്തിനെതിരേ ഉണ്ടായിരുന്നില്ല. ഹമാസിനെയും ഫലസ്തീനിനെയും അനുകൂലിച്ച് ടീഷര്‍ട്ട് ധരിച്ചത്തിന് ഈയിടെ ബ്രിട്ടീഷ് പൗരനെ ലണ്ടന്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.