'ബുള്‍ഡോസര്‍ നീതി' പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല: സുപ്രിംകോടതി

കൂടാതെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി പുതിയ മാര്‍ഗനിര്‍ദേശങ്ങളും കോടതി ഇറക്കി.

Update: 2024-11-10 02:58 GMT

ന്യൂഡല്‍ഹി: ബുള്‍ഡോസര്‍ നീതി പരിഷ്‌കൃത സമൂഹങ്ങളില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്ന് സുപ്രിംകോടതി. അഴിമതി ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയെന്ന കേസിലാണ് നിര്‍ണായക നിരീക്ഷണം. മാധ്യമപ്രവര്‍ത്തകനായ മനോജ് തിബ്രവാല്‍ ആകാശിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധിയിലാണ് നിര്‍ണായകമായ നിരീക്ഷണങ്ങളുള്ളത്.

ഉത്തര്‍പ്രദേശിലെ മഹാരാജ് ഗഞ്ചിലെ മനോജ് തിബ്രവാലിന്റെ കുടുംബവീടാണ് 2019ല്‍ ദേശീയപാത വികസനത്തിനെന്ന പേരില്‍ പൊളിച്ചത്. റോഡ് പദ്ധതിയില്‍ 185 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന വാര്‍ത്ത നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ബുള്‍ഡോസര്‍ കൊണ്ടുവന്ന് വീട് തകര്‍ത്തത്. വീട് തകര്‍ക്കുന്നതിന് മുമ്പ് ഡ്രമ്മുകളുമായി അധികൃതര്‍ കൊട്ടുംപാട്ടും നടത്തി ആളെ കൂട്ടുകയും ചെയ്തു. എട്ടു മീറ്റര്‍ സ്ഥലം ഈ വീട്ടുടമ കൈയ്യേറിയെന്നാണ് അധികൃതര്‍ പ്രഖ്യാപിച്ചത്.

ഈ നടപടികളെല്ലാം തികഞ്ഞ അധികാര ദുര്‍വിനിയോഗമാണെന്ന് ഉത്തരവില്‍ സുപ്രിംകോടതി ചൂണ്ടിക്കാട്ടി. '' സര്‍ക്കാരിലെ ഏതെങ്കിലും വകുപ്പുകള്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അതീവ ഗുരുതരമായ വിഷയമാണ്. പൗരന്‍മാരുടെ സ്വത്തുകള്‍ ഇത്തരത്തില്‍ നശിപ്പിക്കാന്‍ അവസരമുണ്ടാവുന്നത് ബാഹ്യതാല്‍പര്യങ്ങളാല്‍ പ്രചോദിതമായ പ്രതികാര നടപടികള്‍ക്കും കാരണമാവും.''-വിരമിക്കുന്നതിന് മുമ്പ് ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തയ്യാറാക്കിയ വിധി പറയുന്നു.

വീടോ സ്വത്തോ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പൗരന്‍മാരുടെ ശബ്ദത്തെ ഇല്ലാതാക്കാനാവില്ലെന്നും കോടതി പറഞ്ഞു. ''ഒരു മനുഷ്യന്റെ സുരക്ഷയുടെ അടിത്തറ അയാളുടെ വീടാണ്. ലളിതമായി പറഞ്ഞാല്‍ ബുള്‍ഡോസര്‍ നീതി ഒരുകാരണവശാലും അംഗീകരിക്കാനാവില്ല. അത് അംഗീകരിക്കുകയാണെങ്കില്‍ സ്വത്തവകാശം സംബന്ധിച്ച ഭരണഘടനയുടെ 300ാം അനുഛേദം കടലാസില്‍ ഒതുങ്ങും. അനധികൃത കൈയേറ്റം തടയാന്‍ നിരവധി നിയമങ്ങളുണ്ട്. അവയാണ് സര്‍ക്കാര്‍ ഉപയോഗിക്കേണ്ടത്. ബുള്‍ഡോസര്‍ ഉപയോഗം നിയമവാഴ്ച്ചക്ക് എതിരാണ്.'' -കോടതി ചൂണ്ടിക്കാട്ടി.

മനോജ് തിബ്രവാലിന്റെ വീട് തകര്‍ത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ സിവില്‍-ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു. ഒരുമാസത്തിനകം നടപടി സ്വീകരിച്ച് റിപോര്‍ട്ട് നല്‍കണം. മഹാരാജ് ഗഞ്ച് പ്രദേശത്തെ ബുള്‍ഡോസര്‍ ഉപയോഗിച്ച മറ്റു സംഭവങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും നിര്‍ദേശമുണ്ട്.

കൂടാതെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി പുതിയ മാര്‍ഗനിര്‍ദേശങ്ങളും കോടതി ഇറക്കി. അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിന് മുമ്പ് അധികൃതര്‍ നിലവിലെ ഭൂരേഖകളും ഭൂപടങ്ങളും പരിശോധിക്കണമെന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ പറയുന്നു. അതിന് ശേഷം ശരിയായ സര്‍വ്വെ നടത്തി കൈയേറ്റം നടന്നെന്ന് ഉറപ്പിക്കണം. മൂന്നുതരത്തിലുള്ള നോട്ടീസുകള്‍ നല്‍കണം. നോട്ടീസ് ലഭിക്കുന്നവരുടെ എതിരഭിപ്രായങ്ങള്‍ പരിഗണിക്കണം. കൈയേറ്റമുണ്ടെങ്കില്‍ സ്ഥലം സ്വമേധയാ വിട്ടുനല്‍കാന്‍ അവര്‍ക്ക് മതിയായ സമയം നല്‍കണം. ഇനി കൂടുതല്‍ സ്ഥലം അധികൃതര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ പണം നല്‍കി വാങ്ങുകയും ചെയ്യാമെന്ന് കോടതി നിര്‍ദേശിച്ചു.

Tags:    

Similar News