സ്വീഡനില്‍ വിശുദ്ധ ഖുര്‍ആന്‍ കത്തിച്ച സംഭവം; കടുത്ത പ്രതിഷേധം രേഖപ്പെടുത്തി മുസ്‌ലിം ലോകം
സ്വീഡനില്‍ ചില തീവ്രവാദികള്‍ വിശുദ്ധ ഖുര്‍ആനെ കരുതിക്കൂട്ടി അപകീര്‍ത്തിപ്പെടുത്തിയതിനെയും മുസ്‌ലിംകള്‍ക്കെതിരായ പ്രകോപനങ്ങളെയും അക്രമപ്രേരണകളെയും സൗദി അറേബ്യ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
റിയാദ്: സ്വീഡനില്‍ തീവ്ര വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടി നേതാവ് വിശുദ്ധ ഖുര്‍ആന്‍ പകര്‍പ്പുകള്‍ പൊതുനിരത്തില്‍ അഗ്‌നിക്കിരയാക്കുകയും കൂടുതല്‍ മുസ്ഹഫ് പകര്‍പ്പുകള്‍ കത്തിക്കാനുള്ള പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തതില്‍ മുസ്‌ലിം ലോകത്ത് കടുത്ത പ്രതിഷേധം പുകയുന്നു. സ്വീഡനില്‍ ചില തീവ്രവാദികള്‍ വിശുദ്ധ ഖുര്‍ആനെ കരുതിക്കൂട്ടി അപകീര്‍ത്തിപ്പെടുത്തിയതിനെയും മുസ്‌ലിംകള്‍ക്കെതിരായ പ്രകോപനങ്ങളെയും അക്രമപ്രേരണകളെയും സൗദി അറേബ്യ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
സംവാദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങള്‍ പ്രചരിപ്പിക്കാനും വിദ്വേഷം, തീവ്രവാദം, ബഹിഷ്‌കരണം എന്നിവ നിരാകരിക്കാനും മുഴുവന്‍ മതങ്ങള്‍ക്കും വിശുദ്ധ ഗ്രന്ഥങ്ങള്‍ക്കുമെതിരായ അപകീര്‍ത്തികള്‍ തടയാനും ശ്രമം ഊര്‍ജിതമാക്കേണ്ടത് ഏറെ പ്രധാനമാണെന്നും സൗദി വിദേശ മന്ത്രാലയം പറഞ്ഞു. ഖുര്‍ആന്‍ന്റെ പകര്‍പ്പുകള്‍ കത്തിക്കുമെന്ന് പ്രഖ്യാപിച്ച ഡാനിഷ്- സ്വീഡിഷ് പൗരനായ റാസ്മസ് പലൂദാന്റെ നേതൃത്വത്തിലുള്ള കുടിയേറ്റ വിരുദ്ധ, ഇസ്‌ലാം വിരുദ്ധ പ്രസ്ഥാനത്തിന്റെ റാലിക്കിടെ തെക്കന്‍ സ്വീഡന്‍ കടുത്ത അക്രമത്തിന് സാക്ഷ്യം വഹിച്ചുവെന്നത് ഗൗരവതരമാണെന്നും സൗദി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ഖത്തറും ഇറാഖും മറ്റു മുസ്‌ലിം രാജ്യങ്ങളും സംഭവത്തെ രൂക്ഷമായ ഭാഷയില്‍ അപലപിച്ചു. മുസ്‌ലിം വേള്‍ഡ് ലീഗും അപലപിച്ചു. വിദ്വേഷം ഇളക്കിവിടുന്ന പ്രവര്‍ത്തനങ്ങളും മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതും അത്യന്തം അപകടകരമാണ്. ഇത് സമൂഹത്തില്‍ ശത്രുതയും ചേരിതിരിവും ശക്തമാക്കും. ഇത് സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങളെയും അതിന്റെ മാനുഷിക ആശയങ്ങളെയും വ്രണപ്പെടുത്തുകയും ചെയ്യും. ഇത്തരം പ്രവൃത്തികള്‍ എതിര്‍ തീവ്രവാദത്തിന്റെ അജണ്ടകള്‍ക്ക് മാത്രമാണ് പ്രയോജനം ചെയ്യുക.
തീവ്രവാദത്തിനു മുന്നില്‍ വഴിയടക്കാന്‍, സ്വീഡനിലും ലോകത്തെങ്ങുമുള്ള മുസ്‌ലിംകള്‍ കാര്യങ്ങള്‍ വിവേകത്തോടെ കൈകാര്യം ചെയ്യണമെന്ന ഉന്നതമായ ഇസ്‌ലാമിക സമീപനം പാലിക്കണമെന്ന് മുസ്‌ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറലും മുസിം സ്‌കോളേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ ശൈഖ് ഡോ. മുഹമ്മദ് അല്‍ഈസ ആവശ്യപ്പെട്ടു. സ്ട്രാം കുര്‍സ് പാര്‍ട്ടിയുടെ നേതാവ് റാസ്മസ് പലൂദാനാണ് കഴിഞ്ഞ ദിവസം ഖുര്‍ആന്‍ പകര്‍പ്പ് പരസ്യമായി കത്തിച്ചത്. പോലിസിനൊപ്പമെത്തിയാണ് തെക്കന്‍ ലിങ്കോംപ്പിങ് മേഖലയില്‍ വച്ച് പലൂദാന്‍ വിശുദ്ധ ഖുര്‍ആന്‍ പകര്‍പ്പ് നിലത്തിട്ട് കത്തിച്ചത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണിത്.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് പ്രതിഷേധം ശക്തമായിട്ടുണ്ട്. ഖുര്‍ആന്‍ കത്തിക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ അവിടെ നിന്നിരുന്നവര്‍ വംശീയ വിദ്വേഷമുള്ള പലൂദാനെ തടയാന്‍ പോലിസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. നോര്‍കോപ്പിങ്, ലിങ്കോംപ്പിങ് നഗരങ്ങളില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. സംഭവത്തില്‍ 26 പേരെയെങ്കിലും അറസ്റ്റ് ചെയ്തതായി സ്വീഡന്‍ പോലിസ് അറിയിച്ചു. നോര്‍കോപ്പിങ്ങില്‍ 150ഓളം വരുന്ന പ്രതിഷേധക്കാര്‍ പോലിസിനുനേരേ കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ഗതാഗതതം തടസ്സപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നു പോലിസ് നിരവധി മുന്നറിയിപ്പുകള്‍ നല്‍കിയശേഷം വെടിയുതിര്‍ത്തു.
വെടിവയ്പ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുണ്ട്. അക്രമസംഭവങ്ങളില്‍ 26 പോലിസ് ഉദ്യോഗസ്ഥര്‍ക്കും 14 സാധാരണക്കാര്‍ക്കും പരിക്കേറ്റതായി പോലിസ് അറിയിച്ചു. സമാനമായ മുസ്‌ലി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തീവ്ര വലതുപക്ഷ വംശീയ ഗ്രൂപ്പുകള്‍ നടത്തിയിട്ടുണ്ട്. സമാന സംഭവമുണ്ടായതിനെത്തുടര്‍ന്ന് 2020 സപ്തംബറില്‍ പലൂദാനെ സ്വീഡന്‍, ജര്‍മനി എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നതിന് രണ്ടുവര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
പോലിസിന്റെ ഒത്താശയോടെ പലൂദാന്‍ ഇസ്‌ലാമോഫോബിക് മുസ്‌ലിം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി സ്വീഡനില്‍ ചെയ്യാറുണ്ടെന്ന് പാര്‍ട്ടി ഓഫ് ഡിഫറന്റ് കളേഴ്‌സ് സ്ഥാപകന്‍ മിക്കൈല്‍ യുക്‌സല്‍ പറഞ്ഞു. മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളും പള്ളികള്‍ക്ക് സമീപമുള്ള സ്ഥലങ്ങളുമാണ് പലൂദാന്‍ തിരഞ്ഞെടുക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.