'കുറ്റാരോപണത്തിന്റെ പേരില്‍ വീട് പൊളിക്കാനാവില്ല'; കുറ്റക്കാരനായാലും പൊളിക്കാനാവില്ലെന്ന് സുപ്രിംകോടതി
ബുള്‍ഡോസര്‍രാജിനെതിരായ ഹരജിയിലാണ് വാക്കാല്‍ നിര്‍ദേശം
ന്യൂഡല്‍ഹി: കുറ്റാരോപിതരായ വ്യക്തികളുടെ വീടുകള്‍ ശിക്ഷാ നടപടിയെന്ന നിലയില്‍ പൊളിച്ചുനീക്കുന്ന ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രിംകോടതി. കുറ്റാരോപിതനായതുകൊണ്ട് മാത്രം എങ്ങനെ വീട് പൊളിക്കുമെന്നും കുറ്റക്കാരനായാലും അത് പൊളിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ 'ബുള്‍ഡോസര്‍ രാജ്' നടപടികളെ ചോദ്യം ചെയ്ത് നല്‍കിയ ഒരു കൂട്ടം ഹരജികള്‍ പരിഗണിച്ചാണ് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം. ഇതുസംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ രൂപപ്പെടുത്താന്‍ കോടതിക്ക് പരിഗണിക്കാവുന്ന കരട് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും കക്ഷികളോട് ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളിലും കുറ്റാരോപിതരുടെ വീടുകള്‍ പൊളിച്ചുനീക്കുന്നതില്‍ സുപ്രിംകോടതി ആശങ്ക പ്രകടിപ്പിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ മുതിര്‍ന്ന അഭിഭാഷകന്‍ നചികേത ജോഷിക്ക് സമര്‍പ്പിക്കണം. അവ ക്രോഡീകരിച്ച് കോടതിയില്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യാടിസ്ഥാനത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ നമുക്ക് ശ്രമിക്കാംമെന്നും ബെഞ്ച് നിരീക്ഷിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം വിഷയം വീണ്ടും പരിഗണിക്കും. അനധികൃത നിര്‍മാണങ്ങള്‍ കോടതി സംരക്ഷിക്കില്ലെന്നും എന്നാല്‍, ചില മാര്‍ഗനിര്‍ദേശങ്ങള്‍ ആവശ്യമാണെന്നും ജസ്റ്റിസ് ഗവായ് അദ്ദേഹം പറഞ്ഞു. 'എന്തുകൊണ്ടാണ് ചില മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാത്തത്?. ഇത് എല്ലാ സംസ്ഥാനങ്ങളിലും വേണം. ഇത്് കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് വിശ്വനാഥന്‍ പറഞ്ഞു. ഒരു നിര്‍മ്മാണം അനധികൃതമാണെങ്കിലും 'നിയമപ്രകാര'മുള്ള നടപടിക്രമം അനുസരിച്ച് മാത്രമേ പൊളിക്കാമെന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞു.
ഒരു വ്യക്തി ഒരു കുറ്റകൃത്യത്തിന്റെ ഭാഗമാണെന്ന് ആരോപിക്കപ്പെടുന്നതിനാല്‍ വീട് പൊളിക്കുന്നതിന് കാരണമാകില്ലെന്ന് യുപി സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ നിന്ന് സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാണെന്ന് ഉത്തര്‍പ്രദേശിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. 'ഉടമയോ താമസക്കാരനോ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ സ്ഥാവര വസ്തുക്കളൊന്നും പൊളിക്കാനാവില്ലെന്നാണ് സത്യവാങ്മൂലത്തില്‍ അറിയിച്ചത്. യുപി സര്‍ക്കാരിനെതിരേ സമര്‍പ്പിച്ച ഹരജിയില്‍ പരാമര്‍ശിച്ച കേസുകളില്‍ നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും അവര്‍ പ്രതികരിക്കാത്തതിനാല്‍ മുനിസിപ്പല്‍ നിയമങ്ങളിലെ നടപടിക്രമങ്ങള്‍ പാലിച്ചാണ് അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കിയതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
2022 ഏപ്രിലിലെ കലാപത്തിന് തൊട്ടുപിന്നാലെ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ നിരവധി ആളുകളുടെ വീടുകള്‍ കലാപത്തിന് പ്രേരിപ്പിച്ചെന്നാരോപിച്ച് തകര്‍ത്തതായി ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകന്‍ ചന്ദര്‍ ഉദയ് സിങ് ഉദയ്പൂരില്‍ നിന്നുള്ള ഒരു കേസ് ഉദ്ധരിച്ചു. വാടകക്കാരന്റെ മകന്‍ കുറ്റാരോപിതനായതിനാല്‍ ഒരു വ്യക്തിയുടെ വീട് തകര്‍ത്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ നല്‍കിയ അപേക്ഷയും കോടതി അനുവദിച്ചു. ഫെഡറേഷനെ പ്രതിനിധീകരിച്ച് അഭിഭാഷകരായ നിസാം പാഷ, രശ്മി സിങ് എന്നിവരാണ് ഹാജരായത്. ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ 2022 ഏപ്രിലില്‍ നടപ്പാക്കിയ ബുള്‍ഡോസര്‍രാജുമായി ബന്ധപ്പെട്ട് 2022ല്‍ ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് നടപടി സ്റ്റേ ചെയ്തു. ശിക്ഷയായി ബുള്‍ഡോസര്‍ നടപടികള്‍ പാടില്ലെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു. രാജ്യസഭാ മുന്‍ എംപിയും സിപിഎം നേതാവുമായ ബൃന്ദ കാരാട്ടും ഹരജി നല്‍കിയിരുന്നു. ഏപ്രിലില്‍ ശോഭാ യാത്രാ ഘോഷയാത്രയ്ക്കിടെയുണ്ടായ കലാപത്തെത്തുടര്‍ന്ന് നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ ജഹാംഗീര്‍പുരി പ്രദേശത്ത് ബുള്‍ഡോസര്‍ രാജ് നടപ്പാക്കിയതിനെതിരേയാണ് ബൃന്ദാകാരാട്ട് ഹരജി നല്‍കിയത്. 2023 സപ്തംബറില്‍ കേസ് പരിഗണിച്ചപ്പോള്‍, ചില ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ കുറ്റകൃത്യങ്ങളില്‍ ആരോപിക്കപ്പെടുന്ന ആളുകളുടെ വീടുകള്‍ പൊളിക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെ വര്‍ധിച്ചുവരുന്ന പ്രവണതയെക്കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. വീട് എന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും പൊളിച്ച വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ കോടതി ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.