71.2 ശതമാനവും നിരക്ഷരര്‍, ഭൂരഹിതര്‍ 48.05 ശതമാനം, തൊഴിലില്ലായ്മയും രൂക്ഷം; യുപിയിലെ മുസ്‌ലിംകളുടെ ദയനീയാവസ്ഥ തുറന്നുകാട്ടി പഠന റിപോര്‍ട്ട്

സര്‍ക്കാര്‍ ജോലികളിലും സംസ്ഥാനത്തെ നിയമസഭാ, പാര്‍ലമെന്റ് പോലുള്ള തിരഞ്ഞെടുക്കപ്പെട്ട ബോഡികളിലും മുസ്‌ലിംകളുടെ പ്രാതിനിധ്യം കുറവായതാണ് ഈ അവസ്ഥയ്ക്ക് ഒരു പ്രധാന കാരണം. തങ്ങളുടെ ആശങ്കകള്‍ പ്രകടിപ്പിക്കുന്നതിനും പുരോഗതിക്കായി സര്‍ക്കാര്‍ നയങ്ങള്‍ രൂപീകരിക്കുന്നതിലും അധികാര കേന്ദ്രങ്ങളിലെ പങ്കാളിത്തമില്ലായ്മ വിലങ്ങുതടിയാവുന്നു.

Update: 2022-01-12 07:13 GMT

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ മുസ്‌ലിംകളുടെ അവസ്ഥ വളരെ ദയനീയം. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് പോളിസി ആന്റ് പ്രാക്ടീസ് (സിഡിപിപി) 2022 ജനുവരി 9ന് 'ഉത്തര്‍പ്രദേശിലെ മുസ്‌ലിംകളുടെ വികസനം- നയപരമായ പ്രത്യാഘാതങ്ങള്‍' എന്ന വിഷയത്തില്‍ പുറത്തിറക്കിയ പ്രബന്ധത്തിലാണ് മുസ്‌ലിംകള്‍ എല്ലാ മേഖലയിലും ഏറെ പിന്നാക്കത്തിലാണെന്ന് വ്യക്തമാക്കുന്നത്. 2011 ലെ സെന്‍സസ് സര്‍വേ പ്രകാരം യുപിയിലെ മൊത്തം ജനസംഖ്യയുടെ 19.26 ശതമാനവും മുസ്‌ലിംകളാണ്.

എന്നാല്‍, വിദ്യാഭ്യാസം, സാമ്പത്തികം, തൊഴില്‍, ഭവനം, ഭൂവുടമസ്ഥത, വായ്പാ ലഭ്യത, മറ്റ് വികസന സൂചകങ്ങള്‍ തുടങ്ങിയ സോഷ്യോ റിലീജിയസ് (എസ്ആര്‍സി) കാറ്റഗറികളില്‍ ഏറെ പിന്നിലാണ്. വിദ്യാഭ്യാസ രംഗത്ത് ദേശീയ ശരാശരിയായ 58.3 ശതമാനത്തെ അപേക്ഷിച്ച് 15 വയസ്സിന് മുകളിലുള്ള മുസ്‌ലിംകളില്‍ 71.2 ശതമാനവും നിരക്ഷരരാണെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, 16.8 ശതമാനം മുസ്‌ലിംകള്‍ക്ക് മാത്രമേ ആറ് മുതല്‍ എട്ടുവരെ ക്ലാസ് വിദ്യാഭ്യാസമുള്ളൂ. യുപിയിലെ മുസ്‌ലിംകളില്‍ 4.4 ശതമാനം പേര്‍ക്ക് മാത്രമാണ് സര്‍വകലാശാല ബിരുദമുള്ളത്.

മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ തൊഴിലില്ലായ്മയും രൂക്ഷമാണ്. മുസ്‌ലിംകളും ഹിന്ദുക്കളുമായുള്ള തൊഴിലില്ലായ്മ താരതമ്യം ചെയ്താന്‍ വലിയ അന്തരമുണ്ടെന്ന് കാണാന്‍ കഴിയും. മുസ്‌ലിംകളില്‍ 36.5 ശതമാനം പേര്‍ കാര്‍ഷിക മേഖലയിലും 26.2 ശതമാനം ഉല്‍പ്പാദനമേഖലയിലും 10.3 ശതമാനം നിര്‍മാണരംഗത്തും 27 ശതമാനം സേവനമേഖലയിലുമാണ് ജോലിചെയ്യുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ മുസ്‌ലിംകളുടെ പ്രാതിനിധ്യത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. 65.48 ശതമാനം വരുന്ന മുസ്‌ലിം ഇതര ഒബിസി ജാതികളെ അപേക്ഷിച്ച് സര്‍ക്കാര്‍ ജോലികളില്‍ മുസ്‌ലിംകളുടെ പ്രാതിനിധ്യം 10.08 ശതമാനം മാത്രമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ക്ലാസ് എ- 5.76%, ക്ലാസ് ബി- 3.98%, ക്ലാസ് സി- 1.73%, ക്ലാസ് ഡി- 5.75% എന്നിങ്ങനെയാണ് സര്‍ക്കാര്‍ ജോലികളിലെ മുസ്‌ലിംകളുടെ ക്ലാസ് തിരിച്ചുള്ള കണക്ക്.

അതേസമയം, സര്‍ക്കാര്‍ ജോലികളില്‍ എ, ബി, സി, ഡി ക്ലാസുകളിലായി മുസ്‌ലിം ഇതര ഒബിസി വിഭാഗങ്ങളുടെ പ്രാതിനിധ്യം യഥാക്രമം 80.92%, 82.83%, 82.55%, 73.55% എന്നിങ്ങനെയാണ്. ഭൂവുടമസ്ഥതയുടെ കാര്യത്തിലും മുസ്‌ലിംകള്‍ ഏറെ പിന്നാക്കമാണ്. സിഡിപിപിയുടെ പഠനം അനുസരിച്ച് യുപിയിലെ മുസ്‌ലിംകളില്‍ 48.05 ശതമാനം പേരും ഭൂരഹിതരാണ്. അതേസമയം, യുപിയിലെ ഹിന്ദുക്കളില്‍ 25.83 ശതമാനത്തില്‍ താഴെ മാത്രമാണ് ഭൂരഹിതര്‍. 59.47 ശതമാനം ഹിന്ദുക്കളെ അപേക്ഷിച്ച് ഏകദേശം 83.4 ശതമാനം മുസ്‌ലിംകള്‍ക്കാണ് ഒരേക്കറില്‍ താഴെ ഭൂമിയുള്ളത്. മറുവശത്ത് 0.80 ശതമാനം മുസ്‌ലിംകള്‍ക്ക് മാത്രമാണ് 7.5 മുതല്‍ 10 ഏക്കറിനിടയില്‍ ഭൂമിയുള്ളത്. എന്നാല്‍, യുപിയിലെ ഹിന്ദു സമുദായത്തില്‍പ്പെട്ട 1.87 ശതമാനം പേര്‍ക്ക് 10 ഏക്കറിലധികം ഭൂമി സ്വന്തമായുണ്ടെന്നാണ് കണക്കുകള്‍.

സവര്‍ണജാതി ഹിന്ദുക്കളെ അപേക്ഷിച്ച് മുസ്‌ലിംകള്‍ക്ക് മരണത്തിന്റെ ശരാശരി പ്രായം 6 വര്‍ഷം കുറവാണെന്ന് റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. സ്വാതന്ത്ര്യാനന്തരം ഉത്തര്‍പ്രദേശിലുണ്ടായ വികസനത്തിന്റെ ഫലങ്ങള്‍ പരിശോധിച്ചാല്‍ മുസ്‌ലിംകള്‍ക്ക് മറ്റ് സാമൂഹിക വിഭാഗങ്ങളുമായി തുല്യമായി പങ്കുചേരാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പഠനം വിലയിരുത്തുന്നത്. സര്‍ക്കാര്‍ ജോലികളിലും സംസ്ഥാനത്തെ നിയമസഭാ, പാര്‍ലമെന്റ് പോലുള്ള തിരഞ്ഞെടുക്കപ്പെട്ട ബോഡികളിലും മുസ്‌ലിംകളുടെ പ്രാതിനിധ്യം കുറവായതാണ് ഈ അവസ്ഥയ്ക്ക് ഒരു പ്രധാന കാരണം. തങ്ങളുടെ ആശങ്കകള്‍ പ്രകടിപ്പിക്കുന്നതിനും പുരോഗതിക്കായി സര്‍ക്കാര്‍ നയങ്ങള്‍ രൂപീകരിക്കുന്നതിലും അധികാര കേന്ദ്രങ്ങളിലെ പങ്കാളിത്തമില്ലായ്മ വിലങ്ങുതടിയാവുന്നു.

ഉന്നതസാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ മുസ്‌ലിം യുവാക്കളുടെ അപര്യാപ്തത അവരുടെ തൊഴിലവസരങ്ങളെയും പ്രതികൂലമായി ബാധിച്ചു- റിപോര്‍ട്ട് പറയുന്നു. മുസ്‌ലിംകളുടെ മോശം അവസ്ഥയെക്കുറിച്ചുള്ള പഠനങ്ങളെ അടിസ്ഥാനമാക്കി 76 പേജുള്ള റിപോര്‍ട്ടാണ് സിഡിപിപി തയ്യാറാക്കിയത്. മുസ്‌ലിംകളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ അനുകൂലമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് റിപോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്. 'മുസ്‌ലിംസ് ഇന്‍ ഉത്തര്‍പ്രദേശ്' എന്ന പേരില്‍ വിശദമായ ഒരു പുസ്തകം പിന്നീട് പുറത്തിറക്കാനും സിഡിപിപി പദ്ധതിയിടുന്നുണ്ട്.

എന്തുകൊണ്ടാണ് മുസ്‌ലിംകളുടെ വളര്‍ച്ചാ നിരക്ക് മനപ്പൂര്‍വം കുറച്ചതെന്ന് വര്‍ഷങ്ങളായി സംസ്ഥാനം ഭരിക്കുന്ന എസ്പി, ബിഎസ്പി, ബിജെപി എന്നിവര്‍ ഉത്തരം പറയണമെന്ന് റിപോര്‍ട്ടിലെ കണ്ടെത്തലുകളെ ഉദ്ധരിച്ച് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസി ആവശ്യപ്പെട്ടു. ഒരു ഭരണത്തിന്‍ കീഴിലും മുസ്‌ലിംകള്‍ക്ക് ഉന്നമനമുണ്ടായിട്ടില്ല. പകരം യുപി ഭരിക്കുന്ന വിവിധ സര്‍ക്കാരുകള്‍ മുസ്‌ലിംകളെ ചൂഷണം ചെയ്തുവെന്നതിന്റെ അനുഭവപരമായ തെളിവാണ് ഈ റിപോര്‍ട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News