കോഴിക്കോട്: എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപാരികളുടെ പ്രതിഷേധം. ഇതേത്തുടര്‍ന്ന് വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കട തുറക്കാനെത്തിയ വ്യാപാരികളും പോലിസും തമ്മില്‍ സംഘര്‍ഷമുണ്ടായി. കോഴിക്കോട് കോര്‍പറേഷന്‍ സി കാറ്റഗറിയില്‍ പെട്ടതിനാല്‍ ഇന്ന് കടകള്‍ തുറക്കരുതെന്ന് ആരോഗ്യവകുപ്പും പോലിസും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചും എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് വ്യാപാരികള്‍ പ്ലക്കാര്‍ഡുകളുമേന്തി കടകള്‍ തുറന്ന് പ്രതിഷേധിക്കാനെത്തിയത്. വിവരമറിഞ്ഞെത്തിയ പോലിസ് വ്യാപാരികളെ അറസ്റ്റ് ചെയ്ത് വാഹനത്തിലേക്കു നീക്കി. ഇതിനിടെ, പോലിസും വ്യാപാരികളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുമതി നല്‍കുന്നതു വരെ സമരം തുടരുമെന്നും വ്യാപാരികള്‍ വ്യക്തമാക്കി.വ്യാപാരികള്‍ക്ക് അനുകൂലമായി യുവജന സംഘടനകളും പ്രതിഷേധവുമായെത്തി.
വരുംദിവസങ്ങളില്‍ പ്രതിഷേധം ശക്തിപ്പെടുത്താനാണ് വ്യാപാരികളുടെ തീരുമാനം. കഴിഞ്ഞ ദിവസം പ്രതിഷേധ സൂചകമായി വ്യാപാരികള്‍ ഒരുദിവസത്തെ പണിമുടക്ക് നടത്തിയിരുന്നു. സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും വ്യാപാരികള്‍ക്ക് അനുകൂലമായ നടപടിയുണ്ടാവാത്തതില്‍ പ്രതിഷേധിച്ചാണ് പ്രത്യക്ഷ സമരം നടത്താന്‍ തീരുമാനിച്ചത്. അതേസമയം, വ്യാപാരികള്‍ പ്രകോപനപരമായ നിലപാട് സ്വീകരിക്കരുതെന്നും ചര്‍ച്ചയിലൂടെ വിഷയം പരിഹരിക്കാമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വ്യാപാരികളുമായി ജില്ലാ കലക്ടര്‍ ഉടന്‍ സംസാരിക്കുമെന്നും മന്ത്രി അറിയിച്ചു. വിഷയം ഗൗരവത്തോടെ പരിഗണിക്കണമെന്ന് ടി സിദ്ദിഖ് എംഎല്‍എ ആവശ്യപ്പെട്ടു.
Clash between traders and police at Kozhikode Mitayitheruv