ഏറ്റവും വലിയ ബാങ്ക് വായ്പാ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തു വിട്ട് കോബ്ര പോസ്റ്റ്; ബിജെപി 20 കോടി വാങ്ങിയെന്നും ആരോപണം
പൊതു മേഖല ബാങ്കുകളില്‍ നിന്നടക്കം വിവിധ ബാങ്കുകളില്‍ നിന്നായി കടലാസ് കമ്പനികളുടെ പേരില്‍ ഭവന വായ്പാ കമ്പനിയായ ദിവാന്‍ ഹൗസിങ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ 31000 കോടി രൂപ തട്ടിയെന്നാണു ആരോപണം
ന്യൂഡല്‍ഹി: 31,000 കോടിയുടെ സാമ്പത്തിക തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തു വിട്ട് പ്രമുഖ ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ കോബ്ര പോസ്റ്റ്. ഭവന വായ്പാ കമ്പനിയായ ദിവാന്‍ ഹൗസിങ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഡിഎച്ച്എഫ്എല്‍) നടത്തിയ ഈ തട്ടിപ്പ് രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് വായ്പാ തട്ടിപ്പാണെന്നു എഡിറ്റര്‍ അനിരുദ്ധ് ബാഹലിന്റെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പൊതു മേഖല ബാങ്കുകളില്‍ നിന്നടക്കം വിവിധ ബാങ്കുകളില്‍ നിന്നായി കടലാസ് കമ്പനികളുടെ പേരില്‍ ഡിഎച്ച്എഫ്എല്ലിന്റെ പ്രൊമോട്ടര്‍മാര്‍ 31000 കോടി രൂപ തട്ടിയെടുക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ചേരി വികസനത്തിനെന്ന പേരില്‍ എസ്ബിഐ മാത്രം 11,500 കോടി വായ്പ നല്‍കി. ഒരു ഈടും ഇല്ലാതെയാണ് വായ്പ നല്‍കിയത്. ബാങ്ക് ഓഫ് ബറോഡ നല്‍കിയത് 5000 കോടി വായ്പയാണ്. തട്ടിയ പണത്തില്‍ നിന്നും ബിജെപിക്ക് 20 കോടി സംഭാവന നല്‍കി. തട്ടിപ്പു നടത്തിയ കടലാസ് കമ്പനികളുടെ പേരില്‍ തന്നെ പണം വിദേശത്തേക്ക് കടത്തിയെന്നും സംഘം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.