രാഹുല്‍ ഗാന്ധിക്കെതിരായ ഇഡി അന്വേഷണം; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാഹുല്‍ ഗാന്ധി എംപി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നില്‍ ഹാജരാവാനിരിക്കെ രാജ്യവ്യാപകപ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. തിങ്കളാഴ്ച രാജ്യത്തെ 25 ഓളം ഇഡി ഓഫിസുകള്‍ക്ക് മുന്നില്‍ ശക്തിപ്രകടനം നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി കോണ്‍ഗ്രസിനെതിരേ കള്ളക്കേസുണ്ടാക്കുകയാണെന്നും ഏജന്‍സികളെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെന്നും ആരോപിച്ചാണ് പ്രതിഷേധം. രാഹുല്‍ ഗാന്ധിക്കൊപ്പം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും തിങ്കളാഴ്ച ഡല്‍ഹിയിലെ ഇഡി ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് മാണിക്കം ടാഗോര്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കള്ളക്കേസില്‍ കുടുക്കാന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണെന്ന് ടാഗോര്‍ ആരോപിച്ചു. പ്രതിപക്ഷ ശബ്ദം ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അതിനായി ഇഡിയെയും സിബിഐയെയും ഉപയോഗിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയുള്ള കേസ് വ്യാജവും അടിസ്ഥാനരഹിതവുമാണ്.
സമന്‍സുകള്‍ ബിജെപിയുടെ പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. രാജ്യത്തുടനീളമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളുടെ വീടുകള്‍ റെയ്ഡ് ചെയ്യപ്പെടുകയും അവര്‍ക്കെതിരേ നടപടി എടുക്കുകയും ചെയ്യുന്നു. ബിജെപിയുടെ ഈ സ്വേച്ഛാധിപത്യ മനോഭാവത്തിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധിക്കുമെന്നും ടാഗോര്‍ പറഞ്ഞു. നാഷനല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധമുള്ള കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് രാഹുലിന് ഇഡി നോട്ടീസ് നല്‍കിയത്.
തിങ്കളാഴ്ച രാഹുല്‍ ഗാന്ധി ഇഡിക്ക് മുന്നില്‍ ഹാജരാവുമെന്നാണ് റിപോര്‍ട്ടുകള്‍. കേസില്‍ ഇഡിക്കു മുന്നില്‍ ഹാജരാവണമെന്നാവശ്യപ്പെട്ട് സോണിയാ ഗാന്ധിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. സോണിയ ഗാന്ധി ജൂണ്‍ 23ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാവും. കൊവിഡ് ബാധയെത്തുടര്‍ന്ന് സോണിയാ ഗാന്ധിക്ക് നേരത്തെ ഹാജരാവാന്‍ കഴിഞ്ഞിരുന്നില്ല. 2013ല്‍ ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി നല്‍കിയ പരാതി പരിഗണിച്ചാണ് കോണ്‍ഗ്രസ് പിന്തുണയുള്ള, ജവഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ച നാഷനല്‍ ഹെറാള്‍ഡ് ദിനപത്രത്തിനെതിരേ ഇഡി കേസെടുത്തത്. കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പവന്‍ ബന്‍സാല്‍ എന്നിവരെയും ഇഡി അടുത്തിടെ ചോദ്യം ചെയ്തിരുന്നു.