ഡല്‍ഹി കലാപക്കേസ്: കുറ്റകൃത്യത്തിന് തെളിവില്ല, സാക്ഷിമൊഴികളില്‍ വൈരുദ്ധ്യം; പ്രതിചേര്‍ക്കപ്പെട്ട നാലുപേരെ കോടതി വെറുതെവിട്ടു
ന്യൂഡല്‍ഹി: 2020ലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാലുപേരെ കോടതി വെറുതെ വിട്ടു. ഡല്‍ഹി പോലിസ് ചുമത്തിയ എല്ലാ കുറ്റങ്ങളില്‍നിന്നും ഇവരെ ഡല്‍ഹി കോടതി കുറ്റവിമുക്തരാക്കി. മുഹമ്മദ് ഷാനവാസ്, മുഹമ്മദ് ഷൊഐബ്, ഷാരൂഖ്, റാഷിദ് എന്നിവരെയാണ് സംശയത്തിന്റെ ആനുകൂല്യം നല്‍കി അഡീഷനല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമാചല വെറുതെവിട്ടത്. 1860ലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143, 147, 148, 149, 454, 435, 436 എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ഡല്‍ഹി പോലിസ് ചുമത്തിയിരുന്നത്.
ഡല്‍ഹി കലാപത്തിനിടെ ഒരു കടയ്ക്കും കാരവാല്‍ നഗര്‍ സ്വദേശിയായ രവിശങ്കറിന്റെ വാഹനത്തിനും തീയിട്ട ആള്‍ക്കൂട്ടത്തില്‍ പ്രതികളെ കണ്ടെന്ന് പറയുന്ന പ്രോസിക്യൂഷന്‍ സാക്ഷിയായ കോണ്‍സ്റ്റബിളിന്റെ ഏക മൊഴി പ്രതികളെ ശിക്ഷിക്കുന്നതിന് മതിയാവില്ലെന്ന് ജഡ്ജി നിരീക്ഷിച്ചു. കേസിലെ സാക്ഷിയായ കോണ്‍സ്റ്റബിള്‍ പറയുന്നത് കട കത്തിക്കുന്ന സംഭവം നടന്നത് അര്‍ധരാത്രിക്ക് ശേഷമാണെന്നാണ്. എന്നാല്‍, ഹെഡ് കോണ്‍സ്റ്റബിള്‍ പറയുന്ന സംഭവം നടക്കുന്നത് ഏകദേശം ഉച്ചയ്ക്ക് രണ്ടുമണിയെന്നാണ്. ഈ രണ്ട് സാക്ഷികളുടെയും മൊഴികളില്‍ കാര്യമായ വ്യത്യാസമുണ്ട്. ആ സ്ഥലത്ത് ഒത്തുകൂടിയ ആളുകളുടെ എണ്ണത്തിലും വൈരുധ്യമുണ്ട്- ജഡ്ജി പറഞ്ഞു.
2020 ഫെബ്രുവരി 26 ന് തന്റെ കടയുടെ ഷട്ടറും അതിനുള്ളില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടതായാണ് ശങ്കര്‍ പരാതിയില്‍ ആരോപിച്ചിരുന്നത്. ശീതളപാനീയങ്ങള്‍ വിതരണം ചെയ്യാനുള്ള തന്റെ വാഹനവും കത്തിനശിച്ച നിലയിലാണെന്നും അദ്ദേഹം ആരോപിച്ചു. ജോഹ്രിപൂര്‍ ശിവ് വിഹാര്‍ റോഡിലെ ചമന്‍ പാര്‍ക്കിന് സമീപം ജനക്കൂട്ടം തടിച്ചുകൂടി തീയിട്ടെന്ന് ആരോപിക്കുന്ന കേസിലെ രണ്ട് പ്രാഥമിക സാക്ഷികള്‍ കോണ്‍സ്റ്റബിളും ഹെഡ് കോണ്‍സ്റ്റബിളുമാണ്. കുറ്റാരോപിതരായവര്‍ ആ ജനക്കൂട്ടത്തിന്റെ ഭാഗമാണോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യമെന്ന് കോടതി പറഞ്ഞു.
ഹെഡ് കോണ്‍സ്റ്റബിളിന്റെ മൊഴിയെടുക്കുമ്പോള്‍, കോണ്‍സ്റ്റബിളിനൊപ്പം ഡ്യൂട്ടിയിലുണ്ടെന്ന് ഉറപ്പുനല്‍കിയെങ്കിലും കോടതിക്ക് മുമ്പാകെയുള്ള എല്ലാ പ്രതികളെയും തിരിച്ചറിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. ഇതേ സാക്ഷിയെ മറ്റൊരു കേസിലും വിസ്തരിച്ചെന്നും കലാപകാരികളെന്ന് ആരോപിക്കുന്ന ആരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. ഹെഡ് കോണ്‍സ്റ്റബിള്‍ തനിക്ക് ഓര്‍മക്കുറവുണ്ടെന്നും അതിനുള്ള മരുന്ന് കഴിക്കുന്നുണ്ടെന്നുമാണ് പിന്നീട് കോടതിയില്‍ ഹരജി നല്‍കിയത്.
എതിര്‍വാദം നടത്തിയപ്പോള്‍ ഓര്‍മക്കുറവ് മൂലമാണ് പ്രതിചേര്‍ക്കപ്പെട്ട നാലുപേരെ കൃത്യമായി തിരിച്ചറിയാന്‍ കഴിയാതെ പോയതെന്നാണ് ഇയാള്‍ പറയുന്നത്. അവശേഷിക്കുന്ന സാക്ഷിയായ കോണ്‍സ്റ്റബിളിനെ കുറ്റാരോപിതര്‍ക്കെതിരേ സാക്ഷി പറയുന്നതിനായി പറഞ്ഞ് പഠിപ്പിച്ച് കൊണ്ടുവന്നതാണ്. ആള്‍ക്കൂട്ടത്തിലെ ചിലരെ തനിക്ക് അറിയാമെന്ന് മാത്രമാണ് സാക്ഷി പറഞ്ഞത്. എന്നാല്‍, കുറ്റാരോപിതര്‍ എന്തെങ്കിലും ചെയ്തു എന്നതിനെക്കുറിച്ച് മൊഴിയില്‍ പറഞ്ഞിട്ടില്ലെന്നും ജഡ്ജി പറഞ്ഞു.
മേല്‍പ്പറഞ്ഞ നിരീക്ഷണങ്ങളും കണ്ടെത്തലുകളും കണക്കിലെടുക്കുമ്പോള്‍ ഈ കേസില്‍ പ്രതികള്‍ക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍, നാല് പ്രതികളെയും എല്ലാ കുറ്റങ്ങളില്‍ നിന്നും മോചിപ്പിക്കുകയാണെന്നും കോടതി വിധിച്ചു. അഭിഭാഷകരായ സലിം മാലിക്, ഇസഡ് ബാബര്‍ ചൗഹാന്‍ എന്നിവരാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായത്. പബ്ലിക് പ്രോസിക്യൂട്ടര്‍ നിതിന്‍ റായ് ശര്‍മയാണ് പോലിസിന് വേണ്ടി ഹാജരായത്.