പ്ലീസ്, കൊവിഡ് രോഗികളെ ചികില്‍സിക്കാന്‍ വരൂ; ഐസിയുവില്‍ നിന്ന് യാചിച്ച് ഡോക്ടറുടെ വീഡിയോ

ശിവാജി നഗറിലെ എച്ച്ബിഎസ് ആശുപത്രിയിലെ ഐസിയുവില്‍ നിന്ന് ഡോ. താഹാ മതീന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെടുന്ന വികാരനിര്‍ഭരമായ രംഗങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

Update: 2020-07-06 06:39 GMT

ബെംഗളൂരു: നാടെങ്ങും കൊവിഡ് ഭീതി നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുമ്പോള്‍ ഇന്ത്യയിലെ മഹാനഗരങ്ങളിലെ ആശുപത്രികളിലെ അവസ്ഥകള്‍ പോലും ദയനീയമാണെന്ന വാര്‍ത്തകളാണു നിരന്തരം പുറത്തുവരുന്നത്. ഏറ്റവുമൊടുവില്‍ ബെംഗളൂരുവില്‍നിന്ന് കൊവിഡ് രോഗികളെ ചികില്‍സിക്കാന്‍ ഡോക്ടര്‍മാര്‍ മുന്നോട്ടുവരണമെന്നഭ്യര്‍ഥിച്ച് ഐസിയുവില്‍ നിന്ന് ഒരു ഡോക്ടര്‍ പങ്കുവച്ച വീഡിയോ ആരുടെയും ഉള്ളലയ്ക്കുന്നതാണ്. ശിവാജി നഗറിലെ എച്ച്ബിഎസ് ആശുപത്രിയിലെ ഐസിയുവില്‍ നിന്ന് ഡോ. താഹാ മതീന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെടുന്ന വികാരനിര്‍ഭരമായ രംഗങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ആശുപത്രിയില്‍ എല്ലാവിധ സൗകര്യങ്ങളുമുണ്ടായിട്ടും ചികില്‍സിക്കാന്‍ മതിയായ ഡോക്ടര്‍മാരില്ലാത്തതിനാല്‍ അടിയന്തരമായി കുറച്ചു ഡോക്ടര്‍മാരും നഴ്‌സുമാരും ആശുപത്രിയിലെത്തണമെന്നാണ് ഡോ. താഹാ മതീന്‍ വീഡിയോയിലൂടെ ആവശ്യപ്പെടുന്നത്. തനിക്കുചുറ്റും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്ന രോഗികളെ ചൂണ്ടിക്കാട്ടി, ഇവര്‍ നിങ്ങളിലാരുടെയെങ്കിലും ഉമ്മയോ സഹോദരനോ പിതാവോ ഒക്കെയാവാമെന്നാണ് ഡോ. താഹാ മതീന്‍ പറയുന്നത്.

 ഡോ. താഹാ മതീന്റെ വീഡിയോ സന്ദേശം:

''ഐസിയുവില്‍നിന്നാണ് ഞാന്‍ സംസാരിക്കുന്നത്. രാവിലെ 7.30ന് ജോലിക്കു കയറിയതാണ്. ഇപ്പോള്‍ അര്‍ധരാത്രിയായി. രോഗികളുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ഫോണ്‍ കോളുകള്‍ വരുന്നു. പിതാവിന് ശ്വാസമെടുക്കാനാവുന്നില്ല, സഹോദരന് ശ്വാസം കിട്ടുന്നില്ല എന്നൊക്കെ പറഞ്ഞാണ് വിളിക്കുന്നത്. ചികില്‍സിക്കാന്‍ മുറിയില്ലെന്നും ചിലര്‍ പരാതിപ്പെടുന്നു. ഞാനും ഡോ. ശിവയും മാത്രമാണ് ഇവിടെയുള്ളത്. മറ്റൊരാളും ജോലി ചെയ്യാനില്ല. ഇവിടെ ആവശ്യത്തിന് കിടക്കകളുണ്ട്, ഓക്‌സിജന്‍ ബെഡുണ്ട്, വെന്റിലേറ്ററുണ്ട്...എല്ലാം ഉണ്ട്. ഇതുപോലെ തന്നെ 30 ബെഡ് വേറെയുമുണ്ട്. പക്ഷേ, ആവശ്യത്തിന് ഡോക്ടര്‍മാരാണ് ഇല്ലാത്തത്. ഞാന്‍ വാട്ട്‌സ്ആപ്പില്‍ പലരെയും കണ്ടിരുന്നു. നിങ്ങളുടെ ഒരുദിവസത്തില്‍ ആറു മണിക്കൂര്‍ മാത്രമാണ് ഞാന്‍ ചോദിക്കുന്നത്. പ്ലീസ്, ഇന്റെ ഉള്ളില്‍തൊട്ടുള്ള അപേക്ഷയായി കാണണം. ഇപ്പോഴാണ് നാം ചികില്‍സിക്കേണ്ടത്. ചിലപ്പോള്‍ പട്ടാളക്കാരാവും മുന്നണിയില്‍. മറ്റു ചിലപ്പോള്‍ അഗ്‌നിരക്ഷാ സേനയോ പോലിസോ ആയിരിക്കും മുന്നില്‍നിന്ന് നയിക്കുന്നത്. എന്റെ സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാരേ... ഇപ്പോള്‍ നമ്മളാണ് മുന്നണിയില്‍ നയിക്കേണ്ടത്. മനുഷ്യ സമൂഹത്തിനുവേണ്ടിയാണ് നമ്മുടെ ചികില്‍സയെന്ന് ഓര്‍ക്കൂ. നമ്മള്‍ എത്രകാലം ജീവിക്കും എന്നതല്ല വിഷയം. ദൈവത്തിനുവേണ്ടി ഈ നിമിഷം നമുക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാം...'' ഡോ. താഹ മതീന്‍ കൈകൂപ്പിയാണ് വിഡിയോയില്‍ യാചിക്കുന്നത്. കൊവിഡ് രോഗികളെ ചികില്‍സിക്കാന്‍ വിദ്യാസമ്പന്നരായ ഡോക്ടര്‍മാര്‍ പോലും മടിച്ചുനില്‍ക്കുമ്പോള്‍ ഒരു ഡോക്ടറുടെ നിസ്സഹായമായ നിലവിളിക്കപ്പുറം മനുഷ്യത്വത്തിനു വേണ്ടിയുള്ള നിലവിളി കൂടിയാണ് ഡോ. താഹാ മതീനിലൂടെ നാം കാണുന്നത്. ബെംഗളൂരു നഗരത്തില്‍മാത്രം കൊവിഡ് ബാധിച്ച് ഇതുവരെ 145 പേരാണ് മരിച്ചത്. ഇന്നലെ മാത്രം മരണപ്പെട്ടവരുടെ എണ്ണം 16 ആണ്.





Tags:    

Similar News